തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ ഇന്നത്തെ വിധത്തിൽ കുത്തുപാള എടുപ്പിച്ചതിൽ എല്ലാവർക്കും പങ്കുണ്ടെന്ന ആരോപണം നേരത്തെ നിലനിൽക്കുന്നുണ്ട്. ജീവനക്കാർ മുതൽ മാനേജ്‌മെന്റ് തലത്തിൽ ഉള്ളവർ വരെ ഇതിന് ഉത്തരവാദികളാണ്. എന്തായാലും ഇപ്പോൾ കെ സ്വിഫ്റ്റ് വഴി കോർപ്പറേഷനെ കരകയറ്റുമ്പോൾ തന്നെ കെ.എസ്.ആർ.ടി.സിയിൽ നഷ്ടം കുറയ്ക്കാനുള്ള വഴികളും തേടുകയാണ് മാനേജ്‌മെന്റ്. അതിന്റെ ഭാഗമായി പുതിയ നയങ്ങളുമായാണ് കോർപ്പറേഷൻ മുന്നോട്ടു പോകുന്നത്.

കെ.എസ്.ആർ.ടി.സി.യിൽ അധികബാധ്യതകൾ വരുത്തുന്ന സ്ഥിരനിയമനങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശം. 5098 സ്ഥിരനിയമനങ്ങളാണ് ഒഴിവാക്കുന്നത്. വിരമിക്കുന്ന ജീവനക്കാർക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകൾ നൽകുകയും അതിലേക്ക് കരാർ നിയമനങ്ങൾ തുടരുകയും ചെയ്യും. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയെ രക്ഷപെടുത്തൽ ചിലവു കുറച്ചു കൊണ്ടാണെന്ന് സർക്കാറിനും ബോധ്യമായിട്ടുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്.

ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. അഞ്ചുവർഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആർ.ടി.സി.യിൽ വെട്ടിക്കുറച്ചത്.

ഇപ്പോഴുള്ള 3776 ബസുകൾ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയിൽ പരീക്ഷണത്തിലുള്ള സിംഗിൾ ഡ്യൂട്ടിയിൽ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തിൽ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.

2022 മേയിലെ കണക്കുകൾ പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി. ഈ പരിഷ്‌കരണംകൂടി വരുമ്പോൾ പിണറായിസർക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകൾ 13,090 ആവും. 2016-ൽ ഇടത് സർക്കാർ അധികാരത്തിൽവരുമ്പോൾ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനൽ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടർന്ന് എം പാനൽ ജീവനക്കാരെ ഒഴിവാക്കി. ശേഷം ഡ്യൂട്ടിക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരംതസ്തികകൾ കുറച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കുന്ന പുതിയ ഡ്യൂട്ടിസംവിധാനത്തോട് ജീവനക്കാർക്ക് ശക്തമായ എതിർപ്പുണ്ട്. നിലവിലെ ഒന്നരഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് സിംഗിൾഡ്യൂട്ടിയിൽ ആറുദിവസം 10 മുതൽ 12 മണിക്കൂർവരെ ജോലി ചെയ്യേണ്ടിവരുമെന്നതിനാലാണിത്.

എന്നാൽ, അധികഡ്യൂട്ടിക്ക് പ്രത്യേകവേതനം ലഭിക്കും. 2400 ഓർഡിനറി ബസുകൾ സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റിയാൽ ജീവനക്കാരുടെ എണ്ണംകൂട്ടാതെ മാസം 25 കോടി രൂപ അധികം നേടാമെന്നും മാനേജ്‌മെന്റ് കണക്കാക്കുന്നു. ശുപാർശ തൊഴിലാളിസംഘടനകൾ അംഗീകരിച്ചിട്ടില്ല.

പ്രൊഫ. സുശീൽഖന്ന പാക്കേജിലെ ഈ സുപ്രധാന നിർദ്ദേശം സാമ്പത്തികപ്രതിസന്ധി മറികടക്കാൻ തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാർ സാമ്പത്തികസഹായമില്ലാതെ ശമ്പളംനൽകാൻ കഴിയാത്ത സ്ഥിതിയിൽ നിൽക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ യൂണിയനുകളെ സമ്മതിപ്പിച്ച് ഡ്യൂട്ടി പരിഷ്‌കരിക്കാനാണ് നീക്കം.

സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാവായിരുന്ന കെ.എസ്.ആർ.ടി.സി.യിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. വർഷംതോറും 900-1000 പേർ വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളെല്ലാം ഇല്ലാതാകുകയാണ്. ആറുവർഷത്തിനിടെ 100 ബസുകൾ മാത്രമാണ് വാങ്ങിയത്

2017-ൽ സ്ഥിരജീവനക്കാരായി 13,266 ഡ്രൈവർമാരും 11,442 കണ്ടക്ടർമാരുമാണ് ഉണ്ടായിരുന്നത്. മെക്കാനിക്ക് തസ്തികയിൽ 5531 ജീവനക്കാരും ഉണ്ടായിരുന്നു. മിനിസ്റ്റീരിയൽ വിഭാഗത്തിൽ 2102 ഉണ്ടായിരുന്നപ്പോൾ സ്റ്റേഷന്മാസ്റ്റർമാരായി 1107 പേരാണ് ഉണ്ടായിരുന്നത്. മറ്റുവിഭാഗം 580 പേരും കീടി ചേരുമ്പോൾ ഇത് ആകെ 34,028യായിരുന്നു ആവർഷത്തിൽ. ഇപ്പോൾ ഇത് ആകെ 26,036 പേരായി ചുരങ്ങിയിട്ടുണ്ട്.