തിരുവനന്തപുരം: വിലക്കയറ്റത്തിൽ നാട്ടുകാർ നട്ടം തിരിയുന്ന സമയത്താണ് സംസ്ഥാനത്തെ യാത്രയും കൂടുതൽ ചിലവേറിയതാകുന്നത്. കെഎസ്ആർടിസിയുടെ വിവിധ സർവീസുകളിലെ ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചുള്ള വിവരങ്ങൾ ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടതോടെ പ്രത്യക്ഷത്തിൽ വലിയ വർധനവ് തോന്നില്ലെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ മാത്രമേ വർധനയുടെ പ്രതിസന്ധികൾ മനസ്സിലാകുകയുള്ളൂ.

മെയ്‌ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ എക്സ്‌പ്രസ് മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകളിൽ മിനിമം ചാർജ് വർധന ഇല്ല. നിലവിലെ നിരക്ക് തുടരും. ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 നിന്ന് 10 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ. കുറഞ്ഞ ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റമില്ലെന്നതുമാണ് പുതിയ തീരുമാനം.

സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽനിന്ന് 12 രൂപയായയി ഉയർത്തിയിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ മിനിമം ടിക്കറ്റ് നിരക്ക് 14 രൂപയിൽ നിന്നു 15 രൂപയായി. കിലോമീറ്റർ ചാർജ് 105 പൈസ. സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ മിനിമം ചാർജ് 20 രൂപയിൽനിന്നു 22 രൂപയായി. കിലോമീറ്റർ നിരക്ക് 108 പൈസ. ലോ ഫ്‌ളോർ നോൺ എസി ജന്റം ബസുകൾക്കു നിലവിലുള്ള മിനിമം ചാർജ് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു.

കെഎസ്ആർടിസി മിനിമം നിരക്കുകൾ ഒറ്റനോട്ടത്തിൽ (പഴയ നിരക്ക് ബ്രാക്കറ്റിൽ)

1. ഓർഡിനറി 10 (08)
2. സിറ്റി ഫാസ്റ്റ് പാസഞ്ചർ 12 (10)
3. ഫാസ്റ്റ് പാസഞ്ചർ 15 (14)
4. സൂപ്പർ ഫാസ്റ്റ് പാസഞ്ചർ 22 (20)
5. സൂപ്പർ എക്സ്‌പ്രസ് 28
6. സൂപ്പർ എയർ എക്സ്‌പ്രസ് 35
7. സൂപ്പർ ഡീലക്‌സ് 40
8. എസി ലക്ഷ്വറി 60
9. വോൾവോ (സിംഗിൾ ആക്‌സിൽ)60
10. മൾട്ടി ആക്‌സിൽ100
11. ജന്റം എസി26
12. ജന്റം നോൺ എസി10 (13)
13. എസി സ്ലീപ്പർ 130

സൂപ്പർ എയർ എക്സ്‌പ്രസിന്റെ കിലോമീറ്റർ നിരക്ക് 2 പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്ററിൽനിന്ന് 15 ആയി കൂട്ടിയതിനാൽ നിരക്ക് കുറയുമെന്നാണ് സൂചനകൾ. സൂപ്പർ ഡീലക്‌സ് ബസുകളിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 5 പൈസ കുറച്ചു. മൾട്ടി ആക്‌സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു. ജന്റം ലോ ഫ്‌ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 12 പൈസ കുറച്ചു. സിംഗിൾ ആക്‌സിൽ എയർ കണ്ടിഷൻഡ്, ഹൈടെക്ക്, വോൾവോ സിംഗിൾ ആക്‌സിൽ ബസുകളുടെ നിരക്കിൽ മാറ്റമില്ല. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ എന്നിവയുടെ നിരക്ക് ഓർഡിനറിക്ക് തുല്യമാകും.

അതേസമയം ബസ് ചാർജ് പരിഷ്‌കരിച്ചെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയുമെന്നാണ് നിഗമനം. യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് ചാർജ് പരിഷ്‌കരിച്ചതെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓർഡിനറി നിരക്കിന്റെ അനുപാതത്തിൽ നേരിയ മാറ്റമാണ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ക്ലാസിലെ ബസുകളിൽ വരുത്തിയിട്ടുള്ളത്. സൂപ്പർ എക്സ്‌പ്രസ് ബസുകളിൽ കിലോമീറ്റർ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാർജ് 35 രൂപയായി നില നിർത്തി സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തിയതിനാൽ ബസ് ചാർജിൽ കാര്യമായ മാറ്റം വരില്ല.