തിരുവനന്തപുരം: ശബരിമലയിൽ ഏറെ പ്രതീക്ഷകളാണ് കെ എസ് ആർ ടി സിക്കും എംഡി ടോമിൻ തച്ചങ്കരിക്കും ഉണ്ടായിരുന്നത്. ഇതെല്ലാം വെറുതെയായി. വിവാദങ്ങളെ തുടർന്ന് ശബരിമലയിലേക്ക് ഭക്തരുടെ വരവ് കുറഞ്ഞതോടെ എല്ലാം പ്രതിസന്ധിയിൽ. ഇതിനിടെയിലും ആനവണ്ടിയെ കരകേറ്റാൻ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് തച്ചങ്കരി. സർക്കാർ അനുകൂല നിലപാട് എടുത്താൽ എല്ലാം നേരെയാകും. അല്ലാത്ത പക്ഷം ആരു വിചാരിച്ചാലും രക്ഷിക്കാൻ ആവത്ത അവസ്ഥയിലേക്ക് കെ എസ് ആർ ടി സി മാറും. ലാഭകരമല്ലാത്ത ഡിപ്പോകൾ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയും കെ.എസ്.ആർ.ടി.സി.ക്ക് നിലവിലെ അവസ്ഥയിൽനിന്ന് വർഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് തച്ചങ്കരിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാൽ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കുന്ന യൂണിയനുകൾ പാരയുമായി രംഗത്തുണ്ട്. സ്ഥാപനം പൊളിഞ്ഞാലും തച്ചങ്കരി ചോദിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം.

നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിർദ്ദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയാണ് റിപ്പോർട്ടിന് അടിസ്ഥാനം. കെ.ടി.ഡി.എഫ്.സി.ക്കുള്ള 420 കോടി രൂപയുടെ കുടിശ്ശിക നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി.ക്കുള്ള ധനസഹായം തടയുമെന്ന് സർക്കാർ അറിയിച്ചതിനെതുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗതാഗത സെക്രട്ടറി ജ്യോതിലാലും തച്ചങ്കരിക്കെതിരാണ്. എങ്ങനേയും കൃത്യമായി ശമ്പളം കൊടുക്കുന്ന തച്ചങ്കരിയെ ജീവനക്കാരുടെ ശത്രുവാക്കിക്കാനാണ് നീക്കങ്ങൾ. ഇത് മനസ്സിലാക്കിയാണ് വിശദമായ റിപ്പോർട്ട് തച്ചങ്കരി സർക്കാരിന് നൽകുന്നത്.

കെറ്റിഡിഎഫ്‌സിയിൽ നിന്നാണ് കെ എസ് ആർ ടി സി ലോണുകൾ എടുക്കുന്നത്. കെ എഫ് സിയിൽ നിന്ന് പലിശയ്ക്ക് പണമെടുത്തുകൊള്ളലാഭത്തിന് കെറ്റിഡിഎഫ്‌സി കെ എസ് ആർ ടി സിക്ക് നൽകുന്നു. ഇത് മാറി ലോണുകൾ സർക്കാർ നേരിട്ട് നൽകണം. ഇതോടെ കൊള്ളപ്പലിശ കൊടുക്കുന്നത് ഒഴിവാക്കാം. ഇതും കെ എസ് ആർ ടി സിക്ക് വലിയൊരു ആശ്വാസമായി മാറും. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ നയപരമായ തീരുമാനം അനിവാര്യമാണ്. അത് ലഭിച്ചാൽ കെ എസ് ആർ ടി സിയെ വലിയ ലാഭത്തിലേക്ക് എത്തിക്കാമെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. അല്ലാത്ത പക്ഷം കെ എസ് ആർ ടി സിയിൽ നിന്ന് തച്ചങ്കരിയും പിൻവാങ്ങും. ഇതിലൂടെ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള സർക്കാരിന്റെ അവസാന ശ്രമവും വെറുതെയാകും. കെ എസ് ആർ ടി സിയിൽ തച്ചങ്കരി നടത്തുന്ന നീക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ട്. എന്നാൽ യൂണിയനുകൾ കടുത്ത എതിർപ്പിലുമാണ്.

നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവയെ അടുത്തുള്ള ഡിപ്പോയുമായി ലയിപ്പിക്കുക. യാത്രക്കാരെ ബാധിക്കാതെ പുനർക്രമീകരണം നടത്തി കെ എസ് ആർ ടി സിയെ രക്ഷിക്കാമെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. ഇതാണ് റിപ്പോർട്ടായി സർക്കാരിന് നൽകുന്നതും. ഡിപ്പോകളുടെ പുനഃക്രമീകരണംകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മാനേജ്മെന്റ് പറയുന്നു. അന്പതിൽത്താഴെ സർവീസുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽനിന്നുള്ളത്. സമീപത്ത് യൂണിറ്റുകളുള്ളതിനാൽ ഇതിൽക്കൂടുതൽ സർവീസുകൾ ലാഭകരമായി നടത്താനാവില്ലെന്നാണ് തച്ചങ്കരിയുടെ പക്ഷം. ഇതാണ് സർക്കാരിന് അറിയിക്കുന്നത്. എന്നാൽ രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായെത്തിയ ഡിപ്പോകൾ അടയ്ക്കാൻ സർക്കാർ തയ്യാറാകുമോ എന്നതാണ് പ്രധാനം. യൂണിറ്റുകളെ ബസ് സ്റ്റേഷൻ/ഓപ്പറേറ്റിങ് സെന്റർ ആക്കി പരിമിതപ്പെടുത്തിയാൽ യാത്രക്കാരെ ബാധിക്കില്ല. പ്രവർത്തനച്ചെലവ് കുറയും. ഡിപ്പോയുടെ പ്രവർത്തനത്തിന് മാസം അരക്കോടി രൂപ വേണം. എന്നാൽ, ഓപ്പറേറ്റിങ് സെന്ററുകൾക്ക് എട്ടുലക്ഷം രൂപ മതി.

ഡിപ്പോകൾ തുടങ്ങിയത് സാധ്യതാപഠനം നടത്താതെയാണ്. യാത്രാക്ലേശം പരിഹരിക്കാനും ബസുകൾ വിന്യസിക്കാനും ആവശ്യമായിടത്തു വേണമായിരുന്നു യൂണിറ്റുകൾ തുടങ്ങാൻ. ജനപ്രതിനിധികളുടെ സമ്മർദത്തിനുവഴങ്ങി അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഡിപ്പോകൾ തുടങ്ങുന്ന പതിവാണ് തുടരുന്നതെന്നും തച്ചങ്കരി പറയുന്നു. പുതിയ യൂണിറ്റുകളിൽ അനുവദിക്കുന്ന തസ്തികകൾ കോർപ്പറേഷന് ബാധ്യതയാവുകയാണ്. തെക്കൻ ജില്ലകളിലെ ഓഫീസുകളിൽ ആവശ്യത്തിലധികം സൂപ്രണ്ടുമാരുണ്ട്. ഇതെല്ലാം ഒഴിവാക്കണമെന്നും തച്ചങ്കരി ആവശ്യപ്പെടുന്നു. ആനയറ, ഈഞ്ചയ്ക്കൽ, മുണ്ടക്കയം, ശാസ്താംകോട്ട, ഇരിട്ടി എന്നിവ ഉപയോഗിക്കാൻ കഴിയുന്നില്ല. പ്രധാന റോഡുകളിൽനിന്ന് അകലെയുള്ള ഡിപ്പോകളും ഫലപ്രദമല്ല. ചാത്തന്നൂർ, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി ഡിപ്പോകൾ പ്രധാന റോഡുകളിൽനിന്ന് അകലെയാണ്. ഇതും വേണ്ടെന്ന് വയ്ക്കണമെന്നാണ് ആവശ്യം.

ഡിപ്പോ ലയനത്തിലൂടെ മാസശമ്പളത്തിൽ 12.21 കോടി ലാഭിക്കാം. പ്രവർത്തനച്ചെലവിൽ മാസം 6.06 കോടി ലാഭമുണ്ടാകും. അങ്ങനെ വാർഷിക നേട്ടം 219.24 കോടിയാകും. അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകുന്നതാണ് മെച്ചം. ഒരു കിലോമീറ്റർ ഓടാൻ: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാൻ വാഹനനിർമ്മാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വർഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടുമെന്നും തച്ചങ്കരി പറയുന്നു. ഒരു ബസിൽനിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ. ബസുകൾ വാങ്ങാൻ അനുവദിച്ച തുക പെൻഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നൽകി ദീർഘദൂര പാതകളിലെ സ്വകാര്യബസുകൾ റൂട്ടടക്കം ഏറ്റെടുത്താൽ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്ന് എസ്.ബി.ഐ. ക്യാപ്സിന്റെ പഠനത്തിൽ പറയുന്നു. ഇതും തച്ചങ്കരി സർക്കാരിന് മുമ്പിൽ നിർദ്ദേശമായി നൽകിട്ടുണ്ട്.

18.5 ലക്ഷം കിലോമീറ്റർ ഒരു ദിവസം ഓടിയിരുന്നത് 16.5 ലക്ഷം കിലോമീറ്ററായി പുനഃക്രമീകരിച്ചു. യാത്രക്കാരില്ലാത്ത സമയത്തെ സർവീസുകളാണ് കുറച്ചത്. വരുമാനം കുറയാതെ ദിവസം 27.93 ലക്ഷം രൂപയുടെ ഡീസൽ ചെലവ് കുറയ്ക്കാനായി. 289 കോടിയാണ് നിലവിലെ മാസച്ചെലവ്. 90 കോടി ശമ്പളം കൊടുക്കാൻ വേണം. ഡീസലിന് 93 കോടിയും. വായ്പാ തിരിച്ചടവ് 24 കോടിയും. സ്‌പെയർപാർട്‌സിന് 10 കോടി വേണം. പെൻഷൻ: 60 കോടിയും പെൻഷൻ ആനുകൂല്യങ്ങൾക്ക് 12 കോടിയും വേണം. ഇതിൽ ടിക്കറ്റിലൂടെ 182 കോടി ലഭിക്കും. സർക്കാർ സഹായം 60 കോടിയും. മാനനഷ്ടം 47 കോടിയാണ് കെ എസ് ആർ ടി സിക്കുണ്ടാകുന്നത്. ഇതിന് പരിഹാരമായാണ് പുതിയ നിർദ്ദേശങ്ങൾ തച്ചങ്കരി മുന്നോട്ട് വയ്ക്കുന്നത്.

ജിപി റാങ്കിലെ ഐപിഎസുകാരനാണ് ടോമിൻ തച്ചങ്കരി. കെ എസ് ആർ ടി സിയുടെ എംഡിയാക്കുന്നതിനോട് താൽപ്പര്യമില്ലാതിരുന്ന ഉദ്യോഗസ്ഥൻ. എന്നിട്ടും തച്ചങ്കരിക്ക് കെ എസ് ആർ ടി സി നിർബന്ധപൂർവ്വം നൽകി. പ്രതിസന്ധിയിലായ പൊതുമേഖലാ ബസ് സർവ്വീസിനെ രക്ഷിച്ചെടുക്കാനുള്ള അവസാന മാർഗ്ഗമാണിതെന്നും സർക്കാർ തച്ചങ്കരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ പൊലീസ് യൂണിഫോമിട്ട തച്ചങ്കരി കെ എസ് ആർ ടി സിയുടെ അമരത്ത് എത്തി. പണിയെടുക്കാത്തവരെ പണിയെടുപ്പിച്ചും ബസുകളെല്ലാം റോഡിലിറങ്ങിയെന്ന് ഉറപ്പു വരുത്തിയും ആനവണ്ടിയുടെ വരുമാനം ഉയർത്തി. ജീവകനകാർക്ക് കൃത്യസമയത്ത് പെൻഷനും നൽകി. പരിഷ്‌കാരങ്ങളെല്ലാം വിജയമായതോടെ ദനങ്ങളിലും പുതിയ പ്രതീക്ഷ കൈവന്നു. എന്നാൽ ജീവനക്കാരുടെ സംഘടനാ നേതാക്കൾക്ക് ഇതൊന്നും പിടിച്ചില്ല. അങ്ങനെ അവർ കൊടി പിടിക്കാനെത്തി. ഇതും തച്ചങ്കരി കാര്യമാക്കിയില്ല. ശബരിമല സീസണിൽ എല്ലാം ശരിയാക്കമെന്നും കരുതി. എന്നാൽ വിവാദങ്ങൾ ഭക്തരെ കുറച്ചതോടെ ഈ മോഹം പൊളിഞ്ഞു.

വെന്റിലേറ്ററിലായിരുന്നു തച്ചങ്കരി എത്തുമ്പോൾ കെ എസ് ആർ ടി സി. ഇതിൽ നിന്നും ആറുമാസം കൊണ്ട് തന്നെ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അദർ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം. ജോലി ചെയ്യാതെ ആർക്കും കെ എസ് ആർ ടി സിയിൽ രക്ഷയില്ലാത്ത അവസ്ഥ. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാൽ ലാഭത്തിലാക്കാനെന്ന പേരിൽ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്. താളത്തിൽ തുടങ്ങിയതാണ് തച്ചങ്കരി. പക്ഷെ കൊട്ടുന്നതെല്ലാം അവതാളമാണെന്ന് യൂണിയൻകാർ പറയുന്നു. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട തച്ചങ്കരി സർക്കാരിന് നൽകുന്നത്.

മാസാവസാനം ശമ്പളം കിട്ടുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു കെഎസ്ആർടിസിക്ക്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി കെഎസ്ആർടിസി കടക്കെണിയിലായി. പൂട്ടലിന്റെ വക്കലെത്തിയ കെഎസ്ആർടിസിയിൽ ശമ്പളം വീണ്ടും മാസാവസാനം കൊണ്ടു വന്നതോടെ ടോമിൻ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി. ഒന്നുകിൽ എന്നെ ഭരിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നിങ്ങൾ കാര്യങ്ങൾ ചെയ്യുക കെഎസ് ആർടിസിയുടെ സിഎംഡിയായി ചുമതലയേറ്റപ്പോൾ ടോമിൻ തച്ചങ്കരി യൂണിയൻ നേതാക്കളോട് പറഞ്ഞത്. കെ എസ് ആർ ടി സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വേണ്ടത് ജീവനക്കാരുടെ പിന്തുണയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. കൃത്യമായി ശമ്പളം നൽകി. ഇതിനൊപ്പം യൂണിയനുകൾക്കും മൂക്കു കയറിട്ടു. ഇതോടെ തച്ചങ്കരി സ്റ്റാറായി. ഫ്‌ളൈ ബസും ചിൽ ബസും ഇലക്ട്രിക്ക് ബസുമെല്ലാം താരമായി. ഇതോടെ അദർഡ്യൂട്ടിയുടെ പേരിൽ ജോലിചെയ്യാതിരുന്ന യൂണിയൻ നേതാക്കളെ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ തുടങ്ങിയ എതിർപ്പ് പുതിയ തലത്തിലെത്തി.

ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്ന് മാസവരി പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന മാനേജ്‌മെന്റ് നിർദ്ദേശത്തെ തുടർന്നാണ് മാനേജ്‌മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. ഇത് യൂണിയനുകൾക്ക് ഇരുട്ടത്ത് കിട്ടിയ അടിയായി. വീണ്ടും സമ്മതപത്രം നൽകാൻ ജീവനക്കാർ വിസമ്മതിക്കുന്നത് യൂണിയനുകളുടെ പണമൊഴുക്കിനെ ബാധിച്ചു. എങ്ങനേയും തച്ചങ്കരിയെ ഓട്ടിച്ചാലേ കാര്യമുള്ളൂവെന്ന് അവർ തിരിച്ചറിയുന്നു. അങ്ങനെ കൊടിയുടെ നിറം നോക്കാതെ ഒരുമിക്കുകയാണ് അവർ. മറ്റു സംസ്ഥാനങ്ങളിൽ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങൾ പൊളിക്കാനാണ് കെ.എസ്.ആർ.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ശ്രമം. അതുകൊണ്ട് തന്നെ പുതിയ നിർദ്ദേശങ്ങളിലും അവർ ഉടക്കുമായി എത്തുമെന്ന് തന്നെയാണ് വിലയിരുത്തൽ.