തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് നിരവധിപേരാണ്, സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം സാമരം മാധ്യമങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയതോടെയാണ് നിരവധിയാളുകൾ ഇവിടെ സമരമിരിക്കുന്നതിന് സമൂഹത്തിൽ നിന്നും അധികാരികളുടെ ഭാഗത്ത് നിന്നും അൽപ്പമെങ്കിലും ശ്രദ്ധ ലഭിച്ച് തുടങ്ങുന്നത്. അത്തരത്തിൽ സമരമിരിക്കുന്നവരെ കാണാനെത്തിയ ശേഷം പലരുടേയും ദയനീയ അവസ്ഥ കണ്ട് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും നിയമ വിദ്യാർത്ഥിയുമായ നിഖിൽ ദാമോദരൻ.

കഴിഞ്ഞ നാല് ദിവസമായി നിഖിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിട്ട്. എസ്എടി ആശുപത്രിയിൽ ചികിത്സാ പിഴവ് കാരണം മരിച്ച രുദ്ര എന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തുന്ന നിരാഹാര സമരത്തിനാണ് നിഖിൽ പ്രധാനമായും പിന്തുണ നൽകുന്നത്. തെരുവിൽ കിടക്കുന്ന പട്ടികളെപ്പോലെയെങ്കിലും ഈ സമരം ഇരിക്കുന്നവരെ അധികാര വർഗം ഒന്ന് തിരിഞ്ഞ് നോക്കിയെങ്കിൽ ഇവരിൽ പലരും സന്തോഷത്തോടെ അവരവരുടെ വീടുകളിലേക്ക് പോയേനെ എന്നും നിഖിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനേയും മറ്റ് സമരക്കാരേയും കാണാനും സംസാരിച്ച ശേഷം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തിരിച്ച് പോവുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയതെന്ന് നിഖിൽ പറയുന്നു. എന്നാൽ പലരുടേയും കഥ കേട്ടപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന് തോന്നിയതിനാലാണ് ഇവിടെ നിരാഹാര സമരം ആരംഭിച്ചതെന്നും നിഖിൽ പറയുന്നു.ഇവിടെ വന്ന് എല്ലാവരോടും സംസരിച്ചു. അപ്പോഴാണ് പലരും വർഷങ്ങളായി ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായത്.

നഗരത്തിലെ ഈ തിരക്കിലും ബഹളത്തിനുമിടയിൽ അൽപ നേരം ഇരിക്കുമ്പോൾ തന്നെ സാധാരണക്കാരന് അസ്വസ്തത അനുഭപെടുന്നിടത്താമ് വർഷങ്ങളായി ഇവർ ഇരിക്കുന്നത് എന്നത് വല്ലാതെ വിഷമം ഉണ്ടാക്കിയെന്നും നിഖിൽ പറയുന്നു.സർക്കാരിന്റെ ശമ്പളം പറ്റുന്ന ആർക്കും ഇവിടെ സമരമിരുന്ന് നരഗിക്കുന്നവരോട് യാതൊരു ഉത്തരവാദിത്വവുമില്ല. പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിച്ചില്ലെങ്കിലും എന്തിനാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്, എന്താണ് നിങ്ങളുടെ ആവശ്യം എന്ന് ചോദിച്ച് മനസ്സിലാക്കാൻ പോലും ഒരാളുപോലും തയ്യാറായിട്ടില്ലെന്നത് എത്ര മനുഷ്യത്വരഹിതമാണെന്ന് നിഖിൽ ചോദിക്കുന്നു.

സമരക്കാരെ അഭിവാദ്യം ചെയ്ത് പ്രശ്നങ്ങൾ മനസ്സിലാക്കി പോകാം എന്നാണ് കരുതിയതെങ്കിലും ഈ പ്രതികൂല സാഹചര്യത്തിലാണ് ഇവർ സമരം ചെയ്തത് എന്ന് മനസ്സിലാക്കിയപ്പോൾ തിരികെ പോകാൻ തോന്നിയില്ല.400 ദിവസം സമരം ചെയ്തിട്ടുംപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പലപ്പോഴായി പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ വിരട്ടി പറഞ്ഞ് വിടാനാണ് ശ്രമം നടത്തിയതെന്നും ഇതൊക്കെ കേട്ടപ്പോഴാണ് സമരം തുടങ്ങാൻ തീരുമാനിച്ചതെന്നും നിഖിൽ പറയുന്നു.നല്ല ഭീഷണിയാണ്, മര്യാദയ്ക്ക് സമരം നിർത്തി പൊയ്ക്കോ എന്നാണ് ഭീഷണി, വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവെന്നതിലുപരി കണ്ണിൽ ചോരയുള്ള ഒരു മനുഷ്യനായിട്ടാണ് തന്റെ സമരമെന്നും നിഖിൽ പറയുന്നു.

ഇവിടെ സമരം ഇരിക്കുന്ന പലരോടും നീയൊക്കെ ഇവിടെ കിടന്ന് പട്ടികളെപോലെ ചത്താലും തിരിഞ്ഞ് നോക്കില്ലെന്ന ഹുങ്കാണ് അധികാരികൾക്ക്. പലരും ഇവിടെ വർഷങ്ങളായി സമരം ചെയ്ത് മാനസിക നില തെറ്റി പിച്ചും പേയും പറയുന്ന അവസ്ഥയിലാണ്. ഇതിലാണ് എല്ലാവരും ഇടപെടേണ്ടത്. മനുഷ്യാവകാശ കമ്മീഷനുൾപ്പടെ നിരവധി കമ്മീഷനുകളുണ്ടെങ്കിലും സെലിബ്രിറ്റികളുടെ പ്രശ്നങ്ങൾ മാത്രം പരിരിക്കുന്നവരായി അവർ മാറുന്നുവെന്നും ഇവിടെ അവകാശങ്ങൾ ലംഘിക്കപെട്ടവർക്ക് വേണ്ടിയാണ് അവർ പ്രവർത്തിക്കേണ്ടതെന്നും നിഖിൽ പറയുന്നു.

ജനങ്ങളുടെ പണം കൊണ്ട് സുഖിക്കുന്ന എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തവർക്കെതിരെ കൂടുതൽ വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് സമരം തുടരും. പാർട്ടി നേതൃത്വത്തിന്റെ അനുവാദത്തോടൊണ് സമരം ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ പാർട്ടിയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഒരുമിച്ച് ഈ നരഗയാതന അനുഭവിക്കുന്നവരെ പിന്തുണയ്ച്ച് പ്രശ്ന പരിഹാരം കാണുമെന്നും നിഖിൽ പറയുന്നു.