തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ. ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് വിനിയോഗവും ലോൺ കൊടുക്കലുമെല്ലാം ചെയ്യേണ്ട സ്ഥാപനം. സർക്കാരുകളുടെ ജനകീയ ഇടപെടലിന് സമർത്ഥമായി ഉപയോഗിക്കേണ്ട സ്ഥാപനം. ഇതിന്റെ തലപ്പത്താണ് അദീപിനെ നിയമിച്ചത്. തന്ത്രപരമായ നീക്കങ്ങളാണ് ഇതിന് പിന്നിൽ നടന്നത്. ഇങ്ങനെ നിയമിക്കപ്പെട്ടത് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീലിന്റെ അടുത്ത ബന്ധുവിനെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പത്രസ്‌മ്മേളനത്തിലും തന്റെ ബന്ധുവിനെ നിയമിച്ചുവെന്ന് ജലീൽ തന്നെ സമ്മതിക്കുകയാണ്. ഇതോടെ സ്വജന പക്ഷപാതമായി ഇത് വിലയിരുത്തപ്പെടുന്നു. വിചിത്രമായ നടപടിക്രമങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇപി ജയരാജൻ പികെ ശ്രീമതിയുടെ മകനെ സുപ്രധാന തസ്തികയിൽ നിയമിച്ചത് വലിയ വിവാദമായിരുന്നു. ശ്രീമതിയുടെ സഹോദരി ഭർത്താവായ ജയരാജൻ സ്വജന പക്ഷപാതമാണ് കാട്ടിയതെന്ന് വിവാദമുയർന്നു. ഇതോടെ ജയരാജൻ രാജിവച്ചു. അന്ന് ചിറ്റപ്പൻ നിയമനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം. ഇതേ സാഹചര്യമാണ് ജലീലും ഉണ്ടാക്കുന്നത്. തന്റെ ബന്ധു അതിമിടുക്കനാണെന്നും അതിലും മിടുക്കുള്ള ഒരാളെ കിട്ടാത്തതു കൊണ്ടാണെന്നും ജലീൽ പറയുന്നു. എന്നാൽ ബന്ധു നിയമനമെന്ന ആരോപണത്തെ ശരിവയ്ക്കുകയും ചെയ്യുകയാണ് മന്ത്രി. തന്റെ പിതൃസഹോദര പുത്രനെ അല്ലെന്നും പിതൃ സഹോദരന്റെ മകന്റെ മകനെയാണ് നിയമിച്ചതെന്നും ജലീൽ സമ്മതിക്കുന്നു. ഇതോടെ ഇന്ന് പിണറായി സർക്കാരിന് വിനയാകുന്നതുകൊച്ചാപ്പയാണെന്ന ട്രോളുമായി സോഷ്യൽ മീഡയയും സജീവമായി.

ജലീലിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ യൂത്ത് ലീഗ് ഉന്നയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകാനാണ് ജലീൽ ഇന്ന് മാധ്യമങ്ങളെ കണ്ടത്. എന്നാൽ സർക്കാരിന് ആരേയും നിയമിക്കാനുള്ള അധികാരം ഉണ്ടെന്നും അതിനെ ആരും ചോദ്യം ചെയ്യേണ്ടെന്നുമാണ് ജലീൽ പറഞ്ഞത്. എന്നാൽ യൂത്ത് ലീഗ് ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മറുപടി നൽകുകയും ചെയ്തില്ല. ഈ സാഹചര്യത്തിൽ *ബന്ധു നിയമനം മന്ത്രിയുടെ വിശദീകരണമനുസരിച്ച് താഴെ പറയുന്ന 7 ചോദ്യങ്ങൾക്കു കൂടി മറുപടി കിട്ടേണ്ടതുണ്ടെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്ത് വന്നു കഴിഞ്ഞു. ഏഴു പേരാണ് അപേക്ഷ നൽകിയത്. ഇന്റർവ്യൂവിന് എത്തിയത് മൂന്നു പേർ. അവരെ യോഗ്യതയില്ലാത്തതുകൊണ്ട് ഒഴിവാക്കി. നിശ്ചിത യോഗ്യതയില്ലാത്തവരെ പിന്നെ എന്തിനു ഇന്റർവ്യൂവിന് വിളിച്ചു? എന്നതാണ് അതിൽ സുപ്രധാനമായ ചോദ്യം.

ഇന്റർവ്യൂ സമയത്ത് എത്താത്ത ബന്ധുവിനെ വീട്ടിൽ പോയി ക്ഷണിക്കാനുള്ള മാനദണ്ഡമെന്താണ്? കേരളത്തിൽ ഈ യോഗ്യതയുള്ള മറ്റാരുമില്ലേ എന്ന സംശയവും സജീവമാണ്. ബന്ധുവിന് ഈ ജോലിയിൽ താൽപര്യമുണ്ടായിരുന്നില്ല എന്നു മന്ത്രി പറയുന്നു. താൽപര്യമില്ലാത്ത ഒരാൾ എന്തിനാണ് ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകിയതെന്ന ചോദ്യവും പ്രസക്തമാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ മാനേജർ എന്നത് വലിയ പോസ്റ്റും കോർപ്പറേഷൻ ജി.എം എന്നത് ചെറിയ പോസ്റ്റും ആകുന്നതെങ്ങനെ? ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ ഇതു കേട്ടാൽ ചിരിക്കില്ലേയെന്നാണ് യൂത്ത് ലീഗിന്റെ ചോദ്യം. സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു സ്വകാര്യ ബാങ്കാണ്. ഇവിടെനിന്ന് സർക്കാർ വകുപ്പിലേക്ക് ഡെപ്യൂട്ടേഷൻ ലഭിക്കില്ല. ഇതേപ്പറ്റി സാമാന്യ ബോധമില്ലാതെയാണോ ഡെപ്യൂട്ടേഷനിൽ കൊണ്ടുവന്നു ജി.എമ്മാക്കി എന്ന മന്ത്രിയുടെ വിശദീകരണമെന്നതും സോഷ്യൽ മീഡിയ ചർച്ചയാക്കി കഴിഞ്ഞു.

ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനാണ് കോർപ്പറേഷൻ പരസ്യം നൽകിയത്. ഡെപ്യൂട്ടേഷൻ കിട്ടാത്ത ഒരു സ്ഥാപനത്തിൽ നിന്ന് നിയമനം നടത്തുന്നത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്? സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് അവധിക്കാണോ എൻഒസി ലഭിച്ചത്? അങ്ങനെയാണെങ്കിൽ അവധി സമയത്ത് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതെങ്ങനെ?-ഇങ്ങനെ മന്ത്രിയെ കുടുക്കുന്ന ചോദ്യങ്ങളാണ് യൂത്ത് ലീഗ് വീണ്ടും ഉയർത്തുന്നത്. ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർ എത്താതിരുന്നാൽ വീണ്ടും ഒരു പരസ്യം നൽകി അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിൽ ആരെങ്കിലും വരുമായിരുന്നു.അപ്പോൾ അതിൽ യോഗ്യതയുള്ളവർ വരുമോ എന്ന് പേടിച്ചു പോയിയെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ സജീവമാണ്. മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഉയർത്തിയ ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. നിങ്ങൾ യോഗ്യതയുള്ള ഒരാളെ കൊണ്ടു വന്നാൽ നിയമിക്കാമെന്നായിരുന്നു മന്ത്രിയുടെ പല ചോദ്യത്തിനുമുള്ള മറുപടി.

അതിനിടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. അതിനാൽ തന്നെ തനിക്ക് ഭയമില്ലെന്നും കെ.ടി ജലീൽ വ്യക്തമാക്കി. പത്രത്തിൽ കൃത്യമായി വാർത്ത നൽകിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉൾപ്പടെയുള്ള പത്രങ്ങളിൽ വാർത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റർവ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാൽ ആരയും നിയമിച്ചില്ല. യോഗ്യതയിൽ ഇളവ് വരുത്തിയന്ന ആരോപണം തെറ്റാണ്. ബി.ടെക് യോഗ്യതയുള്ള ആളുകൾ ബാങ്കിങ് മേഖലയിൽ സാധാരണമാണ്. റിസർവ് ബാങ്ക് ഗവർണർക്ക് പോലും ബി.ടെക് യോഗ്യതയാണ് ഉള്ളത്. കൂടുതൽ ആളുകൾക്ക് അവസരം നൽകാനാണ് യോഗ്യതയിൽ മാറ്റം വരുത്തിയത്. കോർപ്പറേഷനുകളിൽ ഓഡിറ്റുകൾ പൂർത്തീകരിച്ചിരുന്നില്ല. കമ്പ്യൂട്ടർവത്കരിക്കാനും കഴിഞ്ഞിട്ടില്ല. നോൺബാങ്കിങ് ലൈസൻസ് ആർ.ബി.ഐയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാൽ പരിചയ സമ്പന്നനായ ഒരാളെ നിയമിക്കണം എന്നുണ്ടായിരുന്നു.

ഫിനാൻസ് കോർപ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂൾഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഷെഡ്യൂൾഡ് ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സർക്കാരിന് താൽപര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നായിരുന്നു. ബാങ്കിൽ ലഭിക്കുന്ന പല അലവൻസുകളും ഡെപ്യൂട്ടേഷനിൽ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാർ ഈ പോസ്റ്റിൽ ഡെപ്യൂട്ടേഷനിൽ വരാൻ തയ്യാറാവാത്തത്. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമം കോർപ്പറേഷൻ നടത്തുകയാണ്. കഴിഞ്ഞ ഭരണകാലത്ത് പല ലോണുകളും മുസ്ലിം ലീഗിന്റെ ബിനാമിമാർക്കാണ് ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.

ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധം ഉണ്ട് എന്ന കാരണത്താൽ അവസരം നിഷേധിക്കുന്നതും തെറ്റാണ്. ഈ നിയമനത്തിൽ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. മറച്ചുവെക്കാനും ഒന്നുമില്ല. നിയമനത്തിന്റെ ഒരു ഘട്ടത്തിലും താൻ നേരിട്ട് ഇടപെട്ടിട്ടില്ല. കമ്പനി സെക്രട്ടറിയും കോർപ്പറേഷൻ വിട്ട് പോയ ഘട്ടത്തിലാണ് വാർത്ത നൽകി രണ്ട് പേരെ നിയമിച്ചതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജലീലിന് പിന്തുണയുമായി ഇപി ജയരാജൻ എത്തിയത്. ജലീലിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മന്ത്രി ഇ.പി.ജയരാജൻ. ജലീലിനെ വ്യക്തിഹത്യ നടത്താൻ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജൻ പറഞ്ഞു. നിയമനത്തിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു പറഞ്ഞ ജയരാജൻ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, ജലീലിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തെ പുറത്താക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ വീണ്ടും വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

ജലീൽ രാജിവയ്ക്കണം ചെന്നിത്തല

ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും, സത്യ പ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി കെ ടി ജലീൽ ഒരു നിമിഷം പാഴാക്കാതെ രാജിവയ്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി അഭിമുഖത്തിൽ പങ്കെടുക്കാത്തയാളെ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തിൽ ന്യുനപക്ഷ കോർപ്പറേഷനിൽ ജനറൽ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യ വിലോപവും, സ്വജന പക്ഷപാതവുമാണ്. ഇതിന് വേണ്ടി ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യതയിൽ മന്ത്രി ഇടപെട്ട് വെള്ളം ചേർക്കുകയും ചെയ്തു.പത്രങ്ങളിൽ പരസ്യം ചെയ്താണ് സാധാരണഗതിയിൽ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാൽ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്.

അത് തന്നെ ഗുരുതരമായ കൃത്യവിലോപനത്തിലേക്കും, സ്വജന പക്ഷപാതത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാൻ വേണ്ടി മാത്രമാണ് ഇതു ചെയ്തതെന്ന് വ്യക്തമാവുകയാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകി കേറ്റുന്ന പരിപാടി ഇടതു സർക്കാർ അധികാരത്തിൽ വന്ന നിമിഷം തന്നെ തുടങ്ങിയതാണ്. ആദ്യം ഇ പി ജയരാജൻ ഇതേ ആരോപണത്തിലാണ് രാജിവയ്ക്കേണ്ടിവന്നത്. ന്യുനപക്ഷ വികസന കോർപ്പറേഷന്റെ എം ഡി തന്നെ ഇപ്പോൾ നിയമിക്കപ്പെട്ട ആൾ ഇന്റർവ്യൂവിന് എത്തിയില്ല എന്ന് വ്യക്തമാക്കിയതോടുകൂടി മന്ത്രി കെ ടി ജലീൽ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയുമാണ്.

ഇനിയും സ്ഥാനത്ത് കടിച്ച് തൂങ്ങി നാണം കെടാതെ കെ ടി ജലീൽ എത്രയും പെട്ടെന്ന് രാജിവച്ച് പുറത്ത് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു