കോഴിക്കോട്: ജീവനക്കാരെ പീഡിപ്പിക്കുമെങ്കിലും മാതൃഭൂമി മാനേജ്‌മെന്റ് പ്രകൃതി സ്‌നേഹമുള്ളവരാണ്. എം പി വീരേന്ദ്രകുമാറും പി വി ചന്ദ്രനും ,ഗംഗാധരനുമെല്ലാം പ്രകൃതിയെപ്പറ്റി ആവോളം സംസാരിക്കുന്നവർ. തങ്ങളുടെ പത്രത്തിലൂടെ പ്രകൃതിക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവർ. നിളയ്ക്ക് വേണ്ടി മാത്രമല്ല അങ്ങകലെ ഗംഗാനദിക്ക് വേണ്ടിയും അമേരിക്കയിലെ നദികൾക്ക് വേണ്ടി വരെ വീരൻ പുസ്തകമെഴുതും. എന്നാൽ തങ്ങളുടെ കാര്യം വന്നാലോ പ്രകൃതിയും പച്ചപ്പും കുന്നും പുഴയും സാധാരണക്കാരും അവരുടെ ജീവിതവുമൊന്നും ഇവർക്ക് പ്രശ്‌നമേയല്ല.

മാതൃഭൂമി മാനേജിങ് എഡിറ്ററായ പി. വി ചന്ദ്രൻ മാനേജിങ് പാർട്ണറായ കെ. ടി. സി ഗ്രൂപ്പ് കോഴിക്കൊട് പൊക്കുന്നിൽ 1.10 ഏക്കറിൽ രണ്ട് ടവറിലായി 114 ഫ്‌ളാറ്റുകളാണ് നിർമ്മിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ ജനസാന്ദ്രതയുള്ള പ്രദേശമാണ് പൊക്കുന്ന്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കെ. ടി. സി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അപ്പോൾ തന്നെ പ്രദേശവാസികൾ തങ്ങളുടെ ആശങ്കകൾ പി. വി. ചന്ദ്രനെയും മറ്റും അറിയിച്ചിരുന്നു. എന്നാൽ കെ. ടി. സിയുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നേടിയെടുത്ത അനുമതി പത്രത്തിന്റെ പിൻബലത്തോടെ നിർമ്മാണം ആരംഭിച്ചു. 2014 ജൂണിൽ പദ്ധതി പ്രദേശത്തെ മണ്ണ് ഇളക്കി മാറ്റുകയും പൈലിങ് പ്രവർത്തി ആരംഭിക്കുകയും ചെയ്തു. അതോടെ പദ്ധതി പ്രദേശത്തിന് തൊട്ടടുത്തുള്ള കെ. ഇത്താൻ കോയയുടെ വീട്ടുമുറ്റത്തെ കിണർ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, എഞ്ചിനീയറിങ് വിഭാഗം. ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങിയവടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും ചെയ്തു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോഴിക്കൊട് കോർപ്പറേഷൻ നിർമ്മാണ പ്രവർത്തിയുടെ അനുമതി താത്ക്കാലികമായി നിർത്തിവച്ചു. ജില്ലാ കലക്ടർ നിശ്ചയിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോർട്ടിലും കൂടുതൽ പഠനത്തിന് ശേഷം മാത്രമെ കൃത്യമായ റിപ്പോർട്ട് തയ്യറാക്കാൻ സാധിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്മേൽ പഠനം നടക്കാനിരിക്കെ സർക്കാറിനെ സ്വാധീനിച്ചും കോർപ്പറേഷനിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെക്കോണ്ട് തെറ്റായ റിപ്പോർട്ട് തയ്യറാക്കിയും കോർപ്പറേഷൻ നൽകിയ സ്റ്റാേപ്പ് മെമോ പിൻവലിപ്പിച്ച് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ഇല്ലാത്ത അക്രമസംഭവത്തിന്റെ പേരിൽ കോഴിക്കൊട് കസബ സ്റ്റേഷനിൽ പരാതി നൽകി എഫ് ഐ ആർ ഇടുകയും അതിന്റെ പകർപ്പ് ഹൈക്കൊടതയിൽ നൽകി പൊലീസ് സംരക്ഷണം നേടിയെടുത്തുമാണ് വീണ്ടും നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ഇതോടെ പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമായിക്കോണ്ടിരിക്കുകയാണ്. പലവട്ടം നാട്ടുകാർ പരാതിപ്പെട്ടെങ്കിലും മാനേജ്‌മെന്റ് ഗൗനിച്ചില്ല. നിർമ്മാണ പ്രവൃത്തി മൂലം പ്രദേശത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി പഠിക്കാനോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയോ ചെയ്യതെ പണത്തിന്റെയും മീഡിയയുടെയും സ്വാധീനം ഉപയോഗിച്ച് കെ ടി സി മാനേജ്‌മെന്റ് മുന്നോട്ട് പോവുകയാണ്.

അപ്പാർട്ട്‌മെന്റ് പണിയുന്ന സ്ഥലത്ത് മേൽമണ്ണ് ഇളകി മഴയത്ത് ഒലിച്ചിറങ്ങി കിണറുകളിൽ എത്തിയതിനാലും പൈലിങ് നടത്തിയതുകൊണ്ടുമാണ് കിണറുകൾ വൃത്തികേടാവുന്നത്. അതിനാൽ മഴവെള്ളം നേരിട്ട് സമീപ പ്രദേശത്തേക്ക് ഒഴുകി പോകാതിരിക്കാനുള്ള സംവിധാനം ചെയ്യണ്ടതാണ് എന്നാൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കെ. ടി. സി യോട് നിർദ്ദശേിച്ചിട്ടുള്ളത്. പൈലിങ് തുടങ്ങുന്നതിന് മുമ്പായി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിദഗ്‌ധോപദേശം തേടേണ്ടതും അടുത്തുള്ള കിണറുകൾ മലിനമാകാൻ കാരണമാകില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഭൂജല വകുപ്പും ഇത്തരത്തിൽ തന്നെയാണ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ ഒന്നും പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി കെ ടി സി വീണ്ടും മുന്നോട്ട് പോവുകയാണ്. ഇതിനെതിരെ സി. പി. ഐ. എം, മുസ്ലിം ലീഗ്, യൂത്ത് കോൺഗ്രസ്, എസ്. ഡി. പി. ഐ, ഐ. എൻ. എൽ, സോളിഡാരിറ്റി, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, മുസ്ലിംയൂത്ത് ലീഗ്, ഡി. വൈ. എഫ്. ഐ, വിവിധ റസിഡൻ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്. കോർപ്പറേഷനിലെ മുസ്ലിം ലീഗ് കൗൺസിലറുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്. എതിർഭാഗത്ത് മാതൃഭൂമി ആയതുകൊണ്ട് ചന്ദ്രിക ഉൾപ്പെടെയുള്ള പത്രങ്ങളൊന്നും സമരത്തിന്റെ വാർത്തകൾ ആദ്യഘട്ടത്തിൽ കൊടുത്തിരുന്നില്ല. എന്നാൽ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയതോടെ വാർത്ത കൊടുക്കാൻ ചന്ദ്രിക നിർബന്ധിതമായിട്ടുണ്ട്.

ലോക പരിസ്ഥിതി ദിനത്തിൽ മാതൃഭൂമി ആലുവാ പുഴയോരത്ത് അപൂർവ്വ വൃക്ഷത്തെക്കൂട്ടം നിർമ്മിച്ച് നാടിന് സമർപ്പിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് നദീതീര നിയമങ്ങൾ ലംഘിച്ച് കെട്ടിയുയർത്തിയ മഴവിൽ റസ്റ്റാേറന്റ് പൊളിച്ച സ്ഥലത്തായിരുന്നു മാതൃഭൂമിയുടെ ഈ പരിസ്ഥിതി സ്‌നേഹ സമ്മാനം. നിയമങ്ങൾ ലംഘിച്ച് കെട്ടിയുയർത്തിയ കെട്ടടത്തെപ്പറ്റി പ്രത്യകേം പറഞ്ഞുകൊണ്ടായിരുന്നു അന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നത്. എന്നാൽ ഇതേ മാതൃഭൂമിയുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഒരു ജനതയെ ദുരിതത്തിലേക്ക് തള്ളിവിടുന്നത്.

ഫ്‌ളാറ്റ് നിർമ്മാണത്തിനിടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന ടി കെ ഹസ്സന്റെ കിണർ പൂർണ്ണമായും മലിനപ്പെട്ടു. ഫ്‌ളാറ്റ് നിർമ്മാണം ആരംഭിച്ചപ്പോൾ നൂറ് രൂപയുടെ മിഠായിപ്പാക്കറ്റുമായിട്ടാണ് പി വി ചന്ദ്രനും കൂട്ടരും വന്നത്. മിഠായി കൊടുത്ത് സ്വാധീനിക്കാൻ പറ്റുന്നവരാണ് നാട്ടുകാരെന്ന് മുതലാളിമാർ കരുതിയിട്ടുണ്ടാവുമെന്ന് ഹസ്സൻ പറയുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കോഴിക്കൊട് കോർപ്പറേഷനിൽ വമ്പൻ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകിയിരുന്നത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ ഇടിഞ്ഞുവീണുള്ള അപകടങ്ങളും വ്യാപകമായിട്ടുണ്ട്.