- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ കണ്ടു കരയാൻ ഇനി ഞങ്ങളില്ല; കുമാരപുരം പൊതുജനം ലെയ്നിൽ കണ്ണുനീർ പരമ്പരകൾക്ക് അനൗദ്യോഗിക നിരോധനം
തിരുവനന്തപുരം: പ്രൈം ടൈമിൽ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കണ്ണീർ സീരിയലുകളോട് പലതരത്തിലാണ് പ്രേക്ഷകരുടെ പ്രതികരണം. ജോലിയെല്ലാം ഒതുക്കി ഇനി അൽപ്പനേരം ടിവി കാണാമെന്നു കരുതുന്ന ശരാശരി വീട്ടമ്മമാരെല്ലാം സീരിയലുകളുടെ ആരാധകരാണ്. കോളേജിൽ പോകുന്ന മകനു ക്രിക്കറ്റു കളി കാണാനോ ഓഫീസിൽ നിന്നു മടങ്ങിയെത്തുന്ന ഗൃഹനാഥന് അൽപ്പനേരം വാർത്
തിരുവനന്തപുരം: പ്രൈം ടൈമിൽ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന കണ്ണീർ സീരിയലുകളോട് പലതരത്തിലാണ് പ്രേക്ഷകരുടെ പ്രതികരണം. ജോലിയെല്ലാം ഒതുക്കി ഇനി അൽപ്പനേരം ടിവി കാണാമെന്നു കരുതുന്ന ശരാശരി വീട്ടമ്മമാരെല്ലാം സീരിയലുകളുടെ ആരാധകരാണ്. കോളേജിൽ പോകുന്ന മകനു ക്രിക്കറ്റു കളി കാണാനോ ഓഫീസിൽ നിന്നു മടങ്ങിയെത്തുന്ന ഗൃഹനാഥന് അൽപ്പനേരം വാർത്ത കാണാനോ സീരിയൽ പ്രളയം ഇടം നൽകാറില്ലെന്നുള്ള പരാതികളും ഉയരാറുണ്ട്.
എന്നാൽ, ഇപ്പോഴിതാ കണ്ണീർ സീരിയലുകൾക്ക് പൂർണമായും വിട നൽകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരത്തിലെ ഒരു കൂട്ടം കുടുംബങ്ങൾ. കുമാരപുരം പൊതുജനം ലെയ്ൻ നിവാസികളാണ് സീരിയലുകൾക്കു ഗുഡ്‌ബൈ പറയുന്നത്.
സീരിയലുകളിലെ അമ്മായി അമ്മ-മരുമകൾ പോരോ അവിഹിതബന്ധത്തിന്റെ കഥയോ നാത്തൂൻപോരോ ഒന്നും ഇനി പൊതുജനം ലെയ്ൻ നിവാസികളെ അലട്ടില്ല. പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ കണ്ണീർ പരമ്പരകൾക്ക് അനൗദ്യോഗികമായി നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. മൂന്ന് വർഷം മുമ്പ് മാലിന്യമുക്ത പ്രദേശമായി മാറിയ പൊതുജനം ലെയ്ൻ ഇപ്പോൾ അവിടത്തെ നിവാസികളുടെ മനസിലെ 'സീരിയൽ' മാലിന്യത്തെ നീക്കം ചെയ്യാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്.
അസോസിയേഷൻ ഈ തീരുമാനത്തിൽ എത്തിയത് ഒരു മാസം നീണ്ടു നിന്ന സർവേയ്ക്കു ശേഷമാണ്. സീരിയലുകൾ കാരണം പരസ്പരം സൗഹൃദം പുതുക്കാനോ സംസാരിക്കാനോ സമയം ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കത്തിന് അസോസിയേഷൻ മുൻകൈ എടുത്തത്. സീരിയലുകൾ കുടുംബങ്ങളിലുണ്ടാക്കുന്ന നിരവധി മോശം പ്രവണതകൾ സർവേയിൽ വെളിപ്പെട്ടതായി അസോസിയേഷൻ പ്രസിഡന്റ് ഡോ.സുരേഷ് പറഞ്ഞു.
സീരിയൽ ഭ്രാന്തുമാറ്റാൻ അസോസിയേഷൻ ആദ്യം ചെയ്തത് വീടുകളിൽ വിജ്ഞാനവും വിനോദവും പകരുന്ന മാസികകൾ എത്തിക്കുകയായിരുന്നു. ഓരോ വീട്ടിലും അവ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി. കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും കുട്ടികളുമായി സംസാരിക്കാൻ അവസരമൊരുക്കി. ഒരു കുടുംബത്തെയും ഇതിനായി ഭാരവാഹികൾ നിർബന്ധിച്ചില്ല. എന്നാൽ മുപ്പതോളം കുടുംബങ്ങൾ ഈ ഉദ്യമത്തോട് സഹകരിക്കാൻ ആദ്യമേ തയ്യാറായി.
ഒരു മാസം കണ്ണീർ സീരിയലുകൾക്ക് അവധി കൊടുക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷം നടത്തിയ പരിശോധനാഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ഓരോരുത്തരും പതിയെ സീരിയലുകളോട് ഗുഡ്‌ബൈ പറയുകയായിരുന്നു.
സ്ത്രീകൾക്കിടയിലെ അസൂയ, കുശുമ്പ്, സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ നിഷ്‌കരുണം ചവിട്ടിത്തള്ളൽ തുടങ്ങിയവയൊക്കെയാണ് മിക്ക സീരിയലുകളിലും പ്രതിപാദ്യവിഷയം. ഇതിൽ നിന്നു പ്രേക്ഷകർക്ക് നല്ല കാര്യങ്ങളൊന്നും ജീവിതത്തിൽ പകർത്താൻ കഴിയില്ലെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗിരിജ നായർ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നടക്കം ഏകദേശം 230 കുടുംബങ്ങളാണ് പൊതുജനം റസിഡൻസ് അസോസിയേഷനിലുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി ജനുവരി മുതൽ പൂർണ തോതിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷൻ.