ബംഗളൂരു: മുന്നുദിവസം പിന്നിട്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് യദിയൂരപ്പ കർണാടക മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ ജനതാദൾ-കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആദ്യം തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചതെങ്കിലും ബുധനാഴ്ചയിലേക്ക പിന്നീട് ചടങ്ങ് മാറ്റി. തിങ്കളാഴ്ച രാജീവ്ഗാന്ധിയുടെ ചരമവാർഷിക ദിനമായ മെയ് 21 ആയതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയത്. ചടങ്ങ് മാറ്റാൻ കോൺഗ്രസ് നേതൃത്വം അഭ്യർത്്ഥിച്ചിരുന്നു. ഇതോടെയാണ് ചടങ്ങ് മാറ്റിയത്.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ദേശീയ നേതാക്കളെയെല്ലാം ക്ഷണിച്ച് ബിജെപിക്ക് എതിരെ ശക്തമായ നീക്കം നടത്താനും കോൺഗ്രസും ദളും തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനമേൽക്കാൻ അവകാശവാദം ഉന്നയിച്ച് ജനതാദൾ നേതാവും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കർണാടക ഗവർണർ വാജുഭായ് വാലയെ കണ്ടു. മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ 15 ദിവസം വിശ്വാസം തെളിയിക്കാൻ സാവകാശവും നൽകിയതോടെയാണ് കർണാടകത്തിൽ കോൺഗ്രസ്-ദൾ സഖ്യ സർക്കാരിന് അധികാരമേൽക്കാൻ വേദിയൊരുങ്ങി.

എന്നാൽ 15 ദിവസം കാത്തിരിക്കാതെ അതിന് മുമ്പുതന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാനും സഭവിളിച്ച് വിശ്വാസം തെളിയിക്കാനുമാണ് കോൺഗ്രസും ദളും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നാളെത്തന്നെ മന്ത്രിസഭാ അംഗങ്ങൾ ആരൊക്കെയെന്ന് അന്തിമമായി തീരുമാനിക്കും. തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ തീരുമാനിച്ചതിനാൽ പിന്നാലെ തന്നെ സഭ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. മോദിയുടെയും അമിത്ഷായുടേയും ചാണക്യതന്ത്രങ്ങൾ അവസാനിച്ചുവെന്ന് കോൺഗ്രസോ ദൾ നേതൃത്വമോ കരുതുന്നില്ല. ഇനിയും എംഎൽഎമാരുടെ ചാക്കിട്ടുപിടിത്തത്തിന് സാധ്യതയുണ്ട്. അതിന് അവസരം നൽകാതെ ഏറ്റവും വേഗം സഭയിൽ വിശ്വാസം തെളിയിക്കാനാണ് കുമാരസ്വാമി ശ്രമിക്കുക.

ഇതോടൊപ്പം കർണാടകയിലെ ഇപ്പോഴത്തെ വിജയം ദേശീയ തലത്തിൽ തന്നെ വലിയ ആഘോഷമാക്കി മാറ്റാനും അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘപരിവാർ ഐക്യം രൂപപ്പെടുത്തുന്നതിലേക്ക് എത്തിക്കാനും കോൺഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ, ആന്ധ്രയിൽ നിന്ന് അടുത്തിടെ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ തെലുഗുദേശത്തിന്റെ നേതാവ് ചന്ദ്രബാബു നായിഡു, യുപിയിൽ ബിജെപി വിരുദ്ധ മുന്നണിയുടെ നേതാവായി ബിഎസ്‌പിയുമായി കൈകോർത്ത അഖിലേഷ് യാദവ് തുടങ്ങിയവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയ്ക്ക് കർണാടകത്തിലേ തുടക്കമിടുക എന്ന വലിയ ചുവടുവയ്പായി സത്യപ്രതിജ്ഞയേയും കർണാടകത്തിലെ മതേതര വിജയത്തേയും ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റേയും ദള്ളിന്റേയും തീരുമാനം. ബംഗാളിൽ നിന്ന് മമതയ്ക്കും ക്ഷണമുണ്ടെന്നാണ ഇപ്പോൾ ലഭിക്കുന്ന വിവരം. കൂട്ടത്തിൽ ഇടതുകക്ഷികൾ ഉൾപ്പെടെയുള്ള നേതാക്കളേയും ക്ഷണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പതനം ഒരേ താളത്തിൽ ആഘോഷിക്കുകയാണ് രാജ്യത്തെ ബിജെപി വിരുദ്ധ കക്ഷികൾ. ഗോവയിലും മണിപ്പൂരിലും വിജയിച്ച മോദി-അമിത് ഷാ തന്ത്രം കർണാടകയിൽ തകർന്നു തരിപ്പണമായത് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷമെന്ന ആശയത്തിന് ഇന്ധനമായിക്കഴിഞ്ഞു. കർണാടകത്തിൽ അധികാരം നേടാൻ ബിജെപി കളിച്ച കളികൾ ഉയർത്തിക്കാട്ടാനായതും അതിനെ തോൽപിക്കാനായതും വലിയ നേട്ടമായി കോൺഗ്രസും മറ്റ് ബിജെപി വിരുദ്ധ പാർട്ടികളും വിലയിരുത്തുന്നു. പ്രധാന കക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പം കർണാടകയിലെ ബിജെപിയുടെ പതനം ആഘോഷിക്കുകയാണ്. ജെഡിഎസ്-കോൺഗ്രസ് സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് ഊർജമായി മാറുമെന്ന സന്ദേശവും ഇതോടൊപ്പം പ്രചരിക്കുന്നു.

കർണാടകയിലെ പരാജയത്തെ അധികാരം പിടിച്ചതിലൂടെ തിളക്കമുള്ള വിജയമാക്കി മാറ്റിയ രാഹുൽ ഗാന്ധി ഒറ്റയടിക്കാണ് കരുത്തനായ ദേശീയ നേതാവെന്ന നിലയിലേക്ക് ഉയർന്നത്. മോദി-അമിത് ഷാ തന്ത്രങ്ങൾക്ക് മറുപണി നൽകാൻ തക്ക തന്ത്രങ്ങളും കരുത്തും തനിക്കുണ്ടെന്ന് കർണാടകയിലൂടെ രാഹുൽഗാന്ധി തെളിയിച്ചു. ഇതോടെയാണ് ദേശീയ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന വിശാലപ്രതിപക്ഷമെന്ന ആശയം പിന്നെയുമുയരുന്നത്. യെദ്യൂരപ്പയുടെ രാജിക്കുശേഷം ബിജെപിയെയും പ്രധാനമന്ത്രിയെയും കളിയാക്കിയും വിമർശിച്ചും രംഗത്തുവന്ന രാഹുൽഗാന്ധിക്കൊപ്പം പ്രമുഖ പ്രതിപക്ഷ കക്ഷി നേതാക്കളും രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്. മായാവതിയും യെച്ചൂരിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ശിവസേ നേതാവ് ഉദ്ധവ് താക്കറെയുമടക്കമുള്ള നേതാക്കൾ രാഹുലിനോട് ഐക്യപ്പെട്ടു.

കർണാടകയിൽ സംഭവിച്ച കാര്യങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണെന്ന് ബി.എസ്‌പി നേതാവ് മായാവതി. രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും പിടിച്ചെടുത്ത് ദുരുപയോഗം ചെയ്യുകയാണ് മോദിയും അമിത് ഷായെന്നും അവർ ആരോപിച്ചു. 2019ലെ തന്ത്രങ്ങൾ ബിജെപി മാറ്റിപ്പിടിക്കണമെന്നും മായാവതി ഉപദേശിച്ചു. അതേസമയം, കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിച്ച് ഭരണഘടനാ സംവിധാനങ്ങളെ കാറ്റിൽ പറത്തിയ മോദിയും അമിത് ഷായും ജനങ്ങളുടെ കരുത്തിനെ കുറച്ച് കണ്ടെന്ന് സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി സോണിയാ ഗാന്ധിയുമായി മുമ്പ് നടത്തിയ കൂടിക്കാഴ്ചയും വിശാല പ്രതിപക്ഷമെന്ന ആശയത്തിന് മുതൽക്കൂട്ടാണ്. ശിവസേനയും ബിജെപിക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നിലപാടും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് തിരിച്ചടിയാകും. ഇവരെല്ലാം ഒറ്റക്കെട്ടായി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ തള്ളിക്കളയാനാകില്ല.