പത്തനംതിട്ട: കുമ്പനാട്ട് ചർച്ച് ഓഫ് ഗോഡിന്റെ കൈയേറ്റ ഭൂമിയിൽ ബിജെപിയുടെ കൊടികുത്തിയ സംഭവത്തിൽ സിപിഐഎം കൈയേറ്റക്കാർക്കൊപ്പം. മുളക്കുഴ ആസ്ഥാനമായിട്ടുള്ള ചർച്ച് ഓഫ് ഗോഡിന്റെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ ഉണ്ടെന്ന് പറയുന്ന 15,000 വോട്ടുകൾ മാനത്ത് കണ്ടു കൊണ്ടാണ് കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ചർച്ച് ഓഫ് ഗോഡ് കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച ഗേറ്റ് പൊളിച്ച കർഷക മോർച്ച, ബിജെപി പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യണമെന്ന സമ്മർദം വർധിച്ചതോടെ കോയിപ്രത്തെ പ്രിൻസിപ്പൽ എസ്ഐ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.

ഫെബ്രുവരി ഒന്നിനാണ് കുമ്പനാട് ജങ്ഷനിലുള്ള ചർച്ച് ഓഫ് ഗോഡ് സഭാ ഓഫീസിന് മുന്നിലെ കൈയേറ്റ ഭൂമിയിലെ ഗേറ്റ് കർഷകമോർച്ച പ്രവർത്തകർ പൊളിച്ചത്. ഇത് ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ അജണ്ടയാണെന്നും ബിജെപിക്കാർ പള്ളി പൊളിച്ചുവെന്നുമുള്ള തരത്തിൽ ചർച്ച് ഓഫ് ഗോഡ് അനുയായികൾ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഭയന്നു പോയ ബിജെപി നേതൃത്വം മണിക്കൂറുകൾക്കകം ഗേറ്റ് പുനഃസ്ഥാപിക്കുകയും ആർഎസ്എസുകാർ അതിന് സംരക്ഷണമൊരുക്കുകയും ചെയ്തു. പിന്നീട് കുമ്മനം സഭാ ആസ്ഥാനത്ത് ചെന്ന് മാപ്പിരന്നു. എന്നാൽ, വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് സിപിഐഎം സ്വീകരിച്ചത്. ആദ്യം ഡിവൈഎഫ്ഐയെ സംരക്ഷകരാക്കി ഇറക്കി.

പിന്നാലെ സിപിഎം നേരിട്ടു വന്നു. എന്തു വില കൊടുത്തുംന്യൂനപക്ഷത്തെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതിനിടെയാണ് കൈയേറ്റത്തിന് പിന്നിലെ യഥാർഥ വസ്തുത പുറത്തു വന്നത്. അതോടെ ആപ്പൂരിയ കുരങ്ങന്റെ അവസ്ഥയിലായി സിപിഐഎമ്മും ബിജെപിയും. സർക്കാർ പുറമ്പോക്കെന്ന് കണ്ട് അളന്ന് തഹസിൽദാർ കല്ലിട്ട സ്ഥലത്ത് നിർമ്മിച്ച ഗേറ്റാണ് ബിജെപിക്കാർ പൊളിച്ചടുക്കിയത്. കല്ലു കിടന്ന ഭൂമിയിലാണ് കൊടിനാട്ടിയതും. അങ്ങനെ വരുമ്പോൾ ഭൂമി കൈയേറി കൊടിനാട്ടിയതിന് സർക്കാർ വാദിയായിട്ട് വേണം കേസെടുക്കാൻ. ആ രീതിയിൽ കേസ് എടുത്താൽ പള്ളി ആക്രമണവും ഗേറ്റ് പൊളിക്കലും ചിത്രത്തിൽ ഇല്ലാതാകും.

ഇത് സർക്കാരും ബിജെപിയുടെ കൈയേറ്റവും തമ്മിലുള്ള കേസാകും. അതു കൊണ്ട് സർക്കാരിനോ സിപിഎമ്മിനോ പ്രത്യേകിച്ച് പ്രയോജനം ലഭിക്കുകയുമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സഭാ വിശ്വാസികളുടെ വോട്ട് ഉറപ്പിക്കാനും ബിജെപിയുടെ ന്യൂനപക്ഷപീഡനം തുറന്നു കാട്ടാനും അവർക്കെതിരേ കേസ് എടുക്കുകയും വേണം. ഈ സാഹചര്യത്തിൽ ഗേറ്റ് പൊളിച്ചവർക്കെതിരേ മതസ്പർധ വളർത്തിയെന്ന വകുപ്പിട്ട് കേസെടുക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയത്. നിയമപരമായി ആ വകുപ്പിടാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് കോയിപ്രം എസ്ഐ മെഡിക്കൽലീവിൽ പ്രവേശിച്ചത്. സിപിഎം നേതാക്കൾ പറയുന്നത് അനുസരിച്ച് കേസെടുത്താൽ, ബിജെപി നേതാക്കൾ കേസിന് പോയാൽ താനാകും കുടുങ്ങുക എന്ന് മനസിലാക്കി എസ്ഐ ബുദ്ധിപൂർവം മാറുകയായിരുന്നു.

ബിജെപി കൈയേറ്റ ഭൂമിയിൽ കൊടികുത്താൻ പെട്ടെന്നുണ്ടായ കാരണം ഐപിസി കൺവൻഷനാണ്. ഏഷ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൺവൻഷനാണ് ഐപിസിയുടേത്. ഇവിടെ വരുന്ന വാഹനങ്ങൾക്ക് നേരത്തേ ചർച്ച് ഓഫ് ഗോഡിന്റെ മുറ്റത്ത് പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നു. ഇത്തവണ അതിന് സമ്മതിച്ചില്ല. 1922 ൽ റോബർട്ട് എഫ് കുക്ക് എന്ന സായിപ്പാണ് കുമ്പനാട് ചർച്ചിന്റെ മന്ദിരം സ്ഥാപിച്ചത് എന്നാണ് അവർ അവകാശപ്പെടുന്നത്. അന്നുമുതൽ തങ്ങൾ ഉപയോഗിക്കുന്ന ഭൂമിയാണത്രേ കൈവശം വയ്ക്കുന്നത്. എന്നാൽ, ഇവിടെ മതിൽ നിർമ്മിക്കുന്നതിന് പകരം മുള്ളുവേലിയാണ് ചർച്ച് സ്ഥാപിച്ചിരിക്കുന്നത്. ഇതു തന്നെ കൈയേറ്റഭൂമിയാണെന്നതിന് തെളിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

തിരക്കേറിയ ടൗണിലെ, പാർക്കിങിന് അടക്കം ഉപയോഗിക്കാവുന്ന സർക്കാർ ഭൂമിയാണ് ഇപ്പോൾ സഭ കൈയേറിയിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അത് സഭയ്ക്ക് നൽകാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നത്. ഇതിനെതിരേ പ്രദേശവാസികളായ സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. നാട്ടുകാർക്കും ഈ നിലപാടിനോട് വിയോജിപ്പാണ്. എന്തു വില കൊടുത്തും സഭയെ സംരക്ഷിക്കുക എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നയം. ഇന്ന് വൈകിട്ട് ഐപിസി ജനറൽ പാസ്റ്റർ ടിഎസ് ഏബ്രഹാമിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി പിണറായിയെ തർക്ക ഭൂമിയിൽ എത്തിക്കാനുള്ള നീക്കവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ട്.