ന്യൂഡൽഹി: വളരെ സിമ്പിളായ ഗവർണർ കുമ്മനം ഇന്ന് മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് രാജ്ഭവനിൽ താമസം തുടങ്ങും. കൂറ്റൻ ലഗേജുകളും കുടുംബവും പരിവാരങ്ങളും ഒക്കെയായി വന്നുകയറുന്ന വി.ഐ.പികളെ കണ്ടിട്ടുള്ള ഡൽഹി മിസോറാം ഭവനിലെ ജീവനക്കാർ കൈയും വീശി പരിവാരങ്ങളുമില്ലാതെ കയറിവന്ന നിയുക്ത ഗവർണറെ ആശ്ചര്യത്തോടെ നോക്കി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു ഗോദയിൽ നിന്നു നേരെയെത്തിയ അദ്ദേഹത്തിന്റെ പക്കൽ ആകെയുണ്ടായിരുന്നത് ഒരു വെള്ളക്കുപ്പായം മാത്രമായിരുന്നു. മാറിയുടുക്കാൻ വസത്രമില്ലെന്ന് മനസിലാക്കിയ റസിഡൻസ് കമ്മിഷണർ പി.കെ. ഗുപത ആളെ വിട്ട് ഷർട്ടും മുണ്ടും വരുത്തിച്ചു. അതു വയക്കാൻ രണ്ട് ചെറിയ ട്രോളി ബാഗും.

തലസ്ഥാനത്തെ മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ ബൈബിൾ വായിച്ചു കൊണ്ടാണ് വരവേറ്റത്. പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായനയിലും പ്രാർത്ഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. 'കർത്താവ് എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവനെനിക്കു തണലേകും; പ്രശാന്തമായ ജലാശയത്തിലേയ്ക്ക് അവൻ എന്നെ നയിക്കു'മെന്ന സങ്കീർത്തന ഭാഗമാണു പാസ്റ്റർ വായിച്ചത്.

ഗവർണറായി ചുമതലയേൽക്കാൻ പോകുന്ന നേതാവിന്റെ പകിട്ടേതുമില്ലാതെ വന്ന കുമ്മനത്തിനു യോജിച്ച പ്രാർത്ഥനാവചനങ്ങളായി മാറി. വൈകുന്നേരത്തെ ഗോഹട്ടി വിമാനത്തിൽ പുറപ്പെടും മുമ്പ് ഗവർണർക്കു വേണ്ട അത്യാവശ്യ വസ്ത്രങ്ങൾ സംഘടിപ്പിച്ചതു മിസോറം റസിഡന്റ് കമ്മിഷണർ പ്രവീൺ ഗുപ്തയും സഹപ്രവർത്തകരുമാണ്. ആർഭാടത്തിന്റെ വേഷവിതാനങ്ങൾ കണ്ടു പരിചയിച്ച വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഞെട്ടിച്ചു, മലയാളിത്തത്തിന്റെ ലാളിത്യം.

ഡ്യൂട്ടി ഓഫീസർ നൽകിയ വിമാന ടിക്കറ്റ് നോക്കി പുതിയ ഗവർണറുടെ പേരു വായിക്കാൻ പാടുപെടുകയാണ് മിസോറാം ഭവനിലെ ജീവനക്കാരൻ. ഏറെ പണിപ്പെട്ട് വായിച്ചെടുത്തു: കമ്മാനനൻ രാജൻകരൻ.....അടുത്തു നിന്ന മലയാളി മാധ്യമ പ്രവർത്തകൻ തിരുത്തിയപ്പോൾ കുമ്മനം രാജശേഖരൻ എന്ന് ആവർത്തിച്ച് വായിച്ച് ശരിയാക്കി.

ഞാൻ കൈയും വീശിയാണ് വന്നത്- മിസോറാം ഭവനിൽ വന്ന മലയാളി മാധ്യമ പ്രവർത്തകരോട് കുമ്മനം മനസു തുറന്നു. 2015 ഡിസംബറിൽ തണുപ്പിൽ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാകാൻ നേതൃത്വം വിളിപ്പിച്ചപ്പോഴും ഒരു മുണ്ടും ചുക്കിചുളുങ്ങിയ ഷർട്ടും മാത്രമായിരുന്നു വേഷം. മൂന്നു വർഷങ്ങൾക്കിപ്പുറം പുതിയ ദൗത്യം ഏറ്റെടുക്കുമ്പോഴും കുമ്മനത്തിന് മാറ്റമില്ല.

നിയുക്ത ഗവർണറാണ്. സംസാരത്തിന് നിയന്ത്രണമുണ്ട്. വിവാദങ്ങൾ ഒഴിവാക്കാൻ പത്രസമ്മേളനത്തിന്റെ തുടക്കത്തിലേ അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കി. പക്ഷേ നേരിട്ട ചോദ്യങ്ങൾ ബിജെപിയെയും അദ്ധ്യക്ഷപദവിയെക്കുറിച്ചും. വിവാദങ്ങൾ സപർശിക്കാത്ത മറുപടി. പത്രസമ്മേളനം കഴിഞ്ഞ് മാധ്യമ പ്രവർത്തകരെ മിസോറാം കാന്റീനിലേക്ക് ഉച്ചയൂണിനു ക്ഷണിച്ചു. കാന്റീനിൽ ഭക്ഷണം കഴിക്കുന്ന നിയുക്ത ഗവർണറെ ജീവനക്കാർ അദഭുതത്തോടെ നോക്കി.

ഭരണകാര്യങ്ങളിൽ പരിചയക്കുറവുണ്ട്. അതിനാൽ ഭരണകർത്താവെന്ന നിലയിൽ മോശക്കാരനല്ലെന്നും തെളിയിക്കേണ്ട ബാധ്യതയുമുണ്ട്. സംഘടന ഏൽപിച്ച ജോലിയാണ്. അതിനോടു വിമുഖതയില്ല. ഏറ്റെടുക്കില്ലെന്നു പറഞ്ഞിട്ടുമില്ല ഡൽഹിയിലെത്തിയ നിയുക്ത മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

പദവി ഏറ്റെടുക്കാൻ കുമ്മനത്തിനു താൽപര്യക്കുറവുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അപൂർവം പേരൊഴിച്ചു ഗവർണമാരെല്ലാം രാഷ്്ട്രീയ പശ്ചാത്തലമുള്ളവരാണ് എന്നല്ലാതെ രാഷ്ട്രീയപരമാർശങ്ങൾ നടത്താൻ കുമ്മനം രാജശേഖരൻ മുതിർന്നില്ല. താൻ അധ്യക്ഷനായിരുന്ന രണ്ടര വർഷത്തോളം ബിജെപി കേരളത്തിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് 'അതൊക്കെ അടുത്തയാൾ വിലയിരുത്തട്ടെ'യെന്നായിരുന്നു മറുപടി.