തിരുവനന്തപുരം: കേരളത്തിലെ റോഡിലെ കുഴികൾ കോടതി കയറുകയും കേന്ദ്രമാണോ സംസ്ഥാന സർക്കാറിന്റേതാണോ എന്നത് അടക്കമുള്ള ചർച്ചകൾ നടക്കുകയാണ്. കേരളത്തലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആയതിനാൽ റോഡിൽ കുഴികളേ ഇല്ലെന്ന് വാദിക്കുന്നവരാണ് സൈബർ സഖാക്കളും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സഖാക്കളെ ചൊടിപ്പിച്ച പരസ്യം വന്നത്. കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച പരസ്യമാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമർശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ കയർക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമർശമുണ്ട്.

'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്ര പരസ്യം. ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ചിത്രത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ചാനൽ ചർച്ചകളിൽ ഇടതു നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

പ്രേം കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

'സൗകര്യല്ല; ന്തേ? ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ, സിപിഎം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ, സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ, കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്.

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ. വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ; ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്; ഇന്നിനി കാണുന്നില്ലെന്ന് വെച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.'

ചിത്രത്തിന്റെ പരസ്യം പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുണ്ടെന്നും സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളിൽ പറയുന്നു. ടെലഗ്രാമിൽ കുഴിയില്ലല്ലോ ടെലഗ്രാമിൽ വരുമ്പോ കാണ്ടോളാം എന്നും സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പുകളും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

അതേസമയം സഖാക്കൾ സിനിമ ബഹിഷ്‌ക്കരിക്കണം എന്നു പറയുമ്പോൾ മറുവശത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എവിടെയെന്ന് ചോദ്യവും ഉയരുന്നുണ്ട്. കുഴിരഹിത കേരളത്തെ അപമാനിക്കുന്ന സംസ്ഥാന ദ്രോഹികളാണെന്ന് പരിഹസിച്ചു കൊണ്ടും ചിലർ രംഗത്തുവന്നിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമർശിക്കുന്നുണ്ടായിരുന്നു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. മഴക്കാലമായതിനാൽ സംസ്ഥാനത്തോ റോഡുകളിൽ കുഴികൾ രൂപപ്പെടുന്നതായി വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ദേശീയ പാതയിലെ കുഴിയടക്കാൻ ദേശീയപാത റോഡ് അഥോറിറ്റിയോട് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. കൂടാതെ റോഡുകളിലെ കുഴികൾ അടക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും ചെയ്തിരുന്നു.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. നിയമ പ്രശ്നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടിയിരിക്കുകയാണ്.

യേശുദാസ് - ഓ. എൻ. വി. കുറുപ്പ് കൂട്ടുകെട്ടിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ നിത്യഹരിത ഗാനം 'ദേവദൂതർ പാടി'യുടെ റീമിക്സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഡാൻസും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരുകോടിയിലേറെ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.