- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിരുന്നു; അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണയും ഇല്ല; ഫോണിൽ വിളിക്കും മുമ്പേ തന്നെ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നയം വ്യക്തമാക്കിയിരുന്നു; ഒരു പാർട്ടിയെ ഉന്നംവച്ചാണ് പരസ്യവാചകം ഇറക്കിയതെന്ന് പറയുന്നത് തെറ്റിദ്ധാരണ എന്നും കുഞ്ചാക്കോ ബോബൻ
കൊച്ചി: 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ': ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യമാണ് ഇപ്പോൾ കത്തി നിൽക്കുന്ന വിഷയം. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്ന വിമർശനത്തോടെ സൈബർ സഖാക്കൾ സിനിമാ ബഹിഷ്‌കരണ ആഹ്വാനം വരെ നടത്തി.
സിനിമയുടെ പോസ്റ്റർ വിവാദങ്ങളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് സംസാരിച്ചിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തെ വിളിക്കുന്നതിന് മുൻപ് തന്നെ മന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നുവെന്നും അദ്ദേഹം ആ വാക്യങ്ങൾ ഏത് രീതിയിലാണ് മനസിലാക്കിയതെന്നും വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
'മന്ത്രി റിയാസിനോട് സംസാരിക്കുന്നതിന് മുൻപ് തന്നെ വാർത്താ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. അതിൽ തന്നെ മനസിലാകുന്ന കാര്യമാണ് ഏത് രീതിയിലാണ് ഇത് അദ്ദേഹം എടുത്തതെന്ന്. ഞാൻ അദ്ദേഹത്തെ വിളിക്കുകയല്ല ചെയ്തത്. ഒരു കോമൺ ഫ്രണ്ട് ആണ് ഇങ്ങനെയൊരു വാർത്താ സമ്മേളനം അദ്ദേഹം കൊടുത്തിട്ടുണ്ടെന്ന് ഞങ്ങളെ അറിയിച്ചത്. ആ ഒരു സന്തോഷത്തിലാണ് അദ്ദേഹത്തോട് സംസാരിച്ചത്. തമിഴ്‌നാട്ടിൽ ഉണ്ടായ സംഭവത്തിൽ നിന്നാണ് ഇങ്ങനെയൊരു കഥ ഉണ്ടായത്. അത് തമിഴ്‌നാട്ടിൽ മാത്രം ഉള്ളതല്ല. എല്ലായിടത്തും കാണാൻ ഉള്ളതാണ്. സിനിമ ഈ സമയത്ത് റിലീസ് ആവും, അപ്പോൾ ഈ കുഴിയുടെ പ്രശ്നങ്ങൾ ഇത്ര ഭീകരമായി ഉണ്ടാകും എന്നൊന്നും മുൻകൂട്ടി അറിഞ്ഞിട്ടല്ല. ഇതൊക്കെ സ്വാഭാവികമായും നടക്കുന്ന കാര്യമാണ്.'
'ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുൻപാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാർട്ടിയെ ഉന്നംവച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി ജനം അനുഭവിച്ചുവരുന്നവയാണ്. അത് ഏതു പാർട്ടി ഭരിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. ഇതിന് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് എടുത്ത സിനിമയെ ചെറിയ വിഭാഗം തെറ്റിദ്ധരിക്കുകയും ടെലഗ്രാമിൽ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അതിനേക്കാൾ ഹീനമായ പ്രവൃത്തിയാണ്.' കുഞ്ചാക്കോ ബോബൻ പറഞ്ഞു.
സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതിയെന്നായിരുന്നു വിവാദങ്ങളിൽ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ഗൗരവമായി കാണേണ്ട ആവശ്യമില്ലെന്നും ക്രിയാത്മകമായ നിർദ്ദേശങ്ങളും വിമർശനങ്ങളുമെല്ലാം രണ്ട് കൈയും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു റിയാസ് പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ