കൊല്ലം: കേരളത്തെ ഞെട്ടിച്ച കുണ്ടറ പീഡന കേസിൽ യഥാർത്ഥ പ്രതി വലയിലായപ്പോൾ പുറത്തു വന്നത് മറ്റൊരു കേസിന്റെ സുപ്രധാന വിവരം കൂടി. കുണ്ടറ സിഐയും എസ്‌ഐയും ചേർന്ന് കേസുകൾ അട്ടിമറിക്കുന്നത് പതിവാക്കിയവരാണെന്ന് ബോധ്യമാകുന്ന വിധത്തിലാണ് ഇപ്പോൾ മറ്റൊരു കേസു കൂടി തെളിഞ്ഞിരിക്കുന്നത്. കുണ്ടറയിൽ രണ്ടുമാസം മുൻപ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്നു കണ്ടെത്തിയാണ് ഇപ്പോഴത്തെ സംഭവം. നേരത്തെ പൊലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസാണ് ഇപ്പോൾ വീണ്ടും അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയെ അറസ്റ്റു ചെയ്തു. കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ കേസും പുനഃരന്വേഷണത്തിനെത്തിയത്. നിലവിൽ സസ്‌പെൻഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്തുഞെരിച്ചതിനെ തുടർന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ച അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണ ഷാജിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായത്.

കേസ് അന്വേഷണത്തിന്റെ തുടക്കത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചതാണ് കേസ് തെളിയാതിരിക്കാൻ കാരണമായി. കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയ കുണ്ടറ സി.ഐയും എസ്.ഐയുമാണ് ഷാജിയുടെ മരണവും നേരത്തെ ആത്മഹത്യയാണെന്ന് വിലയിരുത്തിയത്. ഇത് അറിഞ്ഞു കൊണ്ടുള്ള ഒത്തുതീർപ്പാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.

അതേസമയം കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടർ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പത്തുവയസുകാരിയെ ഒരുവർഷത്തോളം പീഡനത്തിനിരയാക്കി.കുട്ടിയുടെ അച്ഛൻ വീടുവിട്ടശേഷമാണ് പീഡനം തുടങ്ങിയതെന്നും ലൈംഗികാക്രമണം നടത്താൻ മനഃപൂർവം സാഹചര്യം സൃഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തി. മരിച്ച കുട്ടിയുടെ അമ്മയുടെ അച്ഛൻ വിക്ടറാണ് അറസ്റ്റിലായത്. ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിക്ടറിന്റെ ഭാര്യ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്. ലോഡ്ജ് മാനേജരായ വിക്ടർ മുൻപ് കൊല്ലത്ത് അഭിഭാഷകന്റെ സഹായിയായിരുന്നു.