കൊല്ലം: മണിക്കൂറുകൾ നീണ്ട ഡ്യൂട്ടിക്കിടെ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടിൽ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എ എസ് ഐ മരിച്ചു. എഴുകോൺ സ്റ്റേഷനിലെ എ എസ് ഐ പെരുമ്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തിൽ ബി ശ്രീനിവാസൻ പിള്ള (47) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോൺ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 നാണ് ശ്രീനിവാസൻപിള്ള ഡ്യൂട്ടിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. അതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്കു സാരമായി പരുക്കേറ്റ ശ്രീനിവാസൻപിള്ളയെ സഹപ്രവർത്തകർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മസ്തിഷ്‌കാഘാതം സംഭവിച്ചു. ബന്ധുക്കൾ സമ്മതമറിയിച്ചതിനെത്തുടർന്നു വൃക്ക, കരൾ എന്നീ അവയവങ്ങൾ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലേക്കു ദാനം ചെയ്തു.

ശ്രീനിവാസൻ പിള്ളയ്ക്ക് സഹപ്രവർത്തകർ വികാര നിർഭരമായ യാത്രാമൊഴിയേകി. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്നു അവയവദാനവും പൂർത്തിയാക്കിയ ശേഷം വിട്ടുകിട്ടിയ മൃതദേഹം എആർ ക്യാംപിൽ പൊതുദർശനത്തിന് വച്ച ശേഷമാണു വൈകിട്ട് ഏഴോടെ എഴുകോൺ സ്റ്റേഷനിൽ എത്തിച്ചത്. റൂറൽ എസ്‌പി കെ.ബി.രവി, ഡിവൈഎസ്‌പി ആർ.സുരേഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ഇൻസ്‌പെക്ടർ എസ്എച്ച്ഒ ടി.എസ്.ശിവപ്രകാശ്, പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.രാജേഷ് , സെക്രട്ടറി ആർ.എൽ.സാജു, പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.വിനോദ്, സെക്രട്ടറി എസ്.ഗിരീഷ്, ട്രഷറർ വി.ചിന്തു തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

ഇതര സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. 2 വർഷത്തിലേറെയായി എഴുകോൺ സ്റ്റേഷനിൽ ജോലി നോക്കുകയായിരുന്നു ശ്രീനിവാസൻപിള്ള. സംഭവദിവസം തലേന്നു ജി ഡി ചാർജിലായിരുന്ന ശ്രീനിവാസൻപിള്ള രാത്രി ഉറക്കമില്ലാതെ ജോലിയിലായിരുന്നു.