തൃശൂർ: കുന്നംകുളം ആനയ്ക്കലിൽ ഭർത്താവ് ഉറങ്ങി കിടന്ന ഭാര്യയെ വെട്ടിക്കൊന്നു. പനങ്ങാട്ട് വീട്ടിൽ പ്രദീപിന്റെ ഭാര്യ ജിഷയാണ് (33) കൊല്ലപ്പെട്ടത്. ജിഷയുടെ ശരീരത്തിൽ 19 വെട്ടുകളുണ്ട്. പ്രതി പ്രദീപ് പൊലീസിൽ കീഴടങ്ങി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

കൊലപാതകം നടക്കുന്ന സമയത്ത് ഇവരുടെ മകൾ മകൾ സ്‌നേഹ (13) വീട്ടിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം. ഒൻപതാം ക്ലാസുകാരിയായ മകളും ഭാര്യയും ഭർത്താവും ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. രാത്രി എഴുന്നേറ്റ പ്രദീപ് വെട്ടുകത്തിയുമായി എത്തി ജിഷയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ജിഷ എഴുന്നേറ്റ് പ്രാണരക്ഷാർഥം ഓടി. വെട്ടുകത്തിയുമായി പുറകെ ഓടിയ പ്രദീപ് ഹാളിൽ വച്ചു വീണ്ടും വെട്ടി.

തുടർന്നു പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജിഷയുടെ മൃതദേഹം കുന്നംകുളം താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഗൾഫിലായിരുന്ന പ്രദീപ് കഴിഞ്ഞ നവംബറിലാണു നാട്ടിൽ തിരിച്ചെത്തിയത്. കാരയിൽ പരമേശ്വരന്റെ മകളാണു ജിഷ.