- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി കുന്നോത്ത് ഫൊറോന പള്ളിമേടയിലെ ആൾക്കൂട്ട വിചാരണ; ഇരയായ സഭാവിശ്വാസിക്കു മുമ്പിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് അൽമായ പ്രോട്ടക്ഷൻ ഫോറം; ജിൽസ് ഉണ്ണിമാക്കലിനെ പൊന്നാട അണിയിച്ചും മാതൃകയായി; പുരോഹിതരുടെ തെറ്റിന് വിശ്വാസികൾ മാപ്പിരക്കിയ സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യം
തലശ്ശേരി: കുന്നോത്ത് ഫൊറോന പള്ളിമേടയിലെ ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിനിനോടും മാത്യൂ ചേരുപറമ്പിലിനോടും മുട്ടുകുത്തി മാപ്പ് ചോദിച്ച് സഭാവിശ്വാസികൾ. അൽമായ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളുടെ നേതൃത്വത്തിലാണ് മാപ്പിരക്കൽ നടന്നത്. പുരോഹിതരുടെ തെറ്റിന് ഇരകളോട് വിശ്വാസികൾ മാപ്പിരക്കിയ സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ്.
പള്ളിമേടയിൽ ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിന്റെ മുന്നിൽ മുട്ടുകുത്തി നിന്നാണ് അൽമായ പ്രതിനിധികളുടെ നേതൃത്വത്തിൽ മാപ്പിരക്കൽ നടന്നത്. തുടർന്ന് ജിൽസ് ഉണ്ണിമാക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇടവകപ്പള്ളിയിൽ നടന്ന പള്ളിനിർമ്മണത്തിലും മറ്റും നടത്തിയ ലക്ഷക്കണക്കിനു രുപയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന മാത്യൂ ചെരുപറമ്പിലിനോട് പള്ളിവികാരി ഫാദർ അഗസ്റ്റ്യൻ പാണ്ടി മാക്കൽ മുൻവൈരാക്യത്തോടെ പെരുമാറിയെന്ന ആരോപണങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ. ക്യാൻസർ ബാധിതനായി കഴിഞ്ഞിരുന്ന മാത്യൂവിന്റെ പതിനാറു വയസുകാരനായ മകൻ രോഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കിലെത്തിയ ഘട്ടത്തിൽ കുമ്പസാരിച്ച് പരിശുദ്ധകുർബാന സ്വീകരിക്കണമെന്നും മകന് അന്ത്യകൂദാശ നൽകണമെന്നും അപേക്ഷിച്ചെങ്കിലും മുൻ വൈരാഗ്യം മൂലം പള്ളിവികാരിയായ അഗസ്ത്യൻ അച്ചൻ
നിഷേധിച്ചെന്നാണ് ആക്ഷേപം നിലനിൽക്കുന്നത്.
തുടർന്ന് മാത്യു ചേരുപറമ്പിൽ സ്നേഹിതരേയും കൂട്ടി മെത്രാനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല. മാത്യൂവിന്റെ മകന് അന്ത്യകൂദാശ നൽകാതിരുന്ന പള്ളിവികാരി സംസ്‌കാരകർമ്മങ്ങൾക്ക് ശേഷം നടത്തേണ്ട ഒപ്പീസിനും കുർബാനക്കും പങ്കെടുക്കാൻ വിസമ്മതിച്ചു. കൂടാതെ വീടുവെഞ്ചരിപ്പിനുമുള്ള പണം പള്ളിയിൽ അടച്ചു മാത്യു കാത്തിരുന്നെങ്കിലും ഇവ നടത്തിക്കൊടുക്കാൻ അച്ചൻ വിസമ്മതിച്ചെന്നാണ് പരാതി ഉയർന്നത്.
മാത്യു ചെരുപറമ്പൽ പിന്നീട് ഇക്കാര്യങ്ങൾ തന്റെ ഫേസ്‌ബുക്കിലൂടെ തുറന്നുപറഞ്ഞിരുന്നു. വാണിയപ്പാറ ഇടവക അംഗമായ ജിൽസ് ഉണ്ണിമാക്കൽ ഇത് ഷെയർ ചെയ്യുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഫാ. അഗസ്റ്റ്യൻ ജിൽസിനെതിരെ ആൾക്കൂട്ട ആക്രമണത്തിന് മുൻകൈയെടുത്തു എന്നാണ് പരാതി ഉയർന്നത്.
വാഹനങ്ങളിൽ എത്തിയ ഗുണ്ടകൾ ജിൽസ് ഉണ്ണിമാക്കലിനെ വീട്ടിൽ നിന്നും ബലമായി പള്ളിയിലേയ്ക്ക് കുട്ടിക്കൊണ്ടുപോയി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയത് പള്ളി വികാരി ഫാദർ അഗസ്റ്റ്യൻ പാണ്ടി മാക്കലിന്റെ നിർദ്ദേശത്തെത്തുടർന്നാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ആക്രമണത്തിനിരയായ ജിൽസ് പ്രാണരക്ഷാർത്ഥം കുതറിഓടി പള്ളിമുറിയിൽ കയറുകയായിരുന്നു. പിന്നാലെയെത്തിയ കൈക്കാരനുൾപ്പടെയുള്ള ഒരു പറ്റം ഗുണ്ടകൾ അകത്തുകയറി പള്ളിമുറിയിലേയ്ക്കുള്ള ഗെയിറ്റ് അടച്ചുപൂട്ടി ജിൽസിനെ ആക്രമിച്ചു തുടങ്ങി. ഈ സമയം എല്ലാം നോക്കിക്കൊണ്ട് വികാരിയച്ചനും അടുത്തുതന്നെ നിലയുറപ്പിച്ചു.
തുടർന്ന് ഗെയിറ്റിന് അകത്തും പുറത്തുമായി നിലകൊണ്ട ആൾക്കുട്ടത്തോട് പലവട്ടം ജിൽസ് കരഞ്ഞുകൊണ്ട് മാപ്പുചോദിച്ചുവെങ്കിലും അച്ചനുവേണ്ടി കൈക്കാരന്റെ കാലുപിടിക്കുവാൻ ആവശ്യപ്പെട്ടതിൻപ്രകാരം കുത്തിയിരുന്ന് കാലുപിടിച്ചതിനു ശേഷമാണ് ജിൽസിനു ജീവൻ തിരികെ കിട്ടിയത്.
ഈ സംഭവം മനപ്പൂർവ്വമായി ഫാ. അഗസ്റ്റ്യൻ ആസൂത്രണം ചെയ്ത കൊലപാതക ശ്രമമായിരുന്നു. അച്ചന്റെ നേതൃത്വത്തിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം ഉയർന്നത്.
യേശുവിന്റെ പ്രതിപുരുഷന്മാരാണെന്ന് സ്വയം അവകാശപ്പെടുന്ന വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്ന് അൽമായ പ്രോട്ടക്ഷൻ ഫോറം ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളുടെമേലും കന്യാസ്ത്രീകളുടെമേലുമുള്ള ഒരു കൂട്ടം വൈദികരുടെ അതിക്രമങ്ങളും കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും നാൾക്കുനാൾ കൂടികൂടി വരുന്നതിൽ ക്രിസ്തീയ വിശ്വാസികൾ അതീവ ദുഃഖിതരാണ്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പുരോഹിതരുടെ തെറ്റുകൾക്ക് ഇരകളോട് പരസ്യമായി മാപ്പുപറയുവാൻ വിശ്വാസികൾ മുന്നോട്ടുവന്നിരിക്കുന്നത്.
വിശ്വാസികളുടെ സംരക്ഷണത്തിനായി ഒരു പൊതു സംഘടന ആവശ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നും വിശ്വാസികളുടെ പ്രതിനിധികൾ തൊടുപുഴയിൽ എത്തിചേർന്ന് അത്മായ പ്രൊട്ടക്ഷൻ ഫോറം എന്ന പൊതു സംഘടനക്ക് രൂപം നൽകിയത്.
ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ ആദ്യമായാണ് വൈദീകർ ചെയ്ത തെറ്റിന് അവർക്കുവേണ്ടി ഇരകളോട് വിശ്വാസികൾ മാപ്പിരക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിവിധ ജില്ലകളിൽ നിന്നുംഎത്തിയ അത്മായ പ്രതിനിധികൾ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്.
പ്രൊഫസർ പി സി ദേവസ്യ , അഡ്വ. ജോസ് അരകുന്നേൽ, ജോസഫ് കാലായിൽ മാഷ്, റെജി ഞള്ളാനി, അഡ്വ. ഷാജി ജോസഫ് എം. എൽ അഗസ്തി, അഡ്വ. ജോസ് പാലിയത്ത് ,പി വി ബേബി ,ജോസ് കാരുപറമ്പിൽ ,ഓ. ഡി. കുര്യാക്കോസ്, മാത്യൂ കെ പി മാഷ് ,കെ ജി പോൾ, ,സി സി ബേബിച്ചൻ തുടങ്ങിയവർ മാപ്പിരക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.
ന്യൂസ് ഡെസ്ക്