തിരുവനന്തപുരം: രാജ്യത്തെ നഗരവികസനത്തിനായി, ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജന്റം) പദ്ധതിയിലൂടെ സംസ്ഥാനത്തിന് ലഭിച്ച 1020 ബസുകളിൽ നിലവിൽ നിരത്തിലുള്ളത് 150 എണ്ണം മാത്രം. ജന്റം ബസുകളുടെ സർവീസിനായി കെ.എസ്.ആർ.ടി.സി. തുടങ്ങിയ കെ.യു.ആർ.ടി.സി. പ്രവർത്തനം നിലയ്ക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി കിട്ടിയ ബസുകളിൽ പകുതിയോളം പേരുമാറ്റി മറ്റ് സർവീസുകൾക്ക് ഉപയോഗിക്കുന്നു.

കണ്ടം ചെയ്യാനായി മാറ്റിയിട്ടിരിക്കുന്ന 920 ബസുകളിൽ 239 എണ്ണം ജന്റം ആണെന്ന് കെ.എസ്.ആർ.ടി.സി. അടുത്തിടെ ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. കണ്ടം ചെയ്യുന്ന ബസുകൾ തേവര, പാറശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ചാത്തന്നൂർ, ആറ്റിങ്ങൽ, ചേർത്തല, എടപ്പാൾ, ചിറ്റൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ യാർഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഒരുകോടി 10 ലക്ഷം രൂപയാണ് ഒരു ബസ് റോഡിലിറക്കുന്നതിന് മുടക്കിയത്. 2015-ൽ കൊച്ചി തേവര ആസ്ഥാനമായി രൂപവത്കരിച്ച കെ.യു.ആർ.ടി.സിയുടെ കീഴിലുള്ള ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്. 1000 കോടിയിലേറെ രൂപയുടെ മുതലാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇതോടെയാണ് ആസ്ഥാനത്തിനും താഴുവീണത്. തുരുമ്പെടുത്ത 900 ബസുകളിൽ 10 എണ്ണം ആക്രിവിലയ്ക്ക് വിൽക്കാനും ബാക്കി ഷോപ്പ് ഓൺ വീലാക്കാനുമാണ് പുതിയ തീരുമാനം.

കേന്ദ്രസർക്കാരിന്റെ പദ്ധതിപ്രകാരം സംസ്ഥാനത്തിന് അനുവദിച്ച ഇലക്ട്രിക് ബസുകൾ എത്തിത്തുടങ്ങിയതിനാൽ ജന്റം ബസുകൾ പൂർണമായും നിരത്തുവിടും. കൊച്ചി നഗരത്തിന് കിട്ടിയ അറുപതിലേറെ ലോഫ്ളോർ ബസുകൾ അറ്റകുറ്റപ്പണി നടത്താതെ പൂർണമായി നശിച്ചുകഴിഞ്ഞു. തേവര ഡിപ്പോയിൽമാത്രം തുരുമ്പെടുത്ത് നശിച്ചത് 60 കോടി അറുപതുലക്ഷം രൂപയുടെ ബസുകളാണ്.

ജന്റം ബസുകൾ നഗരങ്ങൾ ലക്ഷ്യമിട്ടായതിനാൽ ഉടമസ്ഥാവകാശം നഗരസഭയ്ക്കും നടത്തിപ്പ് കെ.എസ്.ആർ.ടി.സിക്കുമെന്നായിരുന്നു തുടക്കത്തിൽ ധാരണ. ബസുകളുടെ എണ്ണം കൂടിയപ്പോൾ നിയന്ത്രണം പൂർണമായും കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തു. രണ്ടാംഘട്ടത്തിൽ 300 ബസുകൾ കൂടി എത്തിയപ്പോഴാണ് കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്.

ജന്റം ബസുകൾ കേരളത്തിലെ നഗരങ്ങൾക്ക് അനുയോജ്യമല്ലെന്നും തങ്ങൾക്ക് ബാധ്യതയായി മാറിയെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. സാധാരണബസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് തിരിയാൻ ഏറെസ്ഥലം വേണം. സീറ്റുകൾ ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ല എന്നീ വാദങ്ങളും കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ട്. സാധാരണ ബസുകൾക്ക് 4.10 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ ഇവയ്ക്ക് 3.40 കിലോമീറ്ററേയുള്ളൂ. കിലോമീറ്ററിന് 60 -70 രൂപ ചെലവുണ്ട്. വരവ് 40-50 രൂപ മാത്രം.

ജവാഹർലാൽ നെഹ്റു നഗര നവീകരണ പദ്ധതിയുടെ ഭാഗമായി തേവരയിൽ സ്ഥാപിച്ച കെ യു ആർ ടി സി ടെർമിനാളിന്റെ പ്രവർത്തനം 2016 ൽ ആണ് തുടങ്ങുന്നത്. നഗര ഗതാഗത നവീകരണത്തിലെ തന്നെ നാഴികക്കല്ലായിരുന്നു ഈ ടെർമിനൽ.

കെ യു ആർ ടി സി ബസുകൾക്ക് ഒരു കോടി വരെ പ്രതിദിന വരുമാനം ലഭിച്ചിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ വരവോടെ ഇതെല്ലാം മാറിമറിഞ്ഞു. ബസുകൾക്ക് സർവീസുകൾ ഇല്ലാതെയായി. ജീവനക്കാരുടെ എണ്ണം കുറച്ചും ബസുകൾ വെട്ടിനിരത്തിയും നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാതെയും കോർപ്പറേഷൻ പൂട്ടിക്കെട്ടുകയാണ്.

നഷ്ടത്തിലായ ബസുകൾ ഇപ്പോൾ ആക്രി വിലക്ക് വിൽക്കാൻ ഇട്ടിരിക്കുകയാണ് സർക്കാർ. അവസാന പ്രതീക്ഷയുമായി എത്തിയ ചിൽബസുകളും ഓടാതായതോടെ ഓഫീസ് കെട്ടിടമുൾപ്പെടെ അടച്ച് പൂട്ടി. സ്പെയർപാർട്സ് ലഭ്യമല്ലാത്തതിനാൽ ബസുകൾ പലതും കട്ടപ്പുറത്തായി. 190 എ സി ബസുകൾ ഉൾപ്പെടെ 720 ലോഫ്‌ളോർ ബസുകളുമാണ് ഒരു സമയത്ത് സർവീസ് നടത്തിയിരുന്നത്.

അടുത്ത കാലത്ത് വരെ സർവീസ് നടത്തിയിരുന്ന പല ബസുകളുടേയും സ്ഥിതി ദയനീയമാണ്. എലി തുരന്നുനശിപ്പിച്ച സീറ്റുകൾ. ചോർന്നൊലിക്കുന്ന മേൽക്കൂരകൾ. ഇഴജന്തുക്കളാണ് ഇന്നിതിലുള്ളത്. പലതും ബസ്സാണെന്നുപോലും തോന്നില്ല. കൊച്ചി തേവര കെ.യു.ആർ.ടി.സി. ഡിപ്പോയിലെ കാഴ്ചകൾ അധികൃതരുടെ അനാസ്ഥയാൽ പൊതുമുതൽ നശിപ്പിക്കപ്പെടുന്നതിന്റെ നേർചിത്രമാണ്.