കോട്ടയം: കുറുവിലങ്ങാട്ടെ വിവാദ മഠത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത. കന്യാസ്ത്രീ മഠം അടച്ചു പൂട്ടി സമരം ചെയ്ത കന്യാസ്ത്രീകളെ മഠത്തിൽ നിന്നും പുറത്താക്കാൻ നീക്കങ്ങങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലേക്ക് ഫ്രാങ്കോ അനുകൂലികളായ രണ്ട് കന്യാസ്ത്രീകൾ ഇല്ലാത്ത അവധി ഉണ്ടാക്കി വന്നു താമസിക്കുന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ജലന്ധറിലെ സ്‌കൂളുകളിൽ പ്രഥാന അദ്ധ്യാപികമാരായ രണ്ട് കന്യാസ്ത്രീകളാണ് ഇല്ലാത്ത അവധി ഉണ്ടാക്കി മഠത്തിൽ വന്ന് യാതൊരു കാരണവുമില്ലാതെ താമസിക്കുന്നത്.

ഇരയും സാക്ഷികളുമായ കന്യാസ്ത്രീകൾ താമസിക്കുന്നമഠത്തിലേക്കുള്ള ഫ്രാങ്കോ അനുകൂലികളായ ഈ കന്യാസ്ത്രീമാരുടെ വരവ് സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാനാണെന്ന സംശയവും ബലപ്പെടുത്തുന്നു. കേസിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ഇവർ ഇവിടെയെത്തിയിരിക്കുന്നത്. ഇത് ഇരയേയും സാക്ഷികളേയും സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും കണക്കു കൂട്ടൽ. അതേസമയം ഇരയേയും സാക്ഷികളെയും സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ ഇവരുടെ വരവിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇരയ്ക്കൊപ്പമുള്ള കന്യാസ്ത്രീകൾ പറയുന്നു.

ജലന്ധർ സെന്റ് മേരീസ് കോൺവെന്റിലെ സി. സ്റ്റെല്ലയും ചമിയാരി സെന്റ് മേരീസ് കോൺവെന്റിലെ സി.അനിറ്റുമാണ് ഈ മാസം ആറു മുതൽ കുറവിലങ്ങാട് മഠത്തിൽ താമസത്തിനെത്തിയത്. ഇവിടെയുള്ള ബിഷപ്പ് അനുകൂലികളായ രണ്ട് കന്യാസ്ത്രീകൾക്ക് സംരക്ഷണത്തിന് വേണ്ടിയാണ് ഒരു മാസത്തേക്ക് വന്നിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവരുടെ ഈ വാദം ഒരു പുകമറ മാത്രമാണെന്നതാണ് സത്യം. അവധി എടുക്കാൻ കഴിയാത്ത വിധം തിരക്കുള്ള സ്‌കൂൾ പ്രിൻസിപ്പൾമാരാണ് ഈ രണ്ട് കന്യാസ്ത്രീകളും. എന്നിട്ടും ഇവർ ഒരു മാസം അവധിയെടുത്ത് വന്നതാണ് മറ്റുള്ളവരിൽ സംശയം ഉണ്ടാക്കുന്നത്.

മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് എല്ലാ കന്യാസ്ത്രീകളും നിർബന്ധിതമായി ധ്യാനത്തിന് പോകണമെന്ന സഭയുടെ നിർദ്ദേശം പോലും ഇവർക്ക് വേണ്ടി ഇളവ് ചെയ്തിരുന്നു. പ്രിൻസിപ്പൽമാരായതിനാൽ സ്‌കൂളിൽ നിന്നും മാറിനിൽക്കാൻ കഴിയില്ലെന്ന് കാണിച്ചാണ് ഇവരെ ധ്യാനത്തിൽ നിന്നു പോലും ഒഴിച്ചു നിർത്തിയത്. അതിനാൽ തന്നെ ഇവരുടെ വരവിനെ ദുരൂഹമായാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ കാണുന്നത്. മറ്റു രണ്ടു പേർക്ക് കൂട്ടിനു വന്നതാണെങ്കിൽ ഇത്രയും ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ ഇരിക്കുന്ന ഇവർതന്നെ വരണമെന്നില്ലല്ലോയെന്നാണ് കന്യാസ്ത്രീകൾ ചോദിക്കുന്നത്.

ഇതിന് പിന്നാലെയാണ് മഠം പൂട്ടാനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോർട്ടും പുറത്ത് വരുന്നത്. മഠം അടച്ചുപൂട്ടി തങ്ങളെ പുറത്താക്കാൻ ഇവർക്ക് നീക്കമുണ്ടോയെന്നും ഇവിടുത്തെ കന്യാസ്ത്രീകൾ തന്നെ സംശയിക്കുന്നുണ്ട്. മഠത്തിനോട് ചേർന്നുള്ള വൃദ്ധമന്ദിരത്തിലെ ചില അന്തേവാസികളോട് വേറെ സ്ഥലം നോക്കാൻ അധികൃതർ നിർദേശിച്ചതായി വിവരമുണ്ട്. ഇതാണ് ഓരോരുത്തരെ പറഞ്ഞുവിട്ട് മഠം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കാൻ കാരണമായത്. അതേസമയം എന്തുവന്നാലും തങ്ങൾ ഇവിടെനിന്ന് ഇറങ്ങില്ല എന്ന ഉറച്ച നിലപാടിലാണ് ഇവിടുത്തെ സ്ഥിരം അന്തേവാസികളായ കന്യാസ്ത്രീകൾ. കാരണം, ഞങ്ങൾ സഭയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചുവീടും വീട്ടുകാരേയും ഉപേക്ഷിച്ചുവന്നരാണ്. തിരിച്ചുപോകാൻ വീടുകളില്ല. മാത്രമല്ല, കേസിലെ ഇരയും സാക്ഷികളുമായ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയുമാണെന്നും കന്യാസ്ത്രീകൾ പറയുന്നു.

ജലന്ധറിൽ നിന്ന് വന്ന കന്യാസ്ത്രീകളിൽ സി.അനിറ്റ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ മിഷണറീസ് ഓഫ് ജീസസ് മദർ ജനറാൾ ആയിരിക്കുമ്പോൾ അസിസ്റ്റന്റ് മദർ ജനറാൾ ആയിരിന്നു. പരാതിക്കാതിക്കൊപ്പം ആദ്യഘട്ടത്തിൽ ഉറച്ചുനിന്നിരുന്ന ഇവർ പൊലീസ് കേസ് വന്നതോടെ പരാതിക്കാരിയിൽ നിന്ന് അകന്ന് ബിഷപ്പിനൊപ്പം ചേരുകയായിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയ കന്യാസ്ത്രീകളുടെ സംഘത്തിലും ഇരുവരുമുണ്ടായിരുന്നു.

കന്യാസ്ത്രീ മഠങ്ങളിൽ സാധാരണ സ്ഥലംമാറ്റങ്ങൾ ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ് നടക്കുന്നത്. എന്നാൽ ഇവരുടെ അപ്രതീക്ഷിതമായ സ്ഥാനചലനത്തിനു പിന്നിൽ ജലന്ധറിലെ ചില വൈദികരുടെ ഇടപെടലും സംശയിക്കുന്നുണ്ട്. ഈ മാസം മൂന്നിനാണ് ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞത്. തൊട്ടുപിന്നാലെ ഫ്രാങ്കോയുടെ വലംകൈ ആയ ഒരു വൈദികൻ ജലന്ധറിൽ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടി ഇടപെടലാണ് അടിയന്തിരമായി ഈ രണ്ട് കന്യാസ്ത്രീകൾ കുറവിലങ്ങാട് എത്താൻ കാരണമെന്ന് സംശയിക്കുന്നു. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആയി ബിഷപ്പ് അഗ്നെലോ ഗ്രേഷ്യസ് എട്ടിന് ചുമതലയേൽക്കുമെന്ന് അറിയിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി ഇവർ കേരളത്തിൽ എത്തിയത്. പുതിയ അഡ്‌മിനിസ്ട്രേഷർ ചുമതലയേറ്റാൽ പിന്നെ ഇവരുടെ നീക്കങ്ങൾക്ക് രൂപതയുടെ രക്ഷാധികാരിയെന്ന നിലയിൽ അദ്ദേഹം കൂടി അറിഞ്ഞിരിക്കണം.

ജലന്ധറിലുള്ള ഒട്ടുമിക്ക കന്യാസ്ത്രീകളും ആദ്യഘട്ടത്തിൽ പരാതിക്കാരിക്ക് ഒപ്പമായിരുന്നു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമായതോടെ പലരും കാലുമാറി. അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കണ്ടതോടെ മറ്റേതെങ്കിലും നീക്കവുമായാണോ ഇവർ എത്തിയതെന്ന് പരാതിക്കാരിക്ക് ഒപ്പമുള്ളവർ സംശയിക്കുന്നു. ഇവരുടെ വരവ് പൊലീസും അറിഞ്ഞിരുന്നില്ല. സുപ്രധാനമായ ഒരു കേസിലെ ഇരയും സാക്ഷികളും താമസിക്കുന്ന ഇടത്താണ് ദുരൂഹ സാഹചര്യത്തിൽ രണ്ടു പേർ താമസത്തിനെത്തുന്നത്. ഇരയ്ക്കും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന കോടതിയുടെ നിർദേശവുമുള്ളതാണ്. ഇവരിൽ നിന്നും ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പൊലീസിനോട് അത്തരത്തിൽ പരാതിയൊന്നൂം പറയേണ്ടിവന്നിട്ടില്ലെന്നൂം കന്യാസ്ത്രീകൾ പറയുന്നു.