കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കടൽനിരപ്പ് വർഷം തോറും അപകടകരമായ വിധത്തിൽ ഉയരുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ കുറച്ച് കാലമായി വർധിച്ച് വരുകയാണ്. ഏറ്റവും പുതിയ ഗവേഷണങ്ങൾ പ്രകാരം ഇന്ത്യൻ തീരങ്ങളിലുടനീളം കടൽ നിരപ്പ് ഈ നൂറ്റാണ്ട് അവസാനത്തോടെ 3.5 ഇഞ്ച് മുതൽ 34 ഇഞ്ച് വരെ വർധിക്കുമെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്.അതായത് 2.8 അടി വരെയായിരിക്കും ഈ ഉയർച്ച.ആഗോള താപനത്തിലെ വർധനവാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തൽഫലമായി സമുദ്രതീരത്തോട് ചേർന്ന് നിൽക്കുന്ന നിരവധി ഇന്ത്യൻ നഗരങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്യും.

ഇത് പ്രകാരം കൊച്ചിക്കും കുട്ടനാടിനും മുംബൈയ്ക്കും ഇനി 30 വർഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ...? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇത്തരത്തിൽ കടൽ ഉയരുന്നതിനെ തുടർന്ന് കൊച്ചി അടക്കമുള്ള നിരവധി നഗരങ്ങളാണ് ആദ്യം മുങ്ങിത്താഴുക. കുട്ടനാട് അടക്കം ദക്ഷിണ കേരളത്തിലെ അനേകം സ്ഥലങ്ങളും പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.ഈ പ്രതികൂലമായാ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് മുംബൈ അടക്കമുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കടുത്ത പ്രത്യാഘാതമായിരിക്കും ഉണ്ടാകുന്നത്. കൂടാതെ കിഴക്കൻ ഇന്ത്യയിലെ പ്രധാന ഡെൽറ്റകളുടെ സ്ഥിതിയും അവതാളത്തിലാകുമെന്നും ഗവൺമെന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിൽ വെളിപ്പെടുത്തുന്നു.

ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ ഇത് സംബന്ധിച്ച പഠനഫലങ്ങൾ വെളിപ്പെടുത്തവെയാണ് ലോക്സഭയിൽ ഈ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് മുംബൈ, ഖമ്പാറ്റ്, കച്ച്, കൊങ്കൺ തീരത്തെ തുറമുഖങ്ങൾ, തെക്കൻ കേരളത്തിലെ പ്രദേശങ്ങൾ തുടങ്ങിയവ കടൽ ഉയർന്ന് അപകടത്തിലാവാൻ സാധ്യത കൂടുതലുള്ള ഇടങ്ങളാണെന്നും സർക്കാർ മുന്നറിയിപ്പേകുന്നു.ഈ വിധത്തിൽ കടൽ ഉയരുന്നതിനെ തുടർന്ന് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ നേരിട്ട് ബാധിക്കും. മില്യൺകണക്കിന് പേർ നദീജലത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നതാണ് ഇതിന് കാരണം. കടലിലെ ജലം പൊന്തുന്നത് നദീജലത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

കടലിലെ ജലം ഉയരുന്നത് പ്രതികൂലമായ കാലാവസ്ഥ പെരുകി ഇന്ത്യയിൽ നിരവധി വെള്ളപ്പൊക്കമുണ്ടാവുമെന്നും നിരവധി പേർ മരിക്കുമെന്നും പ്രവചനമുണ്ട്. കിഴക്കൻ തീരത്തെ ഗംഗ, കൃഷ്ണ , ഗോദാവരി, കാവേരി, മഹാനദി, എന്നിവയിലെ ഡെൽറ്റകളെയം കടൽനിരപ്പിലെ വർധനവ് പ്രതികൂലമായി ബാധിക്കും. നിരവധി കൃഷിയിടങ്ങളും നിരവധി നഗരങ്ങളും ഇവിടങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ കടൽനിരപ്പിലെ വർധനവ് ഇവയെയും പ്രതികൂലമായി ബാധിക്കും.

ഇത് സംബന്ധിച്ച് പാർലിമെന്റിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ എൻവയോൺമെന്റായ മഹേഷ് ശർമ മറുപടിയേകവേയാണ് ഈ മുന്നറിയിപ്പുകളേകിയിരിക്കുന്നത്.