തിരുവനന്തപുരം. കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിച്ചൽ പഞ്ചായത്തിലാണ് വീട് നിർമ്മിക്കാനും, പോളിഹൗസ് നിർമ്മിച്ച് ഹൈടെക്ക് കൃഷി ചെയ്യുന്നതിനുംവേണ്ടി പുരയിടത്തിലെ കുഴികൾ നികത്തി മണ്ണിടാൻ തുടങ്ങിയത്്. ഇത് തടഞ്ഞ് കൊണ്ടാണ് ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ കൊടികുത്തി രംഗത്ത് എത്തിയത്. കുറ്റിച്ചൽ മാർക്കറ്റ് ജംഗ്ഷനിൽ തോപ്പിൽ വീട്ടിൽ മഞ്ജുവിന്റെ വകയിൽ കുറ്റിച്ചൽ പേങ്ങാടിനടുത്തുള്ള പുരയിടത്തിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പാർട്ടിക്കാർ കൊടികുത്തി തടഞ്ഞത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപേക്ഷിക്കേണ്ടി വന്ന മണ്ണാണ് ഉടമയുടെ അനുമതിയോടെ ഈ പുരയിടത്തിൽ തള്ളിയത്.

കുറ്റിച്ചൽ ആര്യനാട് റോഡിലിൽ 50വർഷത്തിലേറെ പഴക്കമുള്ള തെങ്ങുകൾ നിൽക്കുന്നതും റവന്യൂരേഖയിലും ആധാരത്തിലും പുരയിടമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പാർട്ടിക്കാർ കൊടികുത്തി തടഞ്ഞിരിക്കുന്നത്. മണ്ണൂർക്കര വില്ലേജിലെ ബ്ലോക്ക് നമ്പർ 45 ൽ റീസർവ്വെ 53/7ൽ 24 സെന്റ് വസ്തു അടിസ്ഥാന ഭൂ നികുതി രജിസ്റ്ററിൽ ഉൾപ്പെടെ പുരയിടമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെയാണ് മഞ്ജു ഈസ്ഥലം വാങ്ങിയത്. ഇത് ഭൂമാഫിയ രാഷ്ട്രീയ നേതാക്കൾ നോട്ടം വച്ചിരുന്ന ഭൂമിയായിരുന്നു വെന്നും അത് കിട്ടാത്തതിൽ രോഷംപൂണ്ട സംഘം ഒരുവിഭാഗത്തെകൊണ്ട് കൊടികുത്തിച്ചതാണെന്നും ആക്ഷേപമുണ്ട്. ആദ്യം ബിജെപി പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് കൊടി കുത്തിയത്. തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കൊടിനാട്ടിയത്. ഇപ്പോൾ കോൺഗ്രസിന്റെ കൊടിയും പുരയിടത്തിൽ നാട്ടിയിട്ടുണ്ട്.

പുരയിടത്തിൽ പ്രവേശിക്കുന്നതുപോലും തടഞ്ഞാണ് കൊടികൾകുത്തിയിരിക്കുന്നത്.കൊടി നാട്ടിയതിനു പുറമേ തോരണങ്ങളും കെട്ടിയിട്ടുണ്ട്. എന്നാൽ കുറ്റിച്ചൽ പഞ്ചായത്തിൽ അധികൃതരുടെ ഒത്താശയിൽ വ്യാപകമായ തോതിൽ വയലുകൾ മണ്ണിട്ട് നികത്തുന്നുണ്ട്.കുറ്റിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏക്കർ കണക്കിന് പാടങ്ങൾ മണ്ണിട്ട് നികത്തി. അവിടെയെങ്ങും രാഷ്ട്രീയ പാർട്ടിക്കാർ കൊടികുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ സ്ഥലം കൈയേറി പാർട്ടി ഓഫീസ് സ്ഥാപിക്കുമെന്നും ഉടമയോട് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സ്ഥലത്തിൻെ ഉടമ പറയുന്നു.

തങ്ങളുടെ വസ്തുവിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് രാഷ്ട്രീയ പാർട്ടിക്കാർ കൊടികുത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും വസ്തുവിൽ പ്രവേശിക്കുന്നതിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത രാഷ്ട്രിയ പാർട്ടിക്കാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് വസ്തു ഉടമ മഞ്ജുവും ഭർത്താവ് ക്രിസ്തുദാസും പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മക്കളുടെ പഠനത്തിനും സാമൂഹ്യ വിരുദ്ധ ശല്യത്തിൽ നിന്നും രക്ഷ നേടാനും കൂടിയാണ് കുറ്റിച്ചലിലെ ഉൾ പ്രദേശത്തെ ഭൂമിയും വീടും വിറ്റ് കുടുംബം ഇവിടേക്ക് എത്തിയത്. നല്ലൊരു വീട് വെയ്ക്കുന്നതിനൊപ്പം ഹൈടെക് കൃഷി പരീക്ഷിക്കുക എന്ന ഉദ്ദേശവും ക്രിസ്തു ദാസിന് ഉണ്ടായിരുന്നു.

ഇതിനായി വായ്പക്ക് ശ്രമം ആരംഭിക്കുന്നതിനിടെയാണ് ഇരുട്ടടിയായി ഭരണ പക്ഷത്തെ രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ എത്തി പുരയിടത്തിൽ കൊടി കുത്തിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും നീതി കിട്ടിയില്ലെങ്കിൽ പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വഴിയെ തങ്ങൾക്കും പോകേണ്ടി വരുമെന്ന് നിറ കണ്ണുകളോടെ ക്രസ്തുദാസും മഞ്ജുവും പറഞ്ഞു. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയും രാത്രിയിൽ ടിപ്പറിൽ മണ്ണിടുന്നതുമാണ് തടഞ്ഞ് കൊടി നാട്ടിയതെന്ന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് പറഞ്ഞു. പുനലൂരിൽ വയൽ നികത്തിയ പ്രദേശത്ത് വർക് ഷോപ്പ് നിർമ്മിക്കാൻ സമ്മതിക്കാതിരുന്നതിന്റെ പേരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ എ.ഐ.വൈ.എഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്തത് സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്നും വർക് ഷോപ്പ് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യയെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിച്ചിരുന്നു. നിയമലംഘനത്തിന്റെ പേരിൽ ആരേയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടി. അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാർ പ്രധാന ട്രേഡ് യൂണിയനുകളുടെ യോഗം ഉടൻ വിളിക്കുമെന്നും സംഘടനകൾ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നവരായാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എ.ഐ.വൈ.എഫ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് സുഗതന്റെ മകൻ പറഞ്ഞതായി മുൻ മന്ത്രി അടൂർ പ്രകാശ് ആരോപണവും ഉന്നയിച്ചിരുന്നു. സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് എ.ഐ.വൈ.എഫ് നേതാക്കൾ പൊലീസിൽ കീഴടങ്ങിയിരുന്നു. തങ്ങളല്ല സുഗതന്റെ മരണത്തിന് ഉത്തരവാദികളെന്നും നിയമലംഘനം നടത്താൻ കൂട്ടുനിന്ന സർക്കാർ ജീവനക്കാരും പഞ്ചായത്ത് അധികാരികളുമായിരുന്നു എന്നായിരുന്നു എ.ഐ.വൈ.എഫിന്റെ വാദം.