കുറ്റിപ്പുറം: കാമുകിമാരേയോ ഭാര്യയേയോ പറ്റിച്ച് കടക്കാൻ ശ്രമിക്കുന്ന വിരുതന്മാർക്ക് ഇത് കുറ്റിപ്പുറത്ത് നിന്നൊരു അനുഭവ സാക്ഷ്യം. തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. കുറ്റിപ്പുറത്തെ ജനനേന്ദ്രീയം മുറിക്കലും ചർച്ചയാവുകയാണ്. എല്ലാം മനസ്സിലുറപ്പിച്ചാണ് പെരുമ്പാവൂരിൽനിന്ന് ഹൈറുന്നീസ കുറ്റിപ്പുറത്തെത്തിയത്. ഹൈറൂന്നീസയെ സ്വാധീനിച്ചതും ഗംഗേശാനന്ദ സംഭവം തന്നെ.

മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത ഭർത്താവിന്റെ ജനനേന്ദ്രിയമാണ് രഹസ്യ ഭാര്യ മുറിച്ചത്. മലപ്പുറം തിരൂരിനടുത്ത പുറത്തൂർ കാവിലക്കാട് ബാവാക്കാെന്റ പുരയ്ക്കൽ ഇർഷാദി(27)നെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്?പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇർഷാദിന്റെ ഭാര്യ പെരുമ്പാവൂർ പൊതിയിൽ ഹൈറുന്നീസ(30)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനനേന്ദ്രിയം മുക്കാൽഭാഗത്തോളം മുറിഞ്ഞു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇർഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി. താനാണ് മുറിച്ചതെന്ന് ഹൈറുന്നീസ പൊലീസിന് മൊഴി നൽകി. പ്രണയം കൂടിയതിലുള്ള പ്രതികാരം. 'ഭർത്താവ് കൈവിട്ടുപോകാതിരിക്കാൻ..' വേണ്ടിയെടുത്ത അവസാന കരുതലാണ് ഇത്.

കൃത്യം നിർവഹിച്ചെങ്കിലും മുറിക്കുള്ളിൽ ഒഴുകിയ രക്തം മനസ്സിനെ പിടിച്ചുകുലുക്കി. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിലാക്കിയതും പൊലീസിനോട് എല്ലാം ഏറ്റുപറഞ്ഞതും ഒന്നുകൊണ്ടുമാത്രമാണെന്ന് ഹൈറുന്നീസ പറയുന്നു. ആദ്യ ഭർത്താവിന്റെ ദുർനടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇർഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരിൽ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈൽ നമ്പറിലേക്ക് ഇർഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇർഷാദിനെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാൻ മനസ്സ് സമ്മതിക്കില്ലെന്നായപ്പോൾ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു.

എന്നാൽ ഇർഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇർഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവൾ കത്തിയെടുത്തു. വിദേശത്തുള്ള ഇർഷാദ് നാട്ടിലെത്തിയപ്പോൾ വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് കുറ്റിപ്പുറത്തെ ഇതേ ലോഡ്ജിൽ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ വിവാഹംകഴിക്കാനാണ് ഇർഷാദിന്റെ നീക്കമെന്നറിഞ്ഞതോടെ എല്ലാം തീരുമാനിച്ചുറപ്പിച്ചു. വീണ്ടും കുറ്റിപ്പുറത്തെത്തി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നെ ജനനേന്ദ്രീയം മുറിച്ച് പ്രതികാരം തീർത്തു.

പെരുമ്പാവൂരിൽനിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇർഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇർഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനൽകിയത്. പരിക്ക് ഗുരുതരമായതിനാൽ ഇർഷാദിനെ വളാഞ്ചേരിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലേക്കു മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പത്തരയോടെയാണ് ദമ്പതിമാർ ലോഡ്ജിൽ മുറിയെടുത്തത്. അരമണിക്കൂറിനുശേഷം ഹൈറുന്നീസ ലോഡ്ജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവൽസ് ഓഫീസിലെത്തി ഭർത്താവിന് പരിക്കേറ്റെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ട്രാവൽസിലെ ജീവനക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ ഹൈറുന്നിസ ഇർഷാദിനെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഹൈറുന്നിസയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്വയം മുറിച്ചതാണെന്ന ഇർഷാദിന്റെ ആദ്യമൊഴിയാണ് പൊലീസിനെ കുഴക്കിയത്. ഭർത്താവ് കൈവിട്ടു പോകാതിരിക്കാൻ കൃത്യം നടത്തിയെന്ന് ഹൈറുന്നീസ പൊലീസിനോട് സമ്മതിച്ചെങ്കിലും ഇർഷാദ് നിലപാട് മാറ്റിയിട്ടില്ല. ശസ്ത്രക്രിയയ്ക്കുശേഷം കൂടുതൽ ചോദ്യംചെയ്താലേ ഇക്കാര്യത്തിൽ വ്യക്തതവരുത്താനാകൂ. ഭാര്യയെ രക്ഷിക്കാനോ സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനോ ആയിരിക്കാം ഇർഷാദ് ഇത്തരത്തിൽ പറയുന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇർഷാദിനെ വിവാഹംകഴിച്ചത്. ഒരുവർഷംമുമ്പ് പാലക്കാട്ടുവച്ചായിരുന്നു വിവാഹം.