മലപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഭാര്യയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശിനി പൊതിയിൽ ഹൈറുന്നീസയെയാണ് (30) വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തിരൂർ പുറത്തൂർ സ്വദേശി ഇർഷാദിനെ (26) കഴിഞ്ഞ വ്യാഴാഴ്ച കുറ്റിപ്പുറം തിരൂർ റോഡിലെ ലോഡ്ജിൽ ആക്രമിച്ച സംഭവത്തിലാണിത്. സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രീയം മുറിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതായിരുന്നു പ്രചോദനമെന്നും പ്രതി മൊഴി കൊടുത്തിട്ടുണ്ട്.

രണ്ടരവർഷം മുമ്പ് ഇരുവരും തമ്മിൽ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണ്. എന്നാൽ, ഇതിനിടെ ഇർഷാദിന് വീട്ടുകാർ വിവാഹാലോചന ആരംഭിച്ചതോടെ ഹൈറുന്നീസ അതൃപ്തിയറിയിച്ചു. എന്നാൽ, ഇത് വകവെക്കാതെ വിവാഹാലോചനയുമായി മുന്നോട്ടുപോയ വൈരാഗ്യത്തെത്തുടർന്നാണ് സംഭവം. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹൈറുന്നീസ ഇർഷാദിനെ കുറ്റിപ്പുറത്തേക്ക് വിളിച്ച് വരുത്തി. ലോഡ്ജിലെത്തിയ ഉടൻ ഇർഷാദിന് മയക്കുഗുളിക കലക്കിയ വെള്ളം നൽകി. മയക്കമായതോടെ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. റൂമിൽ രക്തം പരന്നതോടെ ഹൈറുന്നീസ ആളെക്കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലതവണ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും താൻ സ്വയം മുറിച്ചതാണെന്ന വാദത്തിൽ യുവാവ് ഉറച്ചുനിന്നു.

ആശയക്കുഴപ്പത്തിലായ പൊലീസ് ലോഡ്ജ് മാനേജറുടെ മൊഴിയിൽ കേസെടുത്ത് യുവതിയെ വിട്ടയച്ചിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെയോടെ യുവാവ് മൊഴിമാറ്റുകയും യുവതി മുറിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആദ്യ ഭർത്താവിന്റെ ദുർനടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇർഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരിൽ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈൽ നമ്പറിലേക്ക് ഇർഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇർഷാദിനെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാൻ മനസ്സ് സമ്മതിക്കില്ലെന്നായപ്പോൾ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു.

എന്നാൽ ഇർഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇർഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവൾ കത്തിയെടുത്തു. വിദേശത്തുള്ള ഇർഷാദ് നാട്ടിലെത്തിയപ്പോൾ വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് കുറ്റിപ്പുറത്തെ ഇതേ ലോഡ്ജിൽ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ വിവാഹംകഴിക്കാനാണ് ഇർഷാദിന്റെ നീക്കമെന്നറിഞ്ഞതോടെ എല്ലാം തീരുമാനിച്ചുറപ്പിച്ചു. വീണ്ടും കുറ്റിപ്പുറത്തെത്തി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നെ ജനനേന്ദ്രീയം മുറിച്ച് പ്രതികാരം തീർത്തു. പെരുമ്പാവൂരിൽനിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്.

ഇർഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇർഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനൽകിയത്. നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇർഷാദിനെ വിവാഹംകഴിച്ചത്. പാലക്കാട്ടുവച്ചായിരുന്നു വിവാഹം.