കോഴിക്കോട്: കുറ്റ്യാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പ്രവേശനത്തിന് ഡൊണേഷൻ വാങ്ങാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. അഡ്‌മിഷന് യോഗ്യത നേടിയ കുട്ടികളോട് 12,000 രൂപയാണ് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടത്. പാവപ്പെട്ട കുട്ടികൾക്ക് പഠനം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സമരത്തിന് ആഹ്വാനം ചെയ്തുകഴിഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂൾ ഹൈടെക്കാനുള്ള ഫണ്ടിലേക്ക് കഴിവുള്ളവർ 10,000 രൂപ സംഭാവന നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.ഇതിന് പുറമേ സ്‌കൂളിൽ കുട്ടികളെ മതാടിസ്ഥാനത്തിൽ ക്ലാസ് തിരിക്കുന്നതായും ആരോപണമുണ്ട്.

കുറ്റ്യാടി സ്‌കൂളിൽ 210 സീറ്റുകളാണ് ഇംഗ്ലീഷ് മീഡിയത്തിൽ ഉള്ളത്.600 കുട്ടികൾ ആണ് പ്രവേശന പരീക്ഷ എഴുതിയത്. അതിൽ നിന്ന് അഡ്‌മിഷൻ യോഗ്യത നേടിയ കുട്ടികളോടാണ്് 12000 രൂപ പ്രവേശനത്തിനായി ആവശ്യപ്പെട്ടത്. മലയാളം മീഡിയത്തിൽ 6000 രൂപയാണ ്‌വാങ്ങുന്നത്. സ്‌കൂൾ ഹൈടെക് ആക്കാനാണ് സംഭാവന വാങ്ങുന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.ഇതോടെ ഭരണഘടന നൽകുന്ന സൗജന്യ വിദ്യാഭ്യാസം കുറ്റ്യാടി സ്‌കൂളിലെ കുട്ടികൾക്ക് നിഷേധിക്കുകയാണെന്ന് ആരോപിച്ച് കെഎസയു സമരത്തിലേക്ക് നീങ്ങി.പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് അന്യായമായി പണം പിരിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ സമരമെന്നാണ് മുന്നറിയിപ്പ്.

പ്രവേശന പരീക്ഷയിൽ സുതാര്യതയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.30000 രൂപ കൊടുത്താൽ പ്രവേശനം നൽകാമെന്ന് മൂന്ന് വർഷം മുമ്പ് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതായി ഒരുരക്ഷിതാവ് വെളിപ്പെടുത്തി.എംഎൽഎ മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുടെ ശുപാർശയിലാണ് പല പ്രവേശനങ്ങളും നടക്കുന്നത്.

ഇതിന് പുറമേയാണ് കുട്ടികളെ മതത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് വേർതിരിക്കുന്നുവെന്ന ആരോപണം. ഒരു ക്ലാസിൽ 56 കുട്ടികൾ ഉള്ളതിൽ 56 ഉം മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. ഹിന്ദുസമുദായത്തിൽ പെട്ട കുട്ടികൾക്ക് വേറെ ക്ലാസ് ഏർപെടുത്തിയിരിക്കുകയാണ്. മതാടിസ്ഥാനത്തിലുള്ള തരംതിരിവിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പണപ്പിരിവ് അധാർമികവും ന്യായീകരണമില്ലാത്തതുമാണെന്ന് ഷംസീർ എന്ന സാമൂഹിക പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂളിലേ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് 12000 രൂപ പ്രവേശനത്തിന് ആവശ്യപ്പെട്ടു എന്നത് തെറ്റിദ്ധാരണാജനകമായ വാർത്തയാണെന്ന് പിടിഎ വൈസ് പ്രസിഡന്റ് കോലോത്ത് റഷീദ് പ്രതികരിച്ചു. സ്‌കൂൾ ഹൈടെക് ആക്കുന്നതിന് 50 ലക്ഷത്തിൽ അധികം രൂപ കണ്ടെത്തുവാൻ സ്‌കൂൾ പിടിഎ യോട് അധികൃതർ ആവശ്യപെട്ടതിന്റെ അടിസ്ഥനത്തിൽ പുതുതായി പ്രവേശനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചിരുന്നു.വികസന ഫണ്ടിലേക്ക് സാധിക്കുന്നവർ 10000 രൂപ എങ്കിലും സംഭാവന നൽകാൻ അപേക്ഷിച്ചിരുന്നു. മറ്റുള്ളതൊക്കെ തെറ്റിദ്ധാരണ മാത്രമാണെന്നാണ് പിടിഎ വൈസ് പ്രസിഡന്റിന്റെ വിശദീകരണം.

സ്‌കൂൾ അഡ്‌മിഷന് സംഭാവന ഒരു മാനദണ്ഡം അല്ല. സംഭാവന നൽകാത്തതിന്റെ പേരിൽ ഒരാൾക്കും പ്രവേശനം നിഷേധിക്കില്ല.മത വേർതിരിവ് ഇനി ഒരു കാരണവശാലും അനുവദിച്ചു കൊടുക്കില്ലെന്നും ഈ കൊല്ലം മുതൽ അറബി മലയാളം വേർതിരിച്ചു കുട്ടികളെ ക്ലാസ് തിരിക്കുന്ന ഏർപ്പാട് അനുവദിച്ചുകൊടുക്കില്ലെന്നും കോലോത്ത് റഷീദ് പറഞ്ഞു.ഷംസീറിന്റെ ഫേസ്‌ബുക്ക് പോസറ്റ് വന്നതോടെയാണ് സ്‌കൂൾ അധികൃതർ ഉണർന്നത്.വിവാദം കൈവിട്ടുപോകുമെന്ന് വന്നതോടെ ഡൊണേഷൻ വാങ്ങുന്നുവെന്ന ആരോപണം നിഷേധിച്ചിരിക്കുകയാണ്. എന്നാൽ, പിടിഎ യോഗത്തിൽ ഡൊണേഷൻ ആവശ്യപ്പെട്ടിരുന്നു എന്ന കാര്യം വ്യക്തവുമാണ്.മതം തിരിച്ച് കുട്ടികളെ ഇരുത്തിയിരുന്നു എന്ന ആരോപണം ശരിയാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഈ വർഷം മുതൽ അതനുവദിക്കില്ലെന്ന പിടിഎ വൈസ് പ്രസിഡന്റിന്റെ ഉറപ്പ് തന്നെയാണ് ഇതിന്റെ തെളിവ്.