കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തു കേസിലെ പ്രധാന പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗസ്സലി) കുവൈത്തിലാണെന്ന് സൂചന. ആഴ്ചകൾക്കു മുൻപ് ഇയാൾ നാട്ടിലുണ്ടായിരുന്നെന്നും മനുഷ്യക്കടത്തു കേസിൽ പരാതിയുമായി കൂടുതൽ പേർ വന്നതോടെ കുവൈത്തിലേക്കു മുങ്ങിയെന്നുമാണ് സൂചന. ഗൾഫിലേക്കുള്ള മനുഷ്യക്കടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കുവൈത്തിലാണ് സംഘത്തിന്റെ പ്രധാന താവളം. സിറിയയിലും ബന്ധങ്ങളുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഇതിൽ ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

മജീദിനായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിദേശ റിക്രൂട്ടിങ് നടത്തുന്ന പലരുമുണ്ട്. മുംബൈയിൽ ഉൾപ്പെടെ ഇയാൾക്കായി റിക്രൂട്ടിങ് നടത്തുന്ന മലയാളികളുണ്ട്. രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയിൽനിന്നു കഴിഞ്ഞ ദിവസം പൊലീസ് ഫോണിൽ വിളിച്ചു വിവരങ്ങൾ തേടിയിരുന്നു. നെടുമ്പാശേരിയിലെ ഹോട്ടലിനു മുന്നിൽവച്ച് യാത്രാരേഖകൾ കൈമാറിയ, വിമാനത്താവള ജീവനക്കാരനെന്ന് അവകാശപ്പെട്ടയാളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്. ഇക്കാര്യത്തിൽ തുമ്പൊന്നും പക്ഷേ പൊലീസിന് ഇനിയും കിട്ടിയിട്ടില്ല.

ആലപ്പുഴ ഹരിപ്പാട്ടുള്ള ഒരു റിക്രൂട്ടിങ് ഏജൻസി കുവൈത്തിലേക്കു വിട്ട കരുവാറ്റ, പുനലൂർ സ്വദേശിനികൾ വിദേശത്തു കുടുങ്ങിയതായും ഇവരെ മജീദാണ് കടത്തിയതെന്നും വിവരമുണ്ട്. ഇതിനിടെ, മറ്റൊരു റിക്രൂട്‌മെന്റ് തട്ടിപ്പിൽ പരാതിയുമായി നാൽപതുകാരിയായ ആലുവ സ്വദേശിനി മുന്നോട്ടുവന്നു. ചേർത്തല സ്വദേശി ഇടപെട്ടു ഷാർജയിലേക്കു പോയ ഇവർ കഴിഞ്ഞ മാസമാണ് നാട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.

ഒരു രൂപപോലും ചെലവില്ലാതെ കേന്ദ്ര സർക്കാർ പദ്ധതിയിലുള്ള ഗൾഫ് യാത്ര, അറുപതിനായിരം രൂപ മാസ ശമ്പളം. വിമാനം കയറി കുവൈറ്റിലെത്തിയാൽ ഏജന്റുമാരുടെ രീതി മാറും. കൊണ്ടു വരുന്ന വീട്ടമ്മമാരെ കുവൈറ്റിൽ അറബികൾക്ക് വിൽക്കും. ഇതായിരുന്നു തട്ടിപ്പിന്റെ സ്വഭാവം. ഇത്തരത്തിൽ 30 ലേറെപ്പേരാണ് തട്ടിപ്പിനിരയായത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാധാരണ കുടുംബങ്ങളിലെ 30 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് കുടുക്കിയത്. കുവൈറ്റിൽ ഹോം നഴ്സ്, ആയ ജോലികൾക്ക് ആളെ വേണമെന്ന നോട്ടീസ് റോഡുകളിൽ പതിക്കും. ഇത് കണ്ട് ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പ് നടത്തുന്നത്.

കൊച്ചി രവിപുരത്തെ ഗോൾഡൻ വയയുടെ നടത്തിപ്പുകാരായ ആനന്ദ്, അജുമോൻ എന്നിവരാണ് മനുഷ്യക്കടത്ത് നടത്തുന്നതിൽ പ്രധാനികൾ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. നോട്ടീസ് കണ്ട് ബന്ധപ്പെടുന്നവരെ ഗോൾഡൻ വയയിൽ എത്താൻ നിർദ്ദേശിക്കും. എല്ലാ അംഗീകാരവുമുള്ള സ്ഥാപനമെന്ന് സ്ഥാപിക്കാൻ ചില രേഖകൾ കാണിക്കും. ആർ.ടി.പി.സി.ആർ പരിശോധനയുടെ ചെലവ് മാത്രം വഹിച്ചാൽ മതിയെന്ന് അറിയിക്കും.

തുടർന്ന് വിസിറ്റിങ് വിസ നൽകി ദുബായിലെത്തിക്കും. അവിടെ നിന്ന് റോഡ് മാർഗമാണ് കുവൈറ്റിലെത്തിക്കുക. ഇതോടെ ജീവിതം ദുരിതമാകും. കുവൈറ്റിലെത്തിക്കുന്ന സ്ത്രീകളെ കണ്ണൂർ സ്വദേശി ഗസാലി എന്ന മജീദ് അറബികൾക്ക് വിൽക്കും. പത്തു ലക്ഷം രൂപ വരെ വാങ്ങും. അറബികൾ രാവിലെ 7 മുതൽ രാത്രി 11 വരെ കഠിനമായി പണിയെടുപ്പിക്കും.

ദിവസം ഒരു കട്ടൻചായയും കുബൂസും മാത്രമാണ് കഴിക്കാൻ കൊടുക്കുക. ക്രൂരമായ അനുഭവമാണ് ഇരയായ തൃക്കാക്കര സ്വദേശിനി പറയുന്നത്. മുഖത്ത് ചൂടുവെള്ളം ഒഴിക്കുക, വയറ്റിൽ ചവിട്ടുക, മർദ്ദിക്കുക തുടങ്ങിയ ക്രൂരതകൾക്ക് ഇരയായി. മടങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ സിറിയയിലെ ഐസിസ് ഭീകരർക്ക് വിൽക്കുമെന്ന് മജീദ് ഭീഷണിപ്പെടുത്തി. അരലക്ഷം രൂപ നാട്ടിൽ മകനിൽ നിന്ന് വാങ്ങിയശേഷമാണ് തിരിച്ചയച്ചതെന്നും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മലയാളി യുവതികളെ കുവൈറ്റിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി വെളിപ്പെടുത്തി. കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രം.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗസ്സലി) നിഗൂഢ കഥാപാത്രം എന്നും വിലയിരുത്തലുണ്ട്. മജീദിനെക്കുറിച്ച് അന്വേഷിക്കാനായി തളിപ്പറമ്പിലെത്തിയ പൊലീസിനെ ഇയാളുടെ വീടു കണ്ടെത്താൻ കഴിഞ്ഞില്ല. ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പരിചയമുള്ള ആരെയും തളിപ്പറമ്പിൽ കണ്ടെത്തിയില്ല. ബന്ധുക്കളോ സഹപാഠികളോ ഇല്ല. ഇതോടെ ഗസ്സലിയെന്ന് അറിയപ്പെടുന്ന മജീദ് യഥാർഥത്തിൽ ആരാണെന്ന സംശയം ബലപ്പെടുന്നത്. ഈ രണ്ടു പേരുമല്ലാത്ത മറ്റൊന്നാണോ ഇയാളുടെ യഥാർഥ പേരെന്നും സംശയമുണ്ട്. പാസ്‌പോർട്ട് രേഖകളും ഇതുവരെ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല, വിദേശത്ത് മജീസ് എവിടെയാണെന്നും അറിയാൻ കഴിയുന്നില്ല.