കോഴിക്കോട്: കുവൈത്തിൽ ഭർത്താവിനെ തടവിലാക്കി നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും കവർന്നെന്ന പരാതിയിൽ പൊലീസ് സംശയിച്ചതുതന്നെ ശരിയാവുന്നു. ഭർത്താവ് യൂസഫ് ഇതിൽ പ്രതിയാവുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) ഭർത്താവ് യൂസുഫിനെ കുവൈത്തിൽ തടവിലാക്കിയതായി പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പണം അപഹരിച്ച കേസിൽ യൂസുഫിന് കുവൈത്തിൽ യാത്രാവിലക്കും ജയിൽശിക്ഷയും ലഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറു വർഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിന്റെ രേഖകളും മറ്റുതെളിവുകളും ഇയാൾക്ക് കുരുക്കാവും. നാദാപുരം സ്വദേശി മുഹമ്മദിന്റെ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറു വർഷത്തിനിടെ പലപ്പോഴായി കവർന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിന്റെ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയതെന്നാണ് അറിയുന്നത്.

തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താൻ മുഹമ്മദിന്റെ കടയിൽനിന്ന് ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ് എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. 140 ദീനാർ ശമ്പളമുള്ള യൂസുഫിന് ഇത്രയും തുക നാട്ടിലയക്കാൻ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിന്റെ വിഡിയോ, ഓഡിയോ റെക്കോർഡുകളും എക്‌സ്‌ചേഞ്ച് മുഖാന്തരം പണമയച്ചതിന്റെ രേഖകളുമുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.

ഇത് ഇയാൾ എംബസിയിലും സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംബസി ഭാര്യ സഫിയക്കും മുഖ്യമന്ത്രിക്കും മറുപടി അയച്ചു. യൂസുഫിനെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ ഒരു തെളിവും ഇയാളുടെ പക്കൽ ഇല്ലെന്നും പണം അപഹരിച്ച കാര്യവും എംബസിയുടെ മറുപടിയിൽ പറയുന്നുണ്ട്. തന്നെ അപമാനിക്കരുതെന്ന യൂസുഫിന്റെ അഭ്യർത്ഥന മാനിച്ചാണ് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതി നൽകാമെന്ന വ്യവസ്ഥയിൽ മുഹമ്മദ് ഇതുവരെ കേസ് നൽകാതിരുന്നത്.

നാട്ടിൽ കേസ് കൊടുക്കുകയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് തെളിവുകൾ സഹിതം കുവൈത്തിലെ ശർഖ് പൊലീസ് സ്‌റ്റേഷനിൽ കേസ് നൽകിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ പ്രേരാമ്പ്രയിലെ വീട്ടിൽ

സഫിയയും പ്രായമായ ഉമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. തുടർന്ന് സഫിയയും ബന്ധുക്കളും എസ്‌പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിനാണ് കേസെടുത്തത്. ഡി.ജി.പി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഭീഷണി ഭയന്ന് സഫിയയും ഉമ്മയും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.