കുവൈത്ത് സിറ്റി: ലോകചരിത്രത്തിൽ ഇന്നോളം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ ദിവസത്തിലൂടെയാണ് കുവൈത്ത് ഈയാഴ്ച കടന്നുപോയത്. കുവൈത്തിലെ മിട്രിബായിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ താപനില 54 ഡിഗ്രി സെൽഷ്യസായിരുന്നു. ഇറാഖിലും ചൂട് മോശമായിരുന്നില്ല. 53.9 ഡിഗ്രിവരെ അവിടെയും ചൂടുയർന്നു.

ശനിയാഴ്ച കുവൈത്തിലെ താപനില 49 ഡിഗ്രി സെൽഷ്യസായിരുന്നു. വരും ദിനങ്ങളിൽ ചൂടുകുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ. ബാഗ്ദാദിൽ 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വിശ്വസനീയമായ രീതിയിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയ ദിനമായിരുന്നു വ്യാഴാഴ്ചയെന്നാണ് കാലാവസ്ഥാ ചരിത്രകാരനായ ക്രിസ്റ്റഫർ സി.ബർട്ട് പറയുന്നത്.

എന്നാൽ, ഗിന്നസ് റെക്കോഡുകൾ പ്രകാരം ഇക്കാര്യത്തിൽ വ്യത്യാസമുണ്ട്. 1913 ജൂലൈ 10-ന് അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഗ്രീൻലൻഡ് റാഞ്ചിൽ രേഖപ്പെടുത്തിയ 56.7 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനില. ലിബിയയിലെ എൽ അസീസിയയിൽ 2012 സെപ്റ്റംബർ 13-ന് 58 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല.