കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തു കേസിലെ മുഖ്യ പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി എം കെ ഗസ്സലി എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന മജീദാണ് എന്നാണ് പുറത്തുവന്ന വിവരം. അതേസമയം മജീദിനെക്കുറിച്ച് അന്വേഷിക്കാൻ തളിപ്പറമ്പിലെത്തിയ പൊലീസിനെ ഇയാളുടെ വീടു കണ്ടെത്താൻ കഴിഞ്ഞില്ല. ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പരിചയമുള്ള ആരെയും തളിപ്പറമ്പിൽ കണ്ടെത്തിയില്ലെന്നത് സംഭവത്തിലെ ദുരൂഹതകൾ വർധിക്കുകയാണ്. ഇയാൾക്ക് ബന്ധുക്കളോ സഹപാഠികളോ ഇല്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന കാര്യം.

ഇതോടെ ഗസ്സലിയെന്ന് അറിയപ്പെടുന്ന മജീദ് യഥാർഥത്തിൽ ആരാണെന്ന സംശയം ബലപ്പെടുന്നത്. ഈ രണ്ടു പേരുമല്ലാത്ത മറ്റൊന്നാണോ ഇയാളുടെ യഥാർഥ പേരെന്നും സംശയമുണ്ട്. പാസ്‌പോർട്ട് രേഖകളും ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. വിദേശത്ത് മജീസ് എവിടെയാണെന്നും അറിയാൻ കഴിയുന്നുമില്ല.

കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ മജീദിനെ സംബന്ധിക്കുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പത്തനംതിട്ട സ്വദേശി അജുമോന്റെ (35) മൊഴികൾ നിർണായകമാവും. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ മജീദാണെന്നാണ് അജുമോന്റെ കുറ്റസമ്മത മൊഴി.

വിദേശത്തു സ്ഥിര ജോലി ലഭിക്കാൻ യാത്രാരേഖകൾ സഹായകരമാവില്ലെന്ന ബോധ്യത്തോടെയാണു പലരും ഭാഗ്യപരീക്ഷണത്തിനായി പോകാൻ തയാറായതെന്നാണു അജുമോന്റെ മൊഴി. വിദേശത്തേക്കു കടത്തിയ യുവതികളെ സിറിയയിൽ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങൾ അറിയാവുന്നതെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്.

മജീദിന്റെ നിർദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താൻ ചെയ്തിരുന്നത് എന്നാണു അജുമോന്റെ മൊഴി. മജീദിന്റെ പാസ്‌പോർട്ട് റദ്ദാക്കി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ശ്രമം തുടങ്ങി. അജുമോനെ അടുത്തദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

അതേസമയം കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽനിന്നു രക്ഷപ്പെട്ട മറ്റൊരു സ്ത്രീയും പരാതിയുമായെത്തി. തൃക്കാക്കരയിൽ താമസിക്കുന്ന നാൽപത്തിയേഴുകാരിയാണ് 'ഗോൾഡൻ വയ' എന്ന ഏജൻസിക്കെതിരെ പരാതി ഉന്നയിച്ചത്. 'ആനന്ദ്' എന്നു വിളിക്കുന്ന ഒരാളാണ് ഏജൻസിയിൽ നിന്നു വിദേശത്തേക്ക് അയച്ചതെന്ന് ഇവർ പറയുന്നു.

കുവൈത്തിൽ എത്തിയ ഇവരെ കണ്ണൂർ സ്വദേശി മജീദ് ഇടപെട്ടാണ് അവിടെയുള്ള ഒരു വീട്ടിലേക്കു കൈമാറിയത്. മൂന്നര ലക്ഷം രൂപ മജീദ് കൈപ്പറ്റിയെന്നും അവിടെവച്ചു മർദനമേറ്റെന്നും പറയുന്നു. അവസാനം 50,000 രൂപ അജുമോന് അയച്ചുകൊടുത്തതോടെയാണു നാട്ടിലേക്കെത്താൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.

എറണാകുളം സ്വദേശിനി അടക്കം കബളിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കുവൈത്തിൽ കുട്ടികളെ പരിചരിക്കുന്ന ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു. കുട്ടികളെ പരിചരിക്കുന്ന ജോലിക്കെന്ന് പറഞ്ഞായിരുന്നു പലരെയും കെണിയിൽ വീഴ്‌ത്തിയത്. കുവൈത്തിൽ എത്തിച്ച ശേഷം അറബികൾക്ക് അടിമകളെ പോലെ വിൽക്കുകയാണ് മജീദും സംഘവും ചെയ്തത്.