- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാൻ നെട്ടോട്ടമോടി സർക്കാർ; നിലപാടിൽ മാറ്റമില്ലാതെ കടകൾ അടപ്പിച്ച് സിഐടിയും; മാതമംഗലത്തിന് പിന്നാലെ മാടായിലും സിഐടിയു പന്തൽ കെട്ടുമ്പോൾ പ്രതിസന്ധിയിലാകുന്നത് സർക്കാർ; നിർണ്ണായകമായി 21 ലെ ചർച്ച
കണ്ണൂർ: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനുള്ള യജ്ഞവുമായി സർക്കാർ നെട്ടോട്ടമോടുമ്പോൾ നീക്കങ്ങൾക്ക് തടയിട്ട് സിഐടിയുവിന്റെ കടുംപിടുത്തം. സർക്കാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് വിഷയത്തിൽ സിഐടിയു സ്വീകരിക്കുന്നത്.മാതമംഗലത്തേതിന് പിന്നാലെ മാടായിലും സിഐടിയു പന്തൽ കെട്ടിയതോടെ അക്ഷരാർത്ഥത്തിൽ കുടുക്കിലാകുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്.സർക്കാർ നയത്തിനു തിരിച്ചടി ഉണ്ടായിക്കൂടെന്ന് ആഗ്രഹിക്കുമ്പോഴും സിഐടിയു സമരത്തെ തള്ളിപ്പറയാൻ സിപിഎം നേതൃത്വത്തിനു കഴിയില്ല.
പ്രശ്‌നം അനുദിനം രൂക്ഷമാകുമ്പോൾ എങ്ങിനെ പരിഹരിക്കുമെന്ന ചിന്തയിലാണ് പാർട്ടി. കട അടപ്പിക്കാനല്ല, തൊഴിലെടുക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനാണു സമരമെന്നു പറയുമ്പോഴും പ്രതിഷേധം ഭയന്നു കട അടയ്‌ക്കേണ്ടി വന്ന രണ്ടു വ്യാപാരികളുടെ അവസ്ഥയാണു നാട്ടിൽ ചർച്ചയാകുന്നത്.
മാതംമംഗലം പേരൂൽ റോഡിലെ എസ്സാർ അസോഷ്യേറ്റ്‌സ് എന്ന ഹാർഡ്വെയർ കടയുടെ സമീപമുള്ള സിഐടിയു സമരം 56 ദിവസം പിന്നിട്ടു. മയ്യിൽ മാണിയൂർ സ്വദേശിയും പ്രവാസിയുമായ പി.പി.റബി മുഹമ്മദിന്റെ നേതൃത്വത്തിലാണ് മാതമംഗലം പേരൂൽ റോഡിൽ 2021 ഓഗസ്റ്റിൽ കട ആരംഭിച്ചത്. ഇവരുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനു ഹൈക്കോടതിയിൽനിന്ന് ഉത്തരവ് നേടിയിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും കടയിൽ ലോഡ് ഇറക്കുന്ന സമയങ്ങളിൽ തുടർച്ചയായി സിഐടിയു തൊഴിലാളികൾ എത്തി തടസ്സപ്പെടുത്തുന്നതിനെതിരെ പെരിങ്ങോം പൊലീസിൽ കടയുടമ പരാതി നൽകി.
എന്നാൽ 6 മാസം മുൻപ് കടയിലേക്ക് പൈപ്പ് ഇറക്കുന്നതിനിടയിൽ സിഐടിയു തൊഴിലാളികൾ കടയിലെ ജീവനക്കാരെ ആക്രമിച്ചതിനെ തുടർന്ന് 12 സിഐടിയുക്കാർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ജോലി നിഷേധിക്കുന്നതിനെതിരെ കടയുടെ സമീപം സിഐടിയുവിന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ സമരം തുടങ്ങിയത്. ഇതിനിടെ കടക്കാരും ചുമട്ടുതൊഴിലാളികളും തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഒരാഴ്ചയായി ഈ കട അടച്ചിട്ടിരിക്കുകയാണ്.
ഇതിനേക്കാൾ ഭീകരമാണ് പ്രസ്തുത കടയിൽ നിന്നും സാധനം വാങ്ങിയ വ്യക്തിക്ക് സ്വന്തം കട അടച്ചുപൂട്ടേണ്ടിവന്നത്.പാർട്ടിയുടെ സ്വന്തം കണ്ണൂരിലാണ് സംഭവമെന്നത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. സിഐടിയു കൊടി കുത്തി സമരം നടത്തുന്ന മാതമംഗലം എസ്ആർ അസോഷ്യേറ്റ്‌സിൽനിന്ന് സാധനം വാങ്ങിയതിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റും മാതമംഗലം ബസാറിലെ കംപ്യൂട്ടർ സർവീസ് സ്ഥാപന ഉടമയുമായ അഫ്‌സൽ കുഴിക്കാടനെ ഒരു സംഘം ചുമട്ടുതൊഴിലാളികൾ മർദിച്ചതിനു പൊലീസ് 10 സിഐടിയുക്കാർക്കെതിരെ കേസെടുത്തു.
സിഐടിയുക്കാരുടെ ഭീഷണിയെ തുടർന്നാണെന്നു പറയുന്നു, അഫ്‌സലിന്റെ കടയും അടയ്‌ക്കേണ്ടി വന്നു. അഫ്‌സലിനെയും സഹോദരിയെയും വാഹനത്തിൽ എത്തിയ സിഐടിയു സംഘം ആക്രമിച്ചുവെന്ന പരാതിയുമുണ്ട്.അഫ്‌സലിനെ ആക്രമിച്ചുവെന്ന പരാതിയിൽ പൊലീസ് ഒരു സിഐടിയു പ്രവർത്തകനെ സിപിഎം ഓഫിസിൽനിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനു നേതൃത്വം നൽകിയ വനിതാ എസ്‌ഐയെ പൊതുയോഗത്തിൽ സിഐടിയു നേതാവ് ഭീഷണിപ്പെടുത്തുന്ന നിലയുമുണ്ടായി.
മാതമംഗലം ബസാറിൽ കട തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭീഷണിയുടെ നിഴലിൽ കച്ചവടം നടത്താൻ കഴിയാതെ വന്നു. സ്വന്തം നാട്ടിൽ പോലും ജീവിക്കാൻ കഴിയാത്ത തരത്തിലാണു ഭീഷണി. ഇതാണ് കട നിർത്താൻ ഇടയാക്കിയതെന്നാണ് ഉടമ പറയുന്നത്.
എന്നാൽ മാതമംഗലത്ത് കട ഉപരോധിച്ചുള്ള സമരം സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്നില്ലെന്നാണ് സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി എംപി.ദാമോദരന്റെ വിശദീകരണം. അതിനാൽ സമരത്തിന്റെ പേരിൽ കട അടച്ചുപൂട്ടേണ്ട അവസ്ഥയില്ല. സ്ഥിരമായി ചുമട്ടു തൊഴിൽ എടുക്കുന്നവരെ മാറ്റി നിർത്തി പുതുതായി പുറത്തുനിന്ന് ആൾക്കാരെ കൊണ്ടു വന്നു കയറ്റിറക്കു നടത്തുന്നതിരെയാണ് സിഐടിയു നടത്തുന്ന പ്രതിഷേധ സമരം. ഒരു സ്ഥാപനവും ഇല്ലാതാക്കാൻ സിഐടിയു ശ്രമിക്കില്ല. എന്നാൽ നിലവിലുള്ള തൊഴിലാളികൾക്ക് ജോലി നിഷേധിച്ചാൽ പ്രതിഷേധ സമരം നടത്തുമെന്നും ഇദ്ദേഹം പറയുന്നു.
മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിലാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരം 10 ാം ദിവസത്തിലേക്കു കടക്കുകയാണ്. കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിനു കാരണമായത്. ജനുവരി 23 നാണ് സ്ഥാപനം തുറന്നത്. സാധനങ്ങൾ ഇറക്കാൻ കടയിൽ തന്നെ തൊഴിലാളികളുണ്ട്. അനാവശ്യമായ സമരമാണ് തന്റെ സ്ഥാപനത്തിനു മുന്നിൽ നടക്കുന്നതെന്ന് സ്ഥാപന ഉടമ ടി.വി.മോഹൻലാൽ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ തങ്ങൾക്കു സ്ഥാപനങ്ങളുണ്ട്. മറ്റു സ്ഥാപനങ്ങളിൽ തൊഴിലാളി സംഘടനകളുടെ അമിതമായ ഇടപെടൽ ബിസിനസിനെ മോശമായി ബാധിക്കുന്നു. തൊഴിലാളി നേതാക്കൾ ആദ്യ പറഞ്ഞ് ഉറപ്പിച്ച ഉടമ്പടികളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റം വരുത്തുന്നുണ്ട്. ഇത് കച്ചവടത്തെ കാര്യമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറയു്ന്നു.
60 ലക്ഷം രൂപയുടെ സ്റ്റോക്ക് നിലവിലുണ്ട്. ഇത് വിൽപന നടത്താൻ സിഐടിയുക്കാർ അനുവദിക്കുന്നില്ല. സ്ഥാപനത്തിൽ എത്തുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് ടി.വി. മോഹൻലാൽ പറയുന്നു. ഈ നിലയിൽ സ്ഥാപനം നടത്താൻ ആവില്ലെന്ന നിലപാടിലാണ് ഉടമ.മാടായി ഏഴോം പ്രദേശത്തെ സ്ഥാപനങ്ങളിൽ സാധാരണയായി സിഐടിയു തൊഴിലാളികളാണ് ചുമടിറക്കുന്നത്. എന്നാൽ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമയുടേതെന്നും ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റും ഉപയോഗിച്ചാണ് ലോഡ് ഇറക്കുന്നതെന്നും സിഐടിയു തൊഴിലാളികൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സമരം ആരംഭിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ