കോഴിക്കോട്: കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് പ്രധാനപ്പെട്ട മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ കുതിരവട്ടത്ത് അന്തേവാസികൾ ചാടിപ്പോകുന്നത് തുടരുന്നു. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം കൈക്കൊള്ളാത്തതാണ് പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. അഞ്ചു മാസം മുൻപ് മുഖ്യന്ത്രി തന്നെ ഇവിടെ ആവശ്യമായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

404 അന്തേവാസികൾക്കായി ആകെയുള്ളത് എട്ട് സുരക്ഷാ ജീവനക്കാരാണെന്ന് അറിയുമ്പോഴാണ് ഈ സർക്കാർ സ്ഥാപനത്തിന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുക. ഇവരൊന്നും സ്ഥിരം ജീവനക്കാരല്ലെന്നും ഓർക്കണം. അന്തേവാസികളിൽ 41 പേർ വിവിധ ജയിലുകളിൽ നിന്ന് മാനസികാസ്വസ്ഥകളുള്ളതിനെ തുടർന്ന് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടവരാണ്.

ഈ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടവരും ചുമർ തുരന്നു രക്ഷപ്പെട്ടവരുമെല്ലാം ഉണ്ട്. ചുറ്റുമതിലിന് ആവശ്യത്തിനുള്ള ഉയരമില്ലാത്തതാണ് മതിൽ ചാടി രക്ഷപ്പെടാൻ ഇടയാക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഉയരം കുറഞ്ഞ ഭാഗങ്ങളിൽ ആർക്കും പുറത്തു കടക്കാൻ സാധിക്കാത്ത രീതിയിൽ മാസങ്ങൾക്ക് മുൻപ് മതിലിന്റെ ഉയരം വർധിപ്പിച്ചിരുന്നു. പലരും മതിൽ ചാടിക്കടന്ന് രക്ഷപ്പെടുന്നത് ആവർത്തിച്ചപ്പോഴായിരുന്നു ഈ നടപടി.

കഴിഞ്ഞ ഫെബ്രുവരി മുതലുള്ള കണക്കെടുക്കുമ്പോഴാണ് ആറു പേർ ഇവിടെ നിന്ന് ചാടിപ്പോയിട്ടുണ്ടെന്ന് ബോധ്യപ്പെടുക. ഇതിൽ ഏറ്റവും നാടകീയത മുറ്റിയത് ഫെബ്രുവരിയിൽ ചുമർ തുരന്ന് അന്തേവാസി പുറംലോകത്തേക്കു കടന്നതുതന്നെയായിരുന്നു. മാനസികാരോഗ്യ കേന്ദ്രം മേധാവിയായ സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെയും പൊലിസിനെയുമെല്ലാം അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു അത്. കുതിരവട്ടം ആശുപത്രിയുടെ ചരിത്രത്തിൽ അത്തരമൊന്ന് മുൻപ് സംഭവിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമായിരുന്നു അന്തേവാസിയായ കൊലക്കേസ് പ്രതി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. മെഡിക്കൽ കോളജ് പൊലിസായിരുന്നു ഈ കേസ് അന്വേഷിച്ചത്. പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (23) ആണ് കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ടത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയന്നതിനിടെ മാനസികാസ്വസ്ഥ്യം പ്രകടമാക്കിയതോടെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് നാലു ദിവസം മുൻപ് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായിരുന്നു വിനീഷിനെ. മൂന്നു ദിവസങ്ങൾക്ക് ശേഷം പൊലിസ് ഇയാളെ കർണാടകയിൽനിന്ന് പിടികൂടിയിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ കോഴിക്കോട്ട് എത്തിച്ചത്.

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ വിരലിൽ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാനായി അഗ്‌നിരക്ഷാസേന എത്തിയ ഘട്ടത്തിലായിരുന്നു ആ ബഹളങ്ങൾക്കിടെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്ത മാസം 30ന് കേസ് കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ കേസ് പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ ഏഴിന് കമ്മിഷൻ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. അന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു ഇവിടുത്ത പരിതാപാവസ്ഥ കണ്ട് അംഗം ഈ ആവശ്യം ഉന്നയിച്ചത്.