ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് പിന്മാറ്റം അതിവേഗത്തിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. എട്ടു മണിക്കൂറിനിടെ 200 ചൈനീസ് ടാങ്കുകൾ നൂറു കിലോ മീറ്ററോളം പിൻവാങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന ചർച്ചകൾക്ക് പിന്നാലെയാണ് ഇരുസേനകളും മേഖലയിൽനിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചത്.

ചൈനീസ് സൈന്യം പിന്മാറ്റം നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ടെന്റുകളും ബങ്കറുകളും ചൈനീസ് സൈന്യം പൊളിച്ചുമാറ്റുന്നതും ഇവ ചുമന്നുകൊണ്ടുപോകുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ധാരാളം ചൈനീസ് സൈനികർ ഒരു കുന്നിൻ മുകളിലൂടെ ട്രക്കുകളിലേക്ക് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരു സൈന്യങ്ങളും പിന്മാറ്റ നടപടികൾ തുടങ്ങിയെന്ന് കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ അറിയിച്ചിരുന്നു.



കഴിഞ്ഞ 10 മാസങ്ങൾക്കിടെ ചൈന നിർമ്മിച്ചവയാണ് പൊളിച്ചുനീക്കുന്നത്. ക്രെയിനുകളും മറ്റും ഉപയോഗിച്ച് ചൈനീസ് സൈന്യം നിർമ്മാണങ്ങൾ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേഖലയിലെ ചൈനീസ് നിർമ്മിതികളായ ഹെലിപാഡ്, ടെന്റുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവ പൊളിച്ചുനീക്കിയിട്ടുമുണ്ട്.

മേഖലയിൽനിന്ന് ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം വളരെ വേഗതയിലാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ധാരണ അനുസരിച്ച് പാംഗോങ് തടാകത്തിന്റെ വടക്കൻ ഭാഗത്തായി, ഫിംഗർ 8ന്റെ കിഴക്കൻ മേഖയിലേക്കാണ് ചൈനീസ് സൈന്യം പിന്മാറുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം പൂർത്തിയാക്കി, അടുത്തവട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം.

ഇനി തീരുമാനമുണ്ടാകുംവരെ തടാകത്തിന്റെ വടക്കുഭാഗത്ത് ഫിംഗർ 3 മുതൽ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ല. ഈ മേഖലയിൽ പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു.



ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന ഫിംഗർ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതാണ് കഴിഞ്ഞ വർഷം മേയിൽ സംഘർഷത്തിനു തുടക്കമിട്ടത്. ജൂൺ 14ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികൾ വീരമൃത്യു വരിച്ചിരുന്നു.

അടുത്തവട്ടം വടക്കൻ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചർച്ചകൾ നടക്കും. ഏകദേശം 18 കിലോമീറ്റർ ഉള്ളിലേക്കാണ് ഇവിടെ ചില മേഖലകളിൽ ചൈന കടന്നുകയറിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരികയാണ്.