കോഴിക്കോട്: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണ് വേങ്ങര നിയമസഭാ മണ്ഡലം. പി കെ കുഞ്ഞാലിക്കുട്ടി തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലം. ഇവിടെ നിന്നും തെരഞ്ഞെടുപ്പു രംഗത്തുള്ള ഒരു സാഖാത്തി ഇപ്പോൾ സൈബർ ലോകത്തിന്റെ പ്രിയപ്പെട്ട താരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയുടെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായ ലദീദ റയ്യയാണ് ഈ താരം. തട്ടമിട്ടു കൊണ്ട് മത്സര രംഗത്തിറങ്ങിയ എസ്എഫ്‌ഐക്കാരി എന്ന വിധത്തിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് ലദീദയും തെരഞ്ഞെടുപ്പ് പ്രചരണവും സേബർ ലോകത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള പാനലും ഇൻഡിപെൻഡൻസ് എന്ന പേരിലുള്ള 'മഴവിൽ സഖ്യ'വും തമ്മിലാണ് ഇവിടെ മത്സരം. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ലദീദ റയ്യ. ലദീദയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന നാല് പെൺകുട്ടികൾ കൂടി ഉൾപ്പെടുന്നതാണ് 9 അംഗ എസ്എഫ്ഐ പാനൽ. ഈമാസം 21ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ലലീദയാണ് എസ്എഫ്‌ഐയുടെ ചീഫ് കാമ്പയിനറും. എസ്എഫ്ഐ പ്രചരണത്തിലെ 'മുന്നേറാൻ സമയമായ്', 'Let Ladeeda Lead' എന്നീ മുദ്രാവാക്യങ്ങളാണ് എസ്എഫ്‌ഐ മുന്നോട്ടു വെക്കുന്നത്. വേങ്ങര സ്വദേശിനിയായ ലദീദ തട്ടം ധരിച്ച് എസ്എഫ്‌ഐ പതാകയുമേന്തി നിൽക്കുന്ന ചിത്രങ്ങൾ വൈറലായതോടെ സൈബർ ആക്രമണവും നേരിടേണ്ടി വന്നു.

തട്ടമിട്ട സ്ഥാനാർത്ഥിയെ എസ്എഫ്‌ഐ സ്ഥാനാർത്ഥിയാക്കിയതും ചർച്ചയായി. എന്നാൽ, ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി ലദീദയുടെ പക്കലുണ്ട് താനും. കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വിദ്യാർത്ഥികളെ അഭിമുഖീകരിക്കുക എന്നതാണ് ലദീദയുടെ പക്ഷം. പുരുഷമേധാവിത്വ ചിന്തകളുള്ളവരും മതമൗലികവാദികളും എല്ലാം ഉള്ള ക്യാമ്പസ് തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജും. ഒരു സ്ത്രീ നേതൃത്വത്തിലേക്കു വരുന്നതിനെ ഇവർ അസഹിഷ്ണുതയോടെ കണ്ടാൽ അത്ഭുതപ്പെടാനില്ല. മെഡിക്കൽ കോളജുകൾ പൊതുവേ അരാഷ്ട്രീയ ഇടങ്ങളാണെന്ന ചിന്താഗതിയും മാറണം. പഠിച്ചിറങ്ങുന്നതോടെ രാഷ്ട്രീയ പ്രശ്നങ്ങൾ എല്ലാം നേരിടുന്ന സമൂഹത്തിൽ തന്നെയാണല്ലോ ഡോക്ടർമാർക്കും പ്രവർത്തിക്കേണ്ടിവരിക. അതുകൊണ്ട് ക്യാമ്പസ് മാത്രം രാഷ്ട്രീയ മുക്തമായിരിക്കണമെന്ന വാദങ്ങളിൽ കഴമ്പില്ല. ലദീദ പറഞ്ഞു.

വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നു വരുന്ന പെൺകുട്ടികൾ നേതൃനിരയിലേക്കെത്തുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ വലിയ ചർച്ചാവിഷയമാക്കുന്നത്. മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ വേങ്ങരയിൽ നിന്നുള്ള ലദീദയുടെ സ്ഥാനാർത്ഥിത്വം തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. എ.പി സുന്നി വിഭാഗത്തിൽ പെട്ടവരാണ് ലദീദയുടെ വീട്ടുകാർ. അതുകൊണ്ട് ഇടതു ചായ്വുണ്ട്. എസ്എഫ്‌ഐയുടെ ഭാഗമായപ്പോൾ വീട്ടുകാരിൽ നിന്നും എതിർപ്പൊന്നും ഉണ്ടായില്ലെന്നാണ് ലദീദ പറയുന്നത്. താനൊരു എസ്എഫ്‌ഐ പ്രവർത്തകയാണെങ്കിലു വിശ്വാസി കൂടിയാണ് അതിന് താൻ വിശ്വസിക്കുന്ന പ്രസ്ഥാനം എതിരു നി്ൽക്കുന്നില്ലെന്നും എസ്എഫ്‌ഐ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി പറയുന്നു.

സംഘപരിവാർ രാഷ്ട്രീയം രാജ്യത്തിന്റെ പൊതുവായ പ്രശ്‌നമായി മാറിയ ഘട്ടത്തിൽ, അതിനെതിരെയുള്ള ചർച്ചകളിൽ നിന്നും മെഡിക്കൽ സമൂഹം വിട്ടു നിൽക്കേണ്ട കാര്യമൊന്നുമില്ല, അത് ഏതു മതത്തിൽപ്പെട്ടിട്ടുള്ളവരായാലുമെന്നാണ് ലദീദ പറയുന്നത്. തട്ടമിട്ട സഖാവ് എന്നു പറയുന്നവരോടും ലദീദക്ക് പറയാൻ മറുപടിയുണ്ട്. തന്നെ 'സഖാവ്' എന്നു മാത്രം വിളിക്കപ്പെടാനാണ് ആഗ്രഹമെന്നാണ് അവർ സംശയത്തിന് ഇടയില്ലാതെ പറയുന്നത്. മുണ്ടുടുത്ത സഖാവെന്ന് ആരും പറയാറില്ലല്ലോ എന്നും അവർ ചോദിക്കുന്നു.

വിമർശനങ്ങളുമായി ഒരു കൂട്ടം ആളുകൾ എത്തുമ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ എസ്എഫ്ഐ പ്രചരണം ഏറ്റെടുത്ത് രംഗത്തെത്തി. കുറച്ചുകാലമായി എസ്എഫ്ഐ ഒഴികെ മറ്റ് വിദ്യാർത്ഥി സംഘടനകളുടെയെല്ലാം പിന്തുണയുള്ള ഇൻഡിപെൻഡൻസ് യൂണിയനാണ് മെഡിക്കൽ കോളേജ് യൂണിയൻ ഭരിക്കുന്നത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആദർശ് സുരേഷും ലേഡി വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എസ് ശ്രീലക്ഷ്മിയും മത്സരിക്കുന്നു. നീലേശ്വരം സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ കെ വി ആദർശാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. ജോയിന്റ് സെക്രട്ടറിയായി ഗായത്രി പ്രദോഷും യുയുസിയായി നിർമൽ കൃഷ്ണനും മത്സരിക്കുന്നു. എൻ എം ശ്രുതിയാണ് ഫൈൻആർട്‌സ് സെക്രട്ടറി സ്ഥാനാർത്ഥി. ഫഹദ് റഷീസ് മാഗസിൻ എഡിറ്ററായും ജനറൽ ക്യാപ്റ്റനായി പി അയനയും രംഗത്തുണ്ട്.

പൊതുവേ ആൺകുട്ടികൾ മാത്രം മത്സരിക്കാറുള്ള ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇത്തവണ എസ്എഫ്ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അയന എന്ന പെൺകുട്ടിയാണ്. മൈതാനങ്ങൾ ആൺകുട്ടികൾക്കുള്ളതാണെന്ന 'പൊതുധാരണ'യെ തിരുത്തുന്നതാണ് ഈ സ്ഥാനാർത്ഥിത്വം. മറ്റൊരു പ്രധാന സീറ്റായ ഫൈൻആർട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് എൻ എം ശ്രുതിയും മത്സരിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തു മുതൽ ഒരു മണിവരെയാണ് തെരഞ്ഞെടുപ്പ്. 1900 വിദ്യാർത്ഥികൾ വോട്ടർമാരാണ്.