ണ്ടനിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ മൊബൈൽ ഫോണിൽ നോക്കി നടന്ന മുസ്ലിം യുവതിയായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയുടെ ഇര. ലോകത്തുനടക്കുന്ന മറ്റൊന്നും തന്നെ ബാധിക്കില്ലെന്ന മനോഭാവാണ് ഇവർക്കെന്ന് ഒരുകൂട്ടം വാദിച്ചപ്പോൾ, പെൺകുട്ടി ആകെ ഭയചകിതയായിരുന്നുവെന്ന വാദവുമായി വേറെ കുറേപ്പേരും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു.

എന്നാൽ, എന്താണ് ആ നിമിഷം സംഭവിച്ചതെന്ന വിശദീകരണവുമായി പെൺകുട്ടി തന്നെ മുന്നോട്ടുവന്നിരിക്കുകയാണിപ്പോൾ. ഭീകരാക്രമത്തിലുണ്ടായ നിരാശയും പേടിയും ആശങ്കയുമായിരുന്നു അപ്പോൾ തന്റെ മനസ്സിലുണ്ടായിരുന്നതെന്നും സംഭവത്തെക്കുറിച്ച് വീട്ടിലേക്ക് വിളിച്ചുപറയുന്നതിനാണ് ഫോണെടുത്തതെന്നും യുവതി വിശദീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിച്ചശേഷമാണ് താൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചതെന്നും യുവതി പറഞ്ഞു.

തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചപ്പോൾ താൻ വീണ്ടും തകർന്നുപോയെന്ന് യുവതി പറയുന്നു. തന്നെ കളിയാക്കിയവർ, അത്തരമൊരു നിമിഷത്തിൽപ്പെട്ടുപോകുന്ന ഒരാളുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഭീകരാക്രമണം നേരിട്ടുകണ്ടതിനെക്കാൾ നടുങ്ങുന്ന അവസ്ഥയായിരുന്നു അത് അതിജീവിച്ച തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതുകണ്ടപ്പോഴെന്നും അവർ പറഞ്ഞു.

അപകടത്തിൽപ്പെട്ടവരെ സഹായിച്ചശേഷമാണ് താൻ വീട്ടിലേക്ക് വിളിക്കാൻ തീരുമാനിച്ചത്. ബഹളത്തിൽനിന്നുമാറി നിന്ന് വിളിക്കാമല്ലോ എന്ന് കരുതി നടന്നുപോയപ്പോൾ ജാമി ലൂറിമൻ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വന്നതും തന്നെ അവഹേളിക്കാനായി ഉപയോഗിച്ചതെന്നും യുവതി പറയുന്നു. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമാണ് താനെന്നും അവർ പറഞ്ഞു. ചിത്രമെടുത്ത ലൂറിമൻ പിന്നീട് പെൺകുട്ടിയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു.