പത്തനംതിട്ട: 2007 ഓഗസ്റ്റ് മൂന്ന് അർധരാത്രി. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസൺസ് മലയാളം കൈവശം വച്ചിരിക്കുന്ന കോന്നി ചെങ്ങറ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിലേക്ക് ഒരു സംഘം ആൾക്കാർ ഇരച്ചു കയറി. എണ്ണം കൊണ്ട് രണ്ടായിരം പേർ വരുന്ന വലിയ ജനക്കൂട്ടം അവിടെ നിറഞ്ഞു. മരണം കാത്തുകഴിയുന്ന റബർ മരങ്ങളുടെ ചുവട്ടിൽ അവർ കാട്ടുകമ്പും പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് കുടിൽ കെട്ടി.

നേരം പുലർന്നു വന്നതോടെ ഏക്കർ കണക്കിന് വരുന്ന എസ്റ്റേറ്റിന് ചുറ്റും അവർ മനുഷ്യമതിൽ തീർത്തു. കഴുത്തിൽ കുടുക്കുമായി ചിലർ റബർ മരത്തിന് മുകളിൽ മരണം സ്വാഗതം ചെയ്ത് കാത്തിരുന്നു. മരത്തിലേറാൻ കഴിയാത്ത സ്ത്രീകളും കുട്ടികളും, കന്നാസിൽ നിറയെ നീലനിറമുള്ള മണ്ണെണ്ണയുമായി നിലത്ത് വട്ടം കൂടിയിരുന്നു. ഐതിഹാസികമായ ഒരു ഭൂസമരത്തിന്റെ തുടക്കമായിരുന്നു അത്.

കേരളം കണ്ട ആദിവാസി-പിന്നാക്ക-ഭൂരഹിത സമൂഹത്തിന്റെ നിശബ്ദവിപ്ലവം. കാലത്ത് വിവരമറിഞ്ഞെത്തിയ പൊലീസ് സേനയ്ക്ക് മുന്നിൽ ഒരു കറുത്തു മെലിഞ്ഞ ഒരു മനുഷ്യൻ നെഞ്ചും വിരിച്ച് നിന്നു. ഒറ്റയൊരെണ്ണം ഒരടി മുന്നോട്ടുവയ്ക്കരുത്. ഇവിടെ ചോരപ്പുഴയൊഴുകും. ഇവിടെയുണ്ടാകുന്ന മരണത്തിന് നിങ്ങൾ മാത്രമാകും ഉത്തരവാദി. വയർലസ് സന്ദേശങ്ങൾ തലസ്ഥാനത്തേക്കും സർക്കാരിലേക്കുമൊക്കെ പോയി. അരമണിക്കൂറിനകം പൊലീസ് പിന്നാക്കം പോയി. അതായിരുന്നു ളാഹ ഗോപാലൻ. സാധുജന വിമോചന സംയുക്തവേദിയുടെ ഏക നേതാവ്. 'വിവരമില്ലാത്തവന്മാർ' എന്ന് സ്വയം തന്റെ സമുദായത്തെ വിശേഷിപ്പിക്കുന്ന നിഷേധി. അയാൾക്ക് മുന്നിൽ സർക്കാരുകൾ വിറച്ചു, പൊലീസ് വിറച്ചു. ചെങ്ങറയിലുള്ള പ്രതീക്ഷ ഹാരിസണും സർക്കാരും കൈവിട്ടു. അവിടിപ്പോൾ ജീവിതം തളിർക്കുന്നു. ചെങ്ങറ സ്വയം ഒരു പഞ്ചായത്തായി മാറിക്കഴിഞ്ഞു.

ഇനി പത്തനംതിട്ടയിൽ നിന്നും പ്രമാടത്തേക്ക് പോകുന്ന വഴിയിൽ കല്ലറക്കടവ് പാലത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടുപിന്നിലായി റോഡിന് ഇടതുവശത്തു കാണുന്ന മൂന്നുനില കെട്ടിടത്തിലേക്ക് കടന്നു ചെല്ലാം. അവിടെ ഒരു കിടക്കയിൽ മൂടിപ്പുതച്ച് ചീർത്തു വീർത്ത ഒരു രൂപം കിടപ്പുണ്ട്. ഇതും ളാഹ ഗോപാലനാണ്. പദവിയും പ്രതാപവും ഒക്കെ ഒഴിഞ്ഞ, ആയുധം കൈവിട്ടു പോയ സർവസൈന്യാധിപൻ. സ്വന്തമെന്ന് കരുതിയിരുന്ന ആൾക്കാൾ വിരിച്ച ശരശയ്യയിൽ ഉത്തരായനം കാത്തുകഴിയുന്നു ഈ ഭീഷ്മാചാര്യൻ. കൂട്ടിന് രോഗവും ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും. സംസ്ഥാനത്തെ ഭൂസമരങ്ങൾക്ക് ഉണർവു പകർന്ന ളാഹ ഗോപാലൻ പാളയത്തിനുള്ളിലെ പടയൊരുക്കത്തിലാണ് പിന്നിൽനിന്നുള്ള കുത്തേറ്റുവീണത്. പത്തനംതിട്ടയിലെ ഓഫീസിനുള്ളിൽ രോഗവുമായി മല്ലടിച്ചുകഴിയുന്ന ഗോപാലനൊപ്പം സമരഭൂമിയിൽ നിന്നും സർവതും ഉപേക്ഷിച്ച് മടങ്ങിയ ഏഴ് കുടുംബങ്ങളാണുള്ളത്.

ബാഹ്യശക്തികൾ ചെങ്ങറ സമരം ഹൈജാക്ക് ചെയ്‌തെന്ന് ളാഹ ഗോപാലൻ പറയുന്നു. ഇപ്പോൾ ഗോപാലന് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. മാസങ്ങൾക്കു മുമ്പുണ്ടായ ഹൃദ്രോഗവും ഓപ്പറേഷനും ശരീരം തളർത്തിക്കളഞ്ഞു. അതിലും വലുതാണ് മനസിനേറ്റ മുറിവ്. ഏതു നിമിഷവും തനിക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന ഭീതി വേറെയും. 2007 ഓഗസ്റ്റ് നാലു മുതൽ സമരക്കാരെ ചെങ്ങറ തോട്ടത്തിൽ നിന്നും ഇറക്കിവിടാൻ പൊലീസും അന്നത്തെ എൽ.ഡി.എഫ് സർക്കാരും ആവുന്നതെല്ലാം ചെയ്തു. കേരളത്തിലെ ദളിത് ആദിവാസി സമരങ്ങൾക്കെല്ലാം പുതിയ ദിശാബോധം പകർന്നു ചെങ്ങറ സമരം.

കാലം കടന്നതോടെ ളാഹ ഗോപാലനിൽ നിന്നും പല സമരനേതാക്കളും അകന്നു. സർക്കാരിന്റെ വാഗ്ദത്ത ഭൂമി തേടി ചെങ്ങറ വിട്ടവർ ഇപ്പോഴും ഭൂമി ലഭിക്കാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയുന്നു. എങ്കിലും ചെങ്ങറയിൽ സമരം തുടർന്നു കൊണ്ടിരുന്നു.
റബർ മരങ്ങൾ വെട്ടിമാറ്റിയ സമരക്കാർ അവിടെ പുതിയ കൃഷിയിടം ഒരുക്കി. പഴയ കുടിലുകൾ പൊളിച്ചുമാറ്റി കെട്ടുറപ്പുള്ള പുതിയ പാർപ്പിടമേഖലകൾ ഉയർന്നു. സമരഭൂമിയിൽ പുതിയ വഴിത്താരകൾ ഉണ്ടായി.

വ്യാപാര ശാലകൾ ഉയർന്നു. സമരം വിജയത്തിന്റെ പാതയിലൂടെ കുതിച്ചു കയറുമ്പോഴാണ് നേതാവിനു നേരെ അണികൾ പടയൊരുക്കം തുടങ്ങിയത്. വലം കൈയായിരുന്ന തട്ടയിൽ സരസ്വതി, സെലീന പ്രക്കാനം എന്നിവരാണ് ആദ്യം പോയത്. പിന്നാലെ പലരും. ഗത്യന്തരമില്ലാതെ താൻ പലായനം ചെയ്യുകയായിരുന്നുവെന്ന് ളാഹ ഗോപാലൻ പറയുന്നു. ഹാരിസൺ വിജയിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഭൂമാഫിയയുടെ ഭീതിപ്പെടുത്തുന്ന അട്ടഹാസമാണ് ഇപ്പോൾ ചെവിയിൽ അലയടിക്കുന്നത്.

ളാഹ ഗോപാലന്റെ വാദം ഖണ്ഡിക്കുകയാണ് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് രാഘവൻ തോന്ന്യാമലയും സെക്രട്ടറി എ.എസ്. അച്യുതൻ റാന്നിയും. സമരഭൂമിയിൽ നിന്നും ളാഹ ഗോപാലൻ സമരക്കാരെ ആട്ടിപ്പായിക്കാൻ ശ്രമിക്കുകയാണെന്നും ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ കൊലപ്പെടുത്താൻ തയ്യാറെടുക്കുകയാണെന്നുമാണ് ഇവരുടെ വാദം. നിലവിലുള്ളവരെ ചെങ്ങറയിൽ നിന്നും പുറത്താക്കി പകരം പണം വാങ്ങി ഭൂമി മറിച്ചു വിൽക്കാനാണ് ളാഹ ഗോപാലൻ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി സമർപ്പിച്ചതായും ഇവർ പറയുന്നു. കഴിഞ്ഞ 25 ന് കമ്മിഷൻ തെളിവെടുപ്പിനായി ചെങ്ങറയിൽ എത്തിയിരുന്നു.

ഇതിൽ കലിമൂത്ത ളാഹഗോപാലൻ സമരക്കാരെ വകവരുത്താൻ ശ്രമിച്ചുവെന്നും പൊലീസിന്റെയും അധികാരികളുടെയും ഇടപെടൽ മൂലമാണ് തങ്ങൾ രക്ഷപെട്ടതെന്നുമാണ് സമരക്കാർ പറയുന്നത്. സമരക്കാരിൽ നിന്നും പതിനായിരം മുതൽ അമ്പതിനായിരം രൂപാ വരെ വാങ്ങിയാണ് ചെങ്ങറയിലെ അഞ്ഞൂറ് ഏക്കറോളം വരുന്ന ഭൂമി ളാഹ ഗോപാലൻ പകുത്തുനൽകിയതെന്നാണ് സമരക്കാരുടെ ആക്ഷേപം. പണം വാങ്ങി കോടീശ്വരനായ ഗോപാലൻ ഇപ്പോൾ സാധുക്കളെ പുറത്താക്കാൻ ശ്രമിക്കുകയാണ്. കൗമാരക്കാരായ പെൺകുട്ടികൾ ളാഹ ഗോപാലൻ മൂലം ജീവനൊടുക്കാൻ ശ്രമിച്ചു. യുവാക്കൾ സമരഭൂമി വിട്ടുപോയി. വയോധികർ യാചകരായി അലയുന്നു. പൗരസ്വാതന്ത്ര്യം പോലും സമരഭൂമിയിൽ നിഷേധിക്കപ്പെട്ടു. മഹാ•ാരുടെ പേരിൽ കൊള്ളപ്പിരിവ് നടത്തിയാണ് ളാഹഗോപാലൻ കഴിയുന്നതെന്നും സമരക്കാർ വെളിപ്പെടുത്തി.

ആരോപണങ്ങൾ സത്യവിരുദ്ധമാണെന്നും ഇത്തരത്തിൽ ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നും ളാഹ ഗോപാലൻ പറയുന്നു. മരണഭയത്തിൽ കഴിയുന്നത് താനാണ്. താൻ സ്ഥാപിച്ച സംഘടനയാണ് സാധുജന വിമോചന സംയുക്തവേദി. അതിന്റെ സംസ്ഥാന പ്രസിഡന്റും താൻ തന്നെയാണ്. എങ്ങനെയാണ് രാഘവൻ തോന്ന്യാമലയും എസ്.അച്യുതൻ റാന്നിയും ഇതിന്റെ പ്രസിഡന്റും സെക്രട്ടറിയുമായതെന്നറിയില്ലെന്നും ളാഹ ഗോപാലൻ പറയുന്നു. പുറത്തായത് താനാണ്. മറ്റൊരു അഭയമില്ലാത്തതിനാലാണ് സംഘടനയുടെ സംസ്ഥാന ഓഫീസിൽ കഴിയുന്നത്. പട്ടികജാതി/വർഗക്കാരുടെ ഉന്നമനത്തിനുള്ള ശ്രമം ഉപേക്ഷിക്കുകയാണ്.

ദിവസേന മരുന്നിനു മാത്രം 300 രൂപ വേണം. വൈദ്യുതി ബോർഡിൽ നിന്നും ലഭിക്കുന്ന തുച്ഛമായ പെൻഷൻ മാത്രമാണ് ഏക വരുമാനം. നിലവിൽ ഇരുപത്തി ആറിലധികം കേസുകൾ തന്റെ പേരിലുണ്ട്. വക്കീലിനു കൊടുക്കാൻ പോലും പണമില്ല. ലക്ഷക്കണക്കിനു രൂപ താൻ പുറത്തു നിന്നും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.

സത്യവിരുദ്ധമായ ആക്ഷേപങ്ങളാണിവ. ഡയറിയിൽ ആത്മഹത്യാ കുറിപ്പ് തയാറാക്കി വച്ചിരിക്കുകയാണ്. താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് കാരണക്കാർ സമരക്കാർ ആണെന്നും ളാഹ ഗോപാലൻ പറഞ്ഞു. ഇതൊരു പതനമാണ്. സമരഭൂമിയിൽ ഏകാധിപതിയായി നില കൊണ്ട ളാഹ ഗോപാലന്റെ പതനം. സമരഭൂമിയിൽ പ്രതിപുരുഷന്മാരെ നിയോഗിച്ച് പത്തനംതിട്ടയിലെ സൗകര്യമേറിയ ഓഫീസിലേക്ക് താമസം മാറ്റിയ ഗോപാലനെ മറ്റു ചിലർ ഹൈജാക്ക് ചെയ്യുകയായിരുന്നു.