പാലക്കാട് : ഭൂമിക്കു മുകളിലെന്ന പോലെ അടിയിലും അണക്കെട്ട്. വിസ്മയമാകുന്ന ഈ ഭൂഗർഭ അണക്കെട്ട് ഇന്ത്യയിൽത്തന്നെ ആദ്യമാണ്. ജലസംരക്ഷണത്തിനു സുരക്ഷിതത്വവും പ്രകൃതിദത്തവുമായ മാതൃക സൃഷ്ടിച്ച് വിസ്മയമാവുകയാണ് ലക്കിടി ഇ.പി.എം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭൂഗർഭ അണക്കെട്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇ.പി.മാധവൻനായർ ഗന്റെ ഗവേഷണ സാങ്കേതിക ശാസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഭൂഗർഭ അണക്കെട്ടിന്റെ നിർമ്മാണ ചാതുര്യം വിദഗ്ദ്ധർക്ക് പോലും വിസ്മയമായി നിലനിൽക്കുകയാണ്.

ഇന്ത്യയിൽ തന്നെ ഇത്തരമൊരു അണക്കെട്ട് ആദ്യം നിർമ്മിച്ചത് ഇ.പി.മാധവൻനായരായിരുന്നു. പിന്നീട് അതിനുശേഷം വേറെയാരും ഇതുപോലൊന്നു നിർമ്മിച്ചിട്ടില്ല. സാധാരണ അണക്കെട്ടുകളെപ്പോലെ തന്നെ ഭൂമിക്കടിയിലെ രണ്ടു പാറക്കെട്ടുകളെ ബന്ധിപ്പിച്ച് അണക്കെട്ട് തീർത്ത് ഭൂമിക്കടിയിൽ ജലം സംഭരിക്കലാണ് ഇതിന്റെ രീതി. ഭൂമിക്കടിയിലെ നൈസർഗികമായ ഉറവുകളിലെ വെള്ളവും ഒരു പ്രത്യേക പ്രദേശത്ത് പെയ്തുതാഴുന്ന വെള്ളവും തടഞ്ഞുനിർത്തി ശേഖരിക്കുകയാണ് ചെയ്യുന്നത്.

45 ഏക്കറോളം വരുന്ന എസ്റ്റേറ്റിനകത്ത് 88 സെന്റ് പാടത്തിനോടുചേർന്നാണ് അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഈ സ്ഥലത്തെ ഭുഗർഭ നീരുറവകളും മഴയത്ത് പെയ്തിറങ്ങുന്ന വെള്ളവും അണക്കെട്ടിൽ സംഭരിക്കപ്പെടും. 40 അടിയോളം താഴ്‌ച്ചയുള്ള ഒരു വലിയ കിണറിലും അനുബന്ധമായി നിർമ്മിച്ചിട്ടുള്ള 12 ഭുഗർഭ അറകളിലുമാണ് ഇതു സംഭരിക്കപ്പെടുന്നത്. അണക്കെട്ട് നിൽക്കുന്ന 88 സെന്റ് സ്ഥലത്തെ പാടശേഖരത്തിനടിയിലും ഈ വെള്ളം സംഭരിക്കപ്പെടും. അണക്കെട്ട് നിറഞ്ഞാൽ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടാനുള്ള സംവിധാനമുണ്ട്. മഴയുടെ അളവറിയാനുള്ള റെയിൻഗേജ് ഉപകരണവും 1968 ൽ മുതൽ പെയ്ത മഴയുടെ അളവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

1964 ലാണ് ഇ.പി.മാധവൻനായർ അണക്കെട്ട് നിർമ്മാണം ആരംഭിച്ചത്. 1966 ലാണ് നിർമ്മാണം തീർന്നത്. എൺപതിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. 40 അടിയോളം പാറ കാണുന്നതു വരെ കമ്പി കൊണ്ടു താഴ്‌ത്തി നാല് അടി വീതിയിൽ കിടങ്ങു തീർത്ത് പാറയ്ക്ക് മുകൾ വശം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി അടിയിൽനിന്നു മുകൾവരെ ഇഷ്ടിക കൊണ്ട് ഭിത്തികെട്ടിയാണ് അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഭിത്തിക്ക് പുറമേക്ക് മണ്ണിട്ട് നികത്തിയതിനാൽ പുറമേക്ക് പ്രധാന കിണറുകളും ആർച്ച് രൂപത്തിൽ നിർമ്മിച്ച അറകളും മാത്രമേ കാണാൻ കഴിയൂ. അണക്കെട്ടിന്റെ മുകൾഭാഗവും കൃഷിക്ക് അനുയോജ്യമാണ്. അണക്കെട്ടിനകത്ത് മണ്ണിട്ട ഭാഗങ്ങളിലെ ജലത്തിന്റെ അളവ് അറിയാനുള്ള സംവിധാനവുമുണ്ട്.


ഈ അണക്കെട്ടിലെ ജലം ഉപയോഗിച്ച് 365 ദിവസവും ഇ.പി .മാധവൻനായർ എസ്റ്റേറ്റിനകത്ത് നെൽകൃഷി നടത്തിയിരുന്നു. ഈ എസ്റ്റേറ്റിലെ കാര്യങ്ങൾ നടത്തുന്നത് അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ്. ഇതിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ, തമിഴാനാട് മുഖ്യമന്ത്രി കെ.കാമരാജ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രഗൽഭരും ഇത് സന്ദർശിച്ചിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, സ്റ്റോക്ക് ഹോം, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാർത്ഥികളും ഇവിടെ സന്ദർശിച്ച് പഠനം നടത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ചില ഗവേഷണ വിദ്യാർത്ഥികൾ ഇപ്പോഴും ഇവിടെ വരാറുമുണ്ട്.