ലണ്ടൻ: എയർ കണ്ടീഷൻ ചെയ്ത ആഡംബര കാറിൽ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പ്രശസ്ത സംവിധയകാൻ ലാൽ ജോസും സംഘവും ലോക സമാധാനം ലക്ഷ്യമിട്ടു നടത്തിയ യാത്രയും ഇടയ്ക്ക് വച്ച് സംഘത്തിലെ സ്വര ചേർച്ചയില്ലാത്തതു വഴി പിരിഞ്ഞതും എല്ലാം സൃഷ്ട്ടിച്ച കോലാഹലം മറക്കാൻ സമയമായിട്ടില്ല്. എന്നാൽ 40 വർഷം മുൻപ് രണ്ടു സുഹൃത്തുക്കൾ പഞ്ചാബിലെ ഒരു കുഗ്രാമത്തിൽ നിന്നും 7000 ലേറെ മൈലുകൾ സൈക്കിളിൽ താണ്ടി ഇംഗ്ലണ്ടിൽ എത്തിയ കഥ ലാൽ ജോസും സംഘവും അറിഞ്ഞിരിക്കേണ്ടത് സാഹസികത മാത്രം തിരിച്ചറിയാൻ വേണ്ടിയല്ല, മറിച്ചു ആ യാത്രയിലൂടെ എങ്ങനെ ജനഹൃദയങ്ങൾ കീഴടക്കി എന്ന് കൂടി അറിഞ്ഞിരിക്കാനാണ്.

അന്ന് സൈകിളിൽ എത്തിയ രാജ് മൽഹോത്ര എന്ന യുവാവ് തിരികെ ജന്മനാട്ടിലേക്കു മടങ്ങിയില്ല, മടങ്ങാൻ ബ്രിട്ടീഷുകർ അനുവദിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. ആ യുവാവ് പിന്നീട് പ്രാദേശിക കൗൺസിലിൽ ജനപ്രധിനിധി ആയി തിരഞ്ഞെടുക്കപ്പെട്ട ആവേശകരമായ കഥയാണ് 40 വർഷങ്ങൾക്ക് ശേഷം ശേഷം പുറത്തു വരുന്നത്, അതും ആകസ്മികമായി സംഭവിച്ച രാജ് മൽഹോത്രയുടെ മരണത്തെ തുടർന്ന്. 

വെറും സാഹസികത എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് രാജ് മൽഹോത്രയും സുഹൃത്ത് അനൂപ് ഭാലിയയും പഞ്ചാബിൽ നിന്നും 1974 ഫെബ്രുവരിയിൽ ലോക സഞ്ചാരം ആരംഭിക്കുന്നത്. അന്നത്തെ 250 രൂപക്ക് തുല്യമായ തുകയും കൈവശം വച്ചുള്ള യാത്ര ഏതു രൂപത്തിൽ പര്യവസനിക്കും എന്ന് രണ്ടു പേർക്കും യാതൊരു നിശ്ചയവും ഇല്ലായിരുന്നു. യാത്രകളിൽ ചെല്ലുന്നിടത്തെല്ലാം അലുമിനിയം കമ്പികൾ വളച്ചു കൂട്ടി സൈക്കിളിന്റെ മോഡൽ ഉണ്ടാക്കിയാണ് വഴിച്ചെലവിനുള്ള പണം ഉണ്ടാക്കിയതെന്ന് രാജ് മല്‌ഹോത്ര പിന്നീട് പല സന്ദർഭങ്ങളിലായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഡസനിലേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു കാനഡയിലാണ് സംഘം യാത്ര അവസാനിപ്പിച്ചത്. ഏകദേശം 7500 മൈലുകൾ താണ്ടിയാണ് രാജും അനൂപും യാത്ര പൂർത്തിയാക്കിയത്. യാത്ര തുടങ്ങി ഏഴാം മാസമാണ് ഇരുവരും ഇംഗ്ലണ്ടിൽ എത്തുന്നത്.

 

എന്നാൽ യാത്രയിൽ കടന്നു പോയ ഇടങ്ങളിൽ എല്ലാം സൗഹൃദം സൃഷ്ട്ടിക്കാൻ കഴിഞ്ഞ മൽഹോത്രയ്ക്ക് ഇംഗ്ലണ്ടിലെ കവൻട്രി രണ്ടാം വീടായി മാറുക ആയിരുന്നു. ഇവിടുത്തെ ജനങ്ങൾ രാജ് മൽഹോത്രയെ തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. കവൻട്രിയിൽ ജീവിതം ആരംഭിച്ച രാജിനെ തങ്ങളുടെ ജനപ്രതിനിധി ആയി കൗൺസിലിലേക്ക് തിരഞ്ഞെടുത്താണ് നാട്ടുകാർ സ്‌നേഹം പ്രകടിപ്പിച്ചത്.

കവന്റ്രിയിൽ പ്രാദേശിക ഭരണകൂടത്തിലേക്ക് പ്രധിനിധി ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജൻ എന്ന ഖ്യാതിയും രാജ് മൽഹോത്രയുടെ പേരിലാണ്. അതും 98 ശതമാനം വോട്ടർമാരും ബ്രിട്ടീഷ് വംശജർ ആയിരുന്ന സ്ഥലത്ത് നിന്നാണ് അദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് പല തവണ ആവർത്തിക്കപ്പെട്ടു. ലോവർസ്‌റ്റോക്കിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചാണ് മൽഹോത്ര വിജയിച്ചിരുന്നത്. കവന്റ്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് താമസം മാറ്റുന്നത് ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്ന് രാജ് മൽഹോത്ര പിന്നീട് വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്തായി ആം ആദ്മി പാർട്ടിയുടെ യു കെ യിലെ പ്രധാന സംഘാടകനാകാൻ ആയും രാജ് പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില് വച്ച് ഏണിയിൽ നിന്ന് താഴെ വീണാണ് രാജ് മരിക്കുന്നത്.



ഇപ്പോൾ കേട്ടാൽ പോലും അവിശ്വസനീയത നിഴലിക്കുന്ന ഈ സൈക്കിൾ യാത്രയുടെ കഥകൾ എത്ര പറഞ്ഞാലും തീരില്ല എന്നാണ് അദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഓരോ ദിവസം ഓരോ പ്രശനങ്ങളെ തരണം ചെയ്യുക എന്നതായിരുന്നു രണ്ടംഗ സംഘത്തിന്റെ പ്രധാന ജോലി. യാത്രയുടെ വിഷമതകൾ ഒക്കെ മറ്റു പ്രശ്‌നങ്ങൾക്ക് മുന്നിൽ നിസ്സാരമായി തീരുകയായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ, ബള്‌ഗേറിയ, യുഗോസ്ലാവ്യ, ഹംഗറി, ആസ്ട്രിയ , സ്വിറ്റ്‌സർലണ്ട്, ടർകി, ജർമ്മനി, ഫ്രാൻസ്, ബെൽജിയം, എന്നിവിടങ്ങളിലൂടെ കടന്നാണ് രാജും കൂട്ടുകാരനും ഇംഗ്ലണ്ടിൽ എത്തിയത്. ഇരുവരും യാത്ര ചെയ്തു എത്തിയിടതൊക്കെ രജോചിത സ്വീകരണമാണ് ലഭിച്ചത്. അക്കാലത്തു യൂറോപ്പിലോക്കെ പത്രമാദ്ധ്യമങ്ങളിൽ ഇവരുടെ യാത്രയുടെ തലക്കെട്ടുകൾ നിരന്നു. തുടർന്ന് സ്‌കോട്ട്‌ലന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. ഒടുവിൽ സൈക്കിളിൽ തന്നെ കാനഡ കൂടി കണ്ടു തീർത്താണ് ഇരുവരും യാത്ര അവസാനിപ്പിച്ചത്.