27 രാഷ്ട്രങ്ങൾ; 75 ദിനങ്ങൾ; 24000 കിലോമീറ്റർ; ഫോർഡ് എൻഡീവർ കാർ: സംവിധായകൻ ലാൽജോസ് ലോകയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ എന്താവും പങ്കുവയ്ക്കാനുള്ളത്? യാത്രയിൽ നിന്ന് എന്തു പാഠമാവും പഠിച്ചിട്ടുണ്ടാവുക? സിനിമയിൽ അതുണ്ടാക്കാവുന്ന മാറ്റമെന്താവും? രണ്ടായി പിരിഞ്ഞ യാത്രാസംഘത്തിൽ ആരുടെ ഭാഗത്താവും ന്യായം? ലോകസമാധാനത്തിനു വേണ്ടിയുള്ള രാഷ്ട്രാതിർത്തികൾ താണ്ടിയുള്ള കാർ യാത്രയുടെ ക്ഷീണം ഒറ്റപ്പാലത്തെ സ്വന്തം വീട്ടിലെത്തി ഒന്നു കുളിച്ചുറങ്ങി തീർത്ത് ദൈനംദിന കാര്യങ്ങളിലേക്കു കടക്കുമ്പോൾ ഈ യാത്രയുടെ വിശേഷങ്ങളറിയാൻ ആരായാലും കൊതിക്കും. ജൂൺ 16നു തുടങ്ങിയ യാത്രയ്ക്കൊടുവിൽ കാർ കപ്പലിൽ കയറ്റി അയച്ച് വിമാനം കയറി നെടുമ്പാശേരിയിൽ ഇറങ്ങിയ ലാൽ ജോസിനോട് ചോദിച്ചറിയാൽ ഒട്ടേറെ വിശേഷങ്ങളുണ്ടായിരുന്നു. 27 രാജ്യങ്ങളിലൂടെ കാർമാർഗ്ഗം നടത്തിയ ലോക സഞ്ചാരത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ലാൽജോസ് വിമാനം കയറി കൊച്ചിയിൽ എത്തിയത്. പിന്നീട് കുടുംബത്തെ കാണാൻ ഒറ്റപ്പാലത്തേക്ക്. തോട്ടക്കരയിലെ 'കനവി'ലേക്ക് എത്തിയ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം യാത്രയെക്കുറിച്ച് വിവരിച്ചു.

  • യാത്ര എന്തുമാറ്റമാണ്, കാഴ്ചപ്പാടിലുണ്ടാക്കിയത്? യാത്രാനുഭവങ്ങൾ സിനിമയാകുമോ?

ഞാൻ നടത്തിയ ലോക യാത്ര ഇനിയുള്ള എന്റെ ജീവിതക്രമത്തിൽ തന്നെ സക്രിയമായ മാറ്റത്തിന് വഴിതുറക്കും. എന്നാൽ ഈ യാത്ര ഒരു സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ല. ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണിത്.

  • യാത്രയിൽ ഏറെ ശ്രദ്ധയാകർഷിച്ചത് എന്താണ്?

ചൈനയാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. പറഞ്ഞു കേട്ട ചൈനയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആ രാജ്യം. അവിടെ മുസ്ലിംങ്ങളും ബുദ്ധമതക്കാരും തിങ്ങി പാർക്കുന്ന പ്രവിശ്യകളിലൂടെ സഞ്ചരിച്ചു. ഏറ്റവും കൂടുതൽ പേർ മതരഹിതമായി ജീവിക്കുന്ന രാജ്യമാണ് ചൈന. അതുകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും അവിടെ കണ്ടില്ല.

  • യാത്രയ്ക്കിടയിൽ ടീം രണ്ടായല്ലോ...

വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. മാദ്ധ്യമങ്ങൾ എപ്പോഴും ഒരുഭാഗം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അതിന് ഒരു മറുവശം കൂടി ഉണ്ടെന്ന് മാത്രമേ പറയാനുള്ളൂ. മാദ്ധ്യമങ്ങൾ പലപ്പോഴും സെൻസേഷണലിസത്തിന്റെ പിറകെയാണ്. ജനം പലപ്പോഴും അതൊക്കെ അതേപടി വിശ്വസിക്കും. അവർ പറയുന്നത് കേട്ടും വായിച്ചും പലയിടത്തും ആളുകൾ ഞങ്ങളെ കാണാനോ സംസാരിക്കാനോ പോലും കൂട്ടാക്കിയില്ല. ആദ്യം എന്തുകേൾക്കുന്നുവോ, അതിനനുസരിച്ച് മുൻവിധി രൂപപ്പെടും. അതുപിന്നെ ആരു വിചാരിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്.

  • പരിചയപ്പെട്ട സംസ്കാരങ്ങൾ, ഭക്ഷണം...

കടന്നുപോയ 27 രാജ്യങ്ങളിലും നാനാവിധ സംസ്‌കാരങ്ങളാണ് കണ്ടത്. വിവിധ രാജ്യങ്ങളിലൂടെ പോകുമ്പോൾ അവിടുത്തെ ഭക്ഷണം തന്നെയാണ് കഴിച്ചിരുന്നത്.

  • ഇനി എന്ത്?

രണ്ട് ദിവസം കുടുംബത്തോടൊപ്പം ഒറ്റപ്പാലത്ത്. തുടർന്ന് എറണാകുളത്ത് സിനിമ തിരക്കിലേക്ക് മടങ്ങും.