ന്യൂഡൽഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പിന്നാലെ മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയും ലളിത് മോദിയുമായുള്ള ബന്ധത്തിൽ വിവാദത്തിലേക്ക് നീങ്ങുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ വസുന്ധര മുമ്പ് മോദിക്ക് ചെയ്തുകൊടുത്ത സഹായങ്ങളാണ് ഇപ്പോൾ വിനയായി വന്നിരിക്കുന്നത്. ബ്രിട്ടനിലേക്ക് കടക്കാൻ ലളിത് മോദിക്ക് സഹായമൊരുക്കിയത് വസുന്ധരയാണെന്ന വെളിപ്പെടുത്തൽ ലളിത് മോദിയുടെ ക്യാമ്പിൽനിന്നുതന്നെ വന്നതോടെ പുതിയ പ്രതിസന്ധിയിലേക്കാണ് ബിജെപി നീങ്ങുന്നതെന്ന് നിരീക്ഷകർ പറയുന്നു.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണങ്ങളെത്തുടർന്ന് ലളിത് മോദി ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അതിന് സഹായമൊരുക്കിയത് അന്ന് രാജസ്ഥാൻ പ്രതിപക്ഷനേതാവായിരുന്ന വസുന്ധരെയായിരുന്നുവെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി. ലളിത് മോദി സമർപ്പിക്കുന്ന ഏത് ഇമിഗ്രേഷൻ അപേക്ഷയെയും താൻ സപ്പോർട്ട് ചെയ്യുന്നുവെന്ന് വസുന്ധര എഴുതി ഒപ്പിട്ട രേഖയാണ് മോദിയുടെ അഭിഭാഷകൻ മഹ്മൂദ് അബ്ദി പുറത്തുവിട്ടത്. ഒരുകാരണവശാലും താൻ മോദിയെ പിന്തുണച്ചുവെന്ന കാര്യം അധികൃതർ അറിയാൻ പാടില്ല എന്ന നിബന്ധനയോടെയാണ് വസുന്ധര രേഖയിൽ ഒപ്പുവച്ചിരിക്കുന്നത്.

തന്നെ സഹായിച്ചതിന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് കുടുങ്ങരുതെന്ന് ലളിത് മോദിക്ക് നിർബന്ധമുണ്ട്. അതിനുവേണ്ടിയാണ് പഴയ സുഹൃത്തുകൂടിയായ വസുന്ധരെ രാജെയുടെ പേരുകൂടി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് കരുതുന്നു. സുഷമ മാത്രമല്ല, തന്നെ മറ്റു നേതാക്കളും സഹായിച്ചിട്ടുണ്ടെന്ന് തെളിയിക്കുകയാണ് മോദി ഇതിലൂടെ ചെയ്യുന്നത്. ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസ്സുകാരും സഹായിച്ചിട്ടുണ്ടെന്നും മോദി സ്ഥാപിക്കാൻ ശ്രമിക്കുന്നു.

മോദിയും വസുന്ധരെ രാജെയും തമ്മിലുള്ള സൗഹൃദം രാജസ്ഥാൻ ബിജെപിയിൽത്തന്നെ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. സാമ്പത്തിക ആരോപണങ്ങളിൽപ്പെടുന്നതിന് മുമ്പ് മോദിയായിരുന്നു രാജസ്ഥാനിലെ ബിജെപിയുടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നതുപോലും. വസുന്ധരയുടെ മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെ പേരിലുള്ള കമ്പനിക്ക് 2008-ൽ മോദി 1163 കോടി രൂപ കൊടുത്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് ലഭിച്ചിരുന്ന സഹായത്തിന് മോദി നൽകിയ സമ്മാനമാണ് ഈ ഇടപാടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, വസുന്ധരയും ലളിത് മോദിയും 2013-ൽ തെറ്റിപ്പിരിയുകയായിരുന്നു. അതുവരെ രാജസ്ഥാനിൽ സമാന്തര ഭരണകൂടമായിരുന്നു ലളിത് മോദി നടപ്പാക്കിയിരുന്നത്. 2003-ൽ വസുന്ധര ആദ്യവട്ടം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മോദിയായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്.

വസുന്ധരയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് മുന്നിലുള്ള മേശയിലേക്ക് കാലുകയറ്റിവച്ചാണ് മോദി ഇരിക്കാറുണ്ടായിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിക്ക് ഭരണത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാതിരുന്നതും മോദിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിലായിരുന്നു. ഇതേത്തുടർന്നാണ് 2013-ൽ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ മോദിയുമായുള്ള സൗഹൃദം പൂർണമായും വസുന്ധര ഒഴിവാക്കിയത്.

രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ലളിത് മോദി പക്ഷം പിടിച്ചടക്കിയെങ്കിലും, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ സഹായത്തോടെ മോദിക്ക് പകരം പാർട്ടി നേതാവ് അമിൻ പഠാനെ അസോസിയേഷന്റെ തലപ്പത്ത് എത്തിക്കാൻ ബിജെപിക്കായി. തന്നെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് വസുന്ധര രാജെയാണെന്ന് മോദി കരുതുന്നുണ്ട്. അതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ വിവാദത്തിലേക്ക് അവരെ വലിച്ചിഴച്ചതെന്നും സംശയിക്കപ്പെടുന്നു.