തിരുവനന്തപുരം: ഒരു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി കമ്പോളവില ഇടാക്കി മാത്രമേ ഭൂമി പതിച്ചു നൽകൂ. അതായത് ഭൂമിയുടെ വില മൊത്തമായി നൽകേണ്ടി വരും. മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭൂമി പതിവ് അപേക്ഷകളിൽ പട്ടയം അനുവദിക്കുന്നത് 1995-ലെ കേരള മുൻസിപ്പാലിറ്റി കോർപ്പറേഷൻ ഭൂപതിവ് ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ പാലിച്ചായിരിക്കുമെന്നും തീരുമാനിച്ചു.

നിലവിൽ ചെറിയ തുകയ്ക്കാണ് കണ്ണായ സ്ഥലങ്ങളിലെ ഭൂമി പലരും സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഭൂമി പതിച്ചു നൽകാൻ കമ്പോള വില ഈടാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി തിരിച്ചറിഞ്ഞാണ് തീരുമാനം. ഫലത്തിൽ ഭൂമി പതിച്ചു നൽകുന്നത് വിൽപ്പനയുടെ സ്വഭാവത്തിലേക്ക് വരാനും കഴിയും. അതുകൊണ്ട് തന്നെ ആ ഭൂമിയിൽ പൂർണ്ണ അവകാശവും വാങ്ങുന്നവർക്ക് നൽകും.

ഭൂപരിഷ്‌കരണ നിയമത്തിലെ ചില വകുപ്പുകൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയപ്പോൾ സർക്കാരിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. നിയമം നടപ്പാക്കിയതോടെയാണ് കുടികിടപ്പും പാട്ടവ്യവസ്ഥയും ജന്മിത്തവും കേരളത്തിൽ ഇല്ലാതായത്. കൃഷിഭൂമി കൈവശംെവച്ചിരുന്ന കർഷകരെ കുടികിടപ്പുകാരായി കണക്കാക്കി പട്ടയം നൽകി. ഭൂവുടമസ്ഥരും മധ്യവർത്തികളും സൃഷ്ടിച്ച എല്ലാ കടബാധ്യതകളിൽ വിമുക്തമായി സർക്കാരിൽ ഭൂമി നിക്ഷിപ്തമായി. അതോടെ ഈ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണ്.

തോട്ടങ്ങൾക്ക് ഭൂപരിധിയിൽ ഇളവ് നൽകിയപ്പോഴും സീലിങ് പരിധിക്ക് അകത്ത് മാത്രമേ ക്രയ സർട്ടിഫിക്കറ്റ് നൽകാനാവു. തോട്ടങ്ങളിലെ ബാക്കി ഭൂമിക്ക് ലാൻഡ് ട്രിബ്യൂണൽ വഴി ഇളവ് നേടാം. ഇളവ് നൽകിയ മുഴുവൻ ഭൂമിക്കും പാട്ടം നൽകാമെന്നായിരുന്നു വ്യവസ്ഥ. ലാൻഡ് ട്രിബ്യൂണലുകളും താലൂക്ക് ലാൻഡ് ബോർഡുകളും ഇക്കാര്യത്തിൽ അട്ടിമറി നടത്തി. ഈ ഭൂമിക്ക് നികുതി അടക്കുന്നതിന് സൗകര്യംമൊരുക്കി. ഫലത്തിൽ സർക്കാർ ഖജനാവിലേക്ക് പാട്ടമായി വരേണ്ട ആയിരക്കണക്കിന് കോടി രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് ആക്ഷേപം. ഇതിനൊപ്പമാണ് ഭൂമി പതിച്ചു നൽകിയുണ്ടാകുന്ന നഷ്ടം.

കോടികൾ കമ്പോള വില വരുന്ന ഭൂമിക്കും തുച്ഛമായ വിലയാകും സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ വിലയ്ക്ക് ഭൂമി പതിച്ചു കൊടുക്കും. ഇത് കിട്ടുന്നവർക്ക് വലിയ ലാഭമാകുകയും ചെയ്യും. വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ കമ്പോള വിലയ്ക്ക് ഇരട്ടി പോലും സർക്കാരിന് കൊടുക്കേണ്ട അവസ്ഥയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ ഭൂമി ആർക്കും ചുളുവിന് കൊടുക്കേണ്ടതില്ലെന്ന തീരുമാനം എടുക്കുന്നത്. എന്നാൽ വ്യവസായ ആവശ്യത്തിനും മറ്റും ഭൂമി ന്യായ വിലയിൽ നൽകുകയും ചെയ്യും.