തിരുവനന്തപുരം: സംസ്ഥാനത്തു ഭൂമി തരംമാറ്റുന്നതിനായി ലഭിച്ച എല്ലാ അപേക്ഷകളും പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് 6 മാസത്തിനകം തീർപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കം. കൊച്ചി സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവൻ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ തീർപ്പാക്കിക്കിട്ടാത്തതിനാൽ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിവേഗ നീക്കം. താൽകാലിക ജീവനക്കാരെ നിയമിച്ചാകും നടപടികൾ അതിവേഗം പൂർത്തിയാക്കുക.

ഭൂമി തരം മാറ്റാനുള്ള അപേക്ഷകൾ കഴിയുന്നത്ര വേഗം തീർപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. അപേക്ഷകളും ഭൂമിയും പരിശോധിക്കുന്നതിന് 31.61 കോടി രൂപ ചെലവിട്ട് വാഹനങ്ങളും ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കും. ആയിരത്തോളം ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കുകയും ചെയ്യും.

ജനുവരി 31 വരെ ലഭിച്ച അപേക്ഷകളാണ് 6 മാസം കൊണ്ടു തീർപ്പാക്കുക. സാങ്കേതികക്കുരുക്ക് ഒഴിവാക്കാൻ നടപടിക്രമങ്ങൾ ലഘൂകരിച്ചു പൊതുമാനദണ്ഡം തയാറാക്കും. ഓരോ ആർഡിഒ ഓഫിസിലുമുള്ള അപേക്ഷകൾ എക്‌സൽ ഷീറ്റിലേക്കു മാറ്റി ഓരോ വില്ലേജിലെയും പരിശോധനാ രേഖകൾ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനയ്ക്കു സമയം നിശ്ചയിക്കും. 100 അപേക്ഷകളിൽ കൂടുതലുള്ള വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയിൽ 6 മാസത്തേക്കു വാഹന സൗകര്യം നൽകും.

പരിശോധനയ്ക്കു ശേഷം അദാലത്തുകളിലൂടെ തരംമാറ്റ നടപടികളുടെ വേഗവും സുതാര്യതയും ഉറപ്പു വരുത്തും. ആഴ്ചയിലൊരിക്കൽ കലക്ടറും മാസത്തിലൊരിക്കൽ ലാൻഡ് റവന്യു കമ്മിഷണറും പുരോഗതി വിലയിരുത്തും. ഓൺലൈൻ ആക്കിയ ശേഷം ലഭിച്ച അപേക്ഷകൾ കൃത്യമായ ഇടവേളകളിൽ മന്ത്രിയുടെ ഓഫിസിൽ നേരിട്ടു പരിശോധിക്കും.

25 സെന്റ് വരെയുള്ള ഭൂമിക്കു ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൗജന്യ തരംമാറ്റം അനുവദിക്കാൻ 2021 ഫെബ്രുവരി 25 ന് സർക്കാർ തീരുമാനിച്ചിരുന്നു. അതോടെയാണ് അപേക്ഷ പെരുകിയത്. ഓൺലൈൻ കരം രസീതിൽ ഭൂമി നിലമാണോ പുരയിടമാണോ എന്നു മനസ്സിലാക്കാമെന്നായി. ഇതും അപേക്ഷ പെരുകാൻ കാരണമായി.

വില്ലേജ് ഓഫിസറും കൃഷി ഓഫിസറും സ്ഥല പരിശോധന നടത്തിയും വിശദമായി അന്വേഷിച്ചുമാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. ഇതുവരെ ലഭിച്ച 1,55,852 അപേക്ഷകളിൽ 40,754 എണ്ണം കഴിഞ്ഞ 9 മാസത്തിനിടെ തീർപ്പാക്കി. 100 വർഷം മുൻപ് 30 ലക്ഷം ഏക്കർ നെൽവയൽ ഉണ്ടായിരുന്നത് 5 ലക്ഷം ഏക്കറായി ചുരുങ്ങിയെന്നതാണ് വസ്തുത.

അധിക ജീവനക്കാരെ നിയമിക്കും

രണ്ടായിരത്തിലേറെ അപേക്ഷകൾ തീർപ്പാക്കാനുള്ള റവന്യു ഡിവിഷനൽ ഓഫിസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരടങ്ങുന്ന സംഘത്തെ അധികമായി നിയമിക്കും. 2500 ൽ അധികം അപേക്ഷകളുള്ള 9 റവന്യു ഡിവിഷനൽ ഓഫിസുകളിൽ ഒരു ജൂനിയർ സൂപ്രണ്ട്, 4 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയോഗിക്കും. 1000 മുതൽ 2000 അപേക്ഷകളുള്ള ഓഫിസുകളിൽ 2 ക്ലാർക്ക്, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ. അപേക്ഷകൾ ആയിരത്തിൽ താഴെയെങ്കിൽ വകുപ്പിൽ നിന്നു തന്നെ ജീവനക്കാരെ അധികമായി വിന്യസിക്കും.

അപേക്ഷകളുടെ എണ്ണം നൂറിലേറെയുള്ള വില്ലേജുകളിൽ തരംമാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യാനായി മാത്രം ഒരു ക്ലാർക്കിനെ അധികമായി നിയമിക്കും. 18 ആർഡിഒ ഓഫിസുകളുടെ പരിധിയിൽ വരുന്ന 51 താലൂക്കുകളിൽ ഒരു ക്ലാർക്കിനെയും 3 സർവേയർമാരെയും നിയമിക്കും. ആകെ 18 ജൂനിയർ സൂപ്രണ്ടുമാരുടെയും 819 ക്ലാർക്ക്/ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും 153 സർവേയർമാരുടെയും അധിക തസ്തികകൾ സൃഷ്ടിക്കും.

വില്ലേജുകളിൽ ഇപ്പോൾ വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്ഥലത്തെത്തിയുള്ള പരിശോധയ്ക്കായി 2 വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയ്ക്ക് 680 വില്ലേജുകളിൽ വാഹനം അനുവദിക്കും. 5.99 കോടി രൂപ മുടക്കി കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയവ വാങ്ങി നൽകും.