തിരുവനന്തപുരം: മിച്ചഭൂമി തിരിച്ചുപിടിക്കുമെന്ന് മാറിമാറി വരുന്ന സർക്കാറുകളുടെ അവകാശവാദമാണ്. എന്നാൽ, പലപ്പോഴും സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾ കൊണ്ടുപോകുന്ന അവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ അതിവിപ്ലവകരമായ ഒരു തീരുമാനവുമായി മുന്നോട്ടു പോകുകയാണ് പിണറായി സർക്കാർ. ആരാധനാലയങ്ങളുടെ പക്കലുള്ള പട്ടയമില്ലാത്ത ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീങ്ങുന്നത്. വീടില്ലാത്തവർക്ക് വീടു വെച്ചു നൽകുന്നതിന് വേണ്ടിയുള്ള നിർണായകമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്

പട്ടയമില്ലാത്ത ഭൂമി ആരാധനാലയങ്ങളിൽനിന്ന് ഉൾപ്പെടെ ഏറ്റെടുക്കാൻ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കയാണ്. സ്ഥാപനങ്ങൾക്കു ഭൂമി പതിച്ചുകൊടുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചുള്ള മുൻ സർക്കാരിന്റെ ഉത്തരവ് ഇതിനായി ഭേദഗതി ചെയ്യാനാണ് ഒരുങ്ങുന്നത്. ആരാധനാലയങ്ങൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, സാമൂഹികയുവജന സംഘടനകൾ, അനാഥാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവയുടെ ഭൂമിയും ഇത്തരത്തിൽ ഏറ്റെടുക്കും. കെട്ടിടം നിർമ്മിച്ച ശേഷം വെറുതേ ഇട്ടിരിക്കുന്ന സ്ഥലങ്ങളാകും സർക്കാർ ഏറ്റെടുക്കുക.

മൊത്തം ഭൂമിയിൽ തങ്ങൾക്കു വേണ്ടത്ര സ്ഥലത്തിന് അപേക്ഷിക്കാൻ സ്ഥാപനങ്ങൾക്ക് അവസരമുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് വേണ്ടത്ര പതിച്ചുനൽകിയ ശേഷം ബാക്കി ഏറ്റെടുക്കും. ലൈഫ് പാർപ്പിട പദ്ധതി ഉൾപ്പെടെ സർക്കാർ പദ്ധതികൾക്കു വേണ്ടത്ര ഭൂമി ലഭ്യമല്ലാത്തതിനാൽ സാധ്യമായ മേഖലകളിൽ നിന്നെല്ലാം ഭൂമി വീണ്ടെടുക്കുകയാണ്. ഇത് വഴി സർക്കാർ ലക്ഷ്യമിടുന്നത് ഭവനരഹിതകർക്ക് ഭൂമി വെക്കാൻ അവസരമൊരുക്കുക എന്നതു തന്നെയാണ്.

പട്ടയമില്ലാത്ത ഭൂമി ഏറ്റെടുത്തു ക്രമപ്പെടുത്താൻ 2 മാസം മുൻപു മന്ത്രി ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചിരുന്നു. നടപടിക്കു തടസ്സമില്ലെന്നു നിയമവകുപ്പ് അറിയിച്ചതോടെ ഫയൽ ധനവകുപ്പിന് അയച്ചിരിക്കുകയാണ്. അവരുടെ അനുമതി കൂടിയാകുന്നതോടെ, നിലവിലെ ഉത്തരവിൽ ഭേദഗതിക്കുള്ള നോട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കും. ഏറ്റെടുക്കുന്ന ഭൂമി വേണമെങ്കിൽ സ്ഥാപന വാർഷികം, ഉൽസവം, സമ്മേളനം തുടങ്ങിയവയ്ക്കു നിശ്ചിത ദിവസത്തേക്കു വാടകയ്ക്കു നൽകാമെന്ന അഭിപ്രായമുണ്ട്. ഇങ്ങനെ നൽകിയാൽ കൈവശപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ പിന്നീടു തീരുമാനമുണ്ടാകും.

ഓരോ സ്ഥാപനത്തിലും എത്തുന്ന ആൾക്കാർ, അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താകും ആവശ്യമുള്ള ഭൂമിയുടെ തോത് നിശ്ചയിക്കുക. ഈ ഭൂമി വിപണി വിലയ്ക്കു സ്ഥാപനത്തിനു നൽകാനാണു ധാരണ. വില കൊടുക്കാൻ സാധിച്ചില്ലെങ്കിൽ പാട്ടത്തിനെടുക്കാം. 30 വർഷമാണു കാലാവധിയെങ്കിലും 3 വർഷം കൂടുമ്പോൾ പുതുക്കണം. വിട്ടുനൽകിയ ശേഷം മിച്ചമുള്ള ഭൂമി ലാൻഡ് ബാങ്കിലേക്കു മാറ്റും.

എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നതാണ് എൽഡിഎഫ് സർക്കാറിന്റെ മുദ്രാവാക്യം. ഈ മുദ്രാവാക്യം വിജയത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് പുതിയ നീക്കം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് കൈക്കൊണ്ട നയപരമായ തീരുമാനമാണ് ഇപ്പോഴത്തേത്.