കോഴിക്കോട്: കേരളത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെ ഉൾപ്പെടെ കടന്നുപോകുന്ന ഗെയ്ൽ പൈപ്പ് ലൈനിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഏറെക്കാലം മുമ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രതിരോധവുമായി ജനങ്ങൾ രംഗത്തെത്തി. പൈപ്പ് ലൈനിനെതിരെ വ്യാജ പ്രചരണങ്ങളും ഉണ്ടായതോടെ കേരളത്തിന്റെ വികസനത്തിൽ വലിയ നാഴികക്കല്ലാകുമെന്ന് സർക്കാരുകൾ ആവർത്തിച്ചു പറഞ്ഞ ഗെയിൽ പദ്ധതി പരാജയപ്പെടുമെന്ന നിലപോലും ഉണ്ടായി. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിക്കാൻ കമ്പനി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടതുമില്ല.

അധികാരമേറ്റതിന് പിന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കേരളത്തിൽ ഗെയിൽ പൈപ്പ് ലൈനിന് സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിൽ ഉണ്ടാകുന്ന കാലതാമസം ചർച്ചയായി. എന്നാൽ എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് കൈമാറുമെന്ന് അന്ന് പ്രധാനമന്ത്രിക്ക് സംസ്ഥാന മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു. എന്നാലും അടുത്തകാലത്തുൾപ്പെടെ വലിയ എതിർപ്പുകൾ പലയിടത്തും ഉണ്ടായി. പക്ഷേ, ഭൂമിക്ക് വില നൽകുന്നകാര്യത്തിലും നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ജനങ്ങളുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിച്ചതോടെ ഇപ്പോൾ കേരളത്തിലെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി.

ഇതോടെ വൈകാതെ തന്നെ പദ്ധതി യാഥാർത്ഥ്യമാകും. പൈപ്പ് ലൈൻ കടന്നുപോകുന്ന മേഖലകളിൽ വൻ വ്യവസായ വികസനത്തിന് ഇത് വഴിവയ്ക്കുകയും ചെയ്യും. കുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുമെന്നതാണ് വലിയ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വന്നത് മലബാർ മേഖലയിലെ ജില്ലകളിലാണ്. കേരളത്തിലും കർണ്ണാടകയിലുമായി ആകെ 438 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ 302 കിലോമീറ്റർ ദൂരവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ്.

കേരള അതിർത്തിയിൽ നിന്ന് മംഗലാപുരത്തെ ഗെയിൽ പ്ലാന്റ് വരെ കർണാടക സംസ്ഥാനത്ത് 35 കിലോമീറ്റർ ദൂരമാണ് ഏറ്റെടുത്തത്. കൊച്ചി മുതൽ കാസർകോട് വരെ 403 കിലോമീറ്ററും. ജില്ല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരം. എറണാകുളം 16 കിലോമീറ്റർ, തൃശൂർ 72 കിലോമീറ്റർ, പാലക്കാട് 13 കിലോമീറ്റർ, മലപ്പുറം 58 കിലോമീറ്റർ, കോഴിക്കോട് 80 കിലോമീറ്റർ, കണ്ണൂർ 83 കിലോമീറ്റർ, കാസർകോഡ് 81 കിലോമീറ്റർ എന്നിങ്ങനെയാണ്.

കോഴിക്കോട് ഉൾപ്പെടെയുള്ള ഈ ജില്ലകളിൽ നിന്ന് തന്നെയാണ് പദ്ധതിക്കെതിരെ കൂടുതൽ പ്രതിഷേധങ്ങളും ഉണ്ടായത്. ഏറ്റവുമൊടുവിൽ ഗെയിൽ പുറത്ത് വിടുന്ന കണക്കുകളനുസരിച്ച് കേരളത്തിലും കർണാടകയിലുമായി ആകെ ഏറ്റെടുത്ത 438 കിലോമീറ്റർ ദൂരത്തിൽ 369 കിലോമീറ്റർ ഭൂമിയും പൈപ്പിടാൻ പാകത്തിൽ സമനിരപ്പാക്കിക്കഴിഞ്ഞു. ഇതിൽ 330 കിലോമീറ്റർ ദൂരം പൈപ്പുകൾ കൂട്ടിയോജിപ്പിക്കുകയും 247 കിലോമീറ്റർ ദൂരം പൈപ്പുകൾ മണ്ണിനടിയിലാക്കുകയും ചെയ്തു കഴിഞ്ഞു.

ആദ്യ ഘട്ടത്തിൽ 91 കിലോമീറ്റർ ദൂരത്തിൽ കൊച്ചി-കൂറ്റനാട് പൈപ്പ്‌ലൈൻ (ഫേസ് രണ്ട്) ആയിരിക്കും കമ്മീഷൻ ചെയ്യുക. ഇത് ജൂൺ 30ന് ഉണ്ടാകും. അതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് ഇപ്പോൾ അതിവേഗം നടക്കുന്നത്. ഈ ലൈൻ കമ്മീഷൻ ചെയ്യുന്നതോടെ മാളയുൾപെടെയുള്ള സ്ഥലങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പദ്ധതിയുടെ ഗണം ലഭിച്ചുതുടങ്ങും. കൂറ്റനാട് മുതൽ മംഗലാപുരം വരെയുള്ളത് ഒക്ടോബർ 31നും കമ്മീഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൊച്ചി മുതൽ കൂറ്റനാട് വരെയുള്ള ഭാഗങ്ങളെ അപേക്ഷിച്ച് ജോലികൾ കൂടുതൽ ദുർഘടമാണ്. ദൂരം കൂടുതലുമാണ്. എന്നാലും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായ സാഹചര്യത്തിൽ പണി വേഗം നീങ്ങും.

കൊച്ചി കൂറ്റനാട് പാതയിലുള്ളതിനേക്കാളേറെ കൂടുതൽ വെള്ളക്കെട്ടുകൾ മുറിച്ച് കടക്കേണ്ടതും തുരങ്കങ്ങൾ നിർമ്മിക്കേണ്ടതും കൂറ്റനാട് മുതൽ മംഗലാപുരം വരെയുള്ള മേഖലയിലാണ്. ഇതുകൊണ്ടൊക്കെയാണ് ഈ ഭാഗങ്ങളിലെ ജോലികൾ പൂർത്തിയാകാൻ വൈകുന്നത്. പദ്ധതിക്കെതിരെ കൂടതൽ പ്രതിഷേധങ്ങൾ നടന്നതും ഈ മേഖലകളിലാണ്. പ്രത്യേകിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിൽ. ഇതും കൂടി ജോലികൾ തുടങ്ങുന്നത് വൈകാൻ കാരണമാവുകയും ചെയ്‌തെങ്കിലും ഇപ്പോൾ സ്ഥിതി മാറി.

പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കും മറ്റുമായി 25 എസ്‌വിഐപി സ്റ്റേഷനുകളാണ് ആകെയുള്ള 438 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 23 എണ്ണത്തിന് വേണ്ട സ്ഥലമേറ്റെടുപ്പും പൂർത്തിയായി. കണ്ണൂർ ജില്ലയിലെ കടവത്തൂരിലും, കാസർകോഡ് ജില്ലയിലെ കോടലമൊഗരുവിലുമാണ് ഇനി എസ് വി ഐ പി സ്റ്റേഷനുകൾക്കുള്ള സ്ഥലം ഏറ്റെടുക്കാൻ ബാക്കിയുള്ളത്. ഇവ രണ്ടും ഉടൻ തന്നെ ഏറ്റെടുക്കാനാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ കൊച്ചി മംഗലാപുരം ഗെയിൽ വാതക പൈപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ പൂർണ്ണമാകും. നിരവധിയായ പ്രതിഷേധങ്ങളെ മറികടന്നാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. പ്രതിഷേധക്കാരെ നേരിടുന്നതിൽ സർക്കാറിന് ഏറെ പഴികേൾക്കേണ്ടിയും വന്നിരുന്നു. എന്നാൽ അതെല്ലാം മറികടന്ന് പിണറായി സർക്കാർ കാര്യങ്ങൾ വേഗത്തിൽ നീക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.