തിരുവനന്തപുരം: പട്ടയഭൂമി കൃഷിക്കും വീടു നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ ഇടുക്കി ജില്ലയ്ക്കു മാത്രം ബാധകമാക്കി ഭൂപതിവു ചട്ടം ഭേദഗതി ചെയ്യും. ഭൂപതിവു നിയമം അനുസരിച്ച് പട്ടയ ഭൂമിയിൽ നിർമ്മാണത്തിനു വില്ലേജ് ഓഫിസിൽനിന്നു നിരാക്ഷേപ പത്രം (എൻഒസി) വേണമെന്നു ഹൈക്കോടതി വിധി വന്നപ്പോൾ തന്നെ നിയമഭേദഗതി കൊണ്ടുവന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഇതോടെ ഇടുക്കിക്കാർക്ക് മാത്രമേ ഭൂപതിവു നിയമം ബാധകമാകൂ എന്ന അവസ്ഥവരും.

പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ സംബന്ധിച്ച വ്യവസ്ഥ സംസ്ഥാനമാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവച്ച സാഹചര്യത്തിലായിരുന്നു യോഗം. റവന്യു ഭൂമി പതിച്ചുനൽകുന്നതിനുള്ള 1964 ലെ ഭൂപതിവു നിയമത്തിലെ ചട്ടം ഭേദഗതി ചെയ്തു മാത്രമേ നിലവിലെ സാഹചര്യം മറികടക്കും. 2019 ഓഗസ്റ്റ് 22നു സർക്കാർ ഉത്തരവിലൂടെ ഇടുക്കിയിൽ മാത്രം നിയമം കർശനമാക്കിയതാണു തിരിച്ചടിയായത്. നിയമസഭ പാസാക്കിയ നിയമത്തെ മറികടന്ന് ഉത്തരവു ഇറക്കിയും വിനയായി.

സംസ്ഥാനമാകെ ബാധകമായ നിയമം ഒരു ജില്ലയിൽ മാത്രമായി കർശനമാക്കുന്നതെങ്ങനെ എന്നാണു കോടതി ചോദിച്ചത്. ഇതു മറികടക്കാനാണ് ചട്ട ഭേദഗതി ആലോചിക്കുന്നത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ 25നു തലസ്ഥാനത്തെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തും.

ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രമല്ല കേരളമാകെ നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുമ്പോൾ അത് തിരിച്ചടിയാകുന്നത് അൽപം മാത്രം ഭൂമിയുള്ളവർക്ക് മാത്രമാണ്. നിർമ്മാണ നിയന്ത്രണം സംസ്ഥാന വ്യാപകമായാൽ പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം വേണ്ടിവരും. വീടിനും കൃഷിക്കും മാത്രമേ അനുവാദം ലഭിക്കൂ. ഭൂപതിവു നിയമപ്രകാരമുള്ള പട്ടയഭൂമിയിലെ വ്യാവസായിക നിർമ്മിതികൾ അനധികൃത കെട്ടിടങ്ങളായി മാറിയേക്കാം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

സർക്കാരിന്റെ സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി തള്ളിയതോടെ കൃഷി ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമിയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിയമവിരുദ്ധമാകും. വാണിജ്യാവശ്യങ്ങൾക്കു ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടാക്കി നിലവിലുള്ള നിർമ്മിതികൾ സാധൂകരിച്ചു നൽകാൻ നിയമം ഉണ്ടാക്കുക മാത്രമാണ് പരിഹാരമാർഗ്ഗം. അതീവ നിർണ്ണായകമായ ഉത്തരവാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഉത്തരവു നടപ്പാക്കാത്തതിനു കോടതിയലക്ഷ്യ നടപടിയെടുക്കുന്നതു തടയാനും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചിട്ടുണ്ട്. പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു വ്യവസ്ഥ. കേരളത്തിലെവിടെയും ഭൂമി പതിച്ചു നൽകുന്നത് എന്താവശ്യത്തിനെന്നു പരിശോധിച്ച ശേഷമേ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെട്ടിട പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്നും നിർദേശിച്ചു.

പട്ടയഭൂമി വ്യവസ്ഥ ആദ്യം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിലും പിന്നീട്, ഇടുക്കിയിലെ 7 വില്ലേജുകളിലും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതു ചോദ്യം ചെയ്ത ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു നടപ്പാക്കാത്തതിനാൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിലക്ഷ്യത്തിനു നടപടി തുടങ്ങി. സർക്കാർ അപ്പീൽ ഓഗസ്റ്റ് 26ന് ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ പരിഗണിച്ചത് നാമമാത്ര ഭൂമിയുള്ളവരുടെ ആശങ്കയായിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല.

മുൻപ് ഒരേക്കറിലേറെ ഭൂമി പതിച്ചു നൽകിയിരുന്നുവെങ്കിലും ഇപ്പോൾ ഇത്രനൽകാറില്ല. മറ്റു ജില്ലകളിൽ പരിമിത അളവിൽ പട്ടയഭൂമി ലഭിച്ചവരെ ഉത്തരവ് ദോഷകരമായി ബാധിച്ചേക്കും. മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റങ്ങൾക്കെതിരെ ഒരു പരിസ്ഥിതി സംഘടന 2010 ൽ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടത്തിന്റെ തുടക്കം. തുടർന്ന്, ഭൂപതിവ് നിയമപ്രകാരം മൂന്നാർ ഉൾപ്പെടെയുള്ള 8 വില്ലേജുകളിൽ പാർപ്പിടം ഒഴികെയുള്ള നിർമ്മാണം കോടതി നിരോധിച്ചു. എട്ടിടത്തുമാത്രം നിരോധനം വിവേചനമാണെന്ന പരാതിയുമായി വ്യക്തികളും അതിജീവന പോരാട്ട വേദിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

നിയമ ഭേദഗതി പരിഗണനയിലാണെന്ന് അറിയിച്ച സർക്കാരിന് കോടതി 4 മാസം സമയം നൽകി. എന്നിട്ടും ഭേദഗതി നടപ്പാകാതിരുന്നതോടെ ഈ നിയമം കേരളം മുഴുവൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് സുപ്രീംകോടതിയും സറിവയ്ക്കുന്നത്. പട്ടയഭൂമിയിലെ അനധികൃത നിർമ്മാണം തടയാനെന്ന പേരിൽ പുറത്തിറക്കിയ നിയമം ഇടുക്കിയിൽ മാത്രം നടപ്പാക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. അത് വിവേചനമാണെന്നും നിയമം കേരളം മുഴുവൻ ബാധകമാണെന്നുമാണ് കോടതി പറയുന്നത്.

ഈ വിധിയിൽ ഇടുക്കിക്ക് ആശ്വസിക്കാൻ ഒന്നുമില്ല. 1500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾ അനുവദിക്കില്ലെന്നും പട്ടയഭൂമിയിലെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത് പാട്ടത്തിന് നൽകും എന്നുള്ള നിയമം ഇനിയും നിലനിൽക്കും. ഇത് ഇനി കേരളത്തിൽ ഉടനീളം നടപ്പിലാവുകയും ചെയ്യും. 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുകയാണ് ഏക പോംവഴി. ഇത് സർക്കാർ ഉടൻ ചെയ്യുമെന്നാണഅ സൂചന.