കോതമംഗലം : കുത്തകപാട്ട വ്യവസ്ഥയിൽ ഏറ്റെടുക്കുകയും കാലാവധി കഴിഞ്ഞപ്പോൾ വിൽപ്പന നടത്തുകയും ചെയ്ത 6 ഏക്കർ 33 സെന്റ് സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തു.രേഖകൾ പ്രകാരം എടയ്ക്കാട്ടുകുടി കുടുംബാംഗമായ മത്തായി ജോൺ ആണ് ഭൂമി പാട്ടത്തിനെടുത്തിരുന്നത്.
വാരപ്പെട്ടി ഇഞ്ചൂർ കുറ്റിക്കാട്ടുമലയിലെ ഈ ഭൂമി നിലവിൽ റബ്ബർ തോട്ടമാണ്.വാരപ്പെട്ടി വില്ലേജ് സർവ്വേ 125/1A/36/5,125/1A/37/6,125/1A/8/28 എന്നീ നമ്പറുകളിൽ ഉൾപെട്ട ഭൂമിയായിരുന്നു ഇത്.സർക്കാർ തരിശായിരുന്ന 7 ഏക്കർ 35 സെന്റ് സ്ഥലം കെ പി 79 - 82/1120 നമ്പറായിട്ടാണ് മത്തായി ജോണിന് പാട്ടത്തിന് നൽകിയിരുന്നത്.ഇതിൽ മറ്റ് വ്യക്തികൾക്ക് പതിച്ച് കൊടുത്ത ശേഷം അവശേഷിച്ച 6.33 ഏക്കർ ഇയാളുടെ കാലശേഷം മക്കളുടെ കൈവശമെത്തി.

മക്കൾ ഈ സ്ഥലം 1992 ൽ- മൂവാറ്റുപുഴ കാവുങ്കര ചക്കുങ്കൽ സെയ്ദ് മക്കാർ ,അമീർ മക്കാർ ,അബ്ദുൾ മജീദ് ,ബഷീർ ,സുബൈർ എന്നിവർക്ക് വിൽപ്പന നടത്തുകയായിരുന്നെന്നുമാണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ.പാട്ടം പുതുക്കാതെ അനധികൃതമായി സ്ഥലം കൈമാറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ 1996 മുതൽ റവന്യൂ വകുപ്പ് കേരള ഭൂസംരക്ഷണ നിയമ നടപടികൾ ആരംഭിച്ചിരുന്നു.

കൈവശപ്പെടുത്തിയിരുന്നവർ കോടതിയെ സമീപിച്ചെങ്കിലും വിധി റവന്യു വകുപ്പിന് അനുകൂലമാവുകയായിരുന്നു. തുടർന്ന് അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ തഹസീൽദാർ ഇവർക്കെതിരെ കേസെടുത്തു.തുടർന്ന് നടന്ന തെളിവെടുപ്പും വിചാരണയ്ക്കും ശേഷം മൂവാറ്റുപുഴ ആർ ഡി ഒ തള്ളി.തുടർന്നാണ് ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.
മൂവാറ്റുപുഴ ആർഡിഒ ,എസ് ഷാജഹാൻ , തഹസിൽദാർമാരായ ,ആർ രേണു ,കെ വി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തിലേറെ വരുന്ന ഉദ്യോഗസ്ഥ സംഘമെത്തിയാണ് വൈകിട്ട് 3 മണിയോടെ കയ്യേറ്റ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച് സ്വന്തമാക്കിയത്.