തിരുവനന്തപുരം: വില കൊടുത്ത് വാങ്ങിയ സ്ഥലം പ്രമാണം ചെയ്യാതെ ഉടമ കബളിപ്പിച്ചെന്ന പരാതിയിയിൽ കേസെടുത്തുകൊച്ചുവേളി പൊലീസ്. കൊച്ചുവേളി സ്വദേശി മൽസ്യത്തൊഴിലാളിയായ ബാബു പൗലോസാണ് പരാതിക്കാരൻ. രണ്ട് സെന്റ് ഭൂമിയും വീടും മാത്രമാണ് ബാബു പൗലോസിന് സ്വന്തമായി ഉള്ളത്. വീടിന് പിന്നിൽ ബാത്ത് റൂം നിർമ്മിക്കുന്നതിന് വേണ്ടത്ര വിസ്തൃതി ഇല്ലാത്ത സാഹചര്യത്തിലാണ് അയൽവാസിയായ ബെനഡിക്ടിൽ നിന്നും അര സെന്റ് ഭൂമി വാങ്ങേണ്ടി വന്നത്.

പ്രവാസിയായിരുന്ന ബാബു പൗലോസ് ഗൾഫിൽ ജോലി നോക്കിയിരുന്ന കാലത്ത് 2005 ൽ അദ്ദേഹത്തിന്റെ അമ്മ ഇടപെട്ടാണ് അയൽവാസിയും അകന്ന ബന്ധുവുമായ ബെനഡിക്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ലിസിയുടെയും ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നും അരസെന്റ് ഭൂമി 20000 രൂപ നൽകി വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അന്ന് പ്രമാണം ചെയ്തില്ല. എന്നാൽ ബെനഡിക്ടും ലിസിയും ബാക്കി സ്ഥലവും വിൽക്കാനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ ബാബു പൗലോസിന്റെ അമ്മ തങ്ങൾ വാങ്ങിയ ഭൂമി പ്രമാണം ചെയ്യാൻ ആവശ്യപ്പെടുകയും അപ്പോൾ ഒരു മുദ്രപത്രത്തിൽ എഴുതി നൽകി പ്രായമായ സ്ത്രീയെ അവർ വഞ്ചിക്കുകയുമായിരുന്നെന്നാണ് ബാബു പൗലോസിന്റെ പരാതി. എന്നെങ്കിലും ഗവൺമെന്റിൽ നിന്നും ഇടപെടൽ ഉണ്ടായാൽ അര സെന്റ് സ്ഥലം ബാബു പൗലോസിന് വിലയാധാരമായി തന്നതാണെന്ന് സാക്ഷ്യപ്പെടുത്താമെന്ന ഉറപ്പിന്മേലായിരുന്നു അന്ന് മുദ്രപത്രത്തിൽ എഴുതി നൽകിയതെന്നും ബാബു പറയുന്നു.

എന്നാൽ ബാബു പൗലോസിന് നൽകാമെന്ന് സ്ഥലത്തിന്റെ പണം വാങ്ങി മുദ്രപത്രത്തിൽ എഴുതിനൽകിയ അരസെന്റ് ഭൂമി അടക്കമാണ് ബെനഡിക്ടും ലിസിയും മറ്റൊരാൾക്ക് വിറ്റത്. 2016 ൽ ഒരു വായ്പയുടെ ആവശ്യവുമായി പ്രമാണം പരിശോധിച്ചപ്പോഴാണ് പ്രമാണത്തിന് പകരം മുദ്രപത്രത്തിൽ എഴുതിനൽകിയ ഉറപ്പ് മാത്രമേ ഉള്ളുവെന്ന് ബാബു പൗലോസ് മനസിലാക്കിയത്. തുടർന്ന് പ്രമാണം ചെയ്യണമെന്ന ആവശ്യവുമായി ബെനഡിക്ടിനേയും ലിസിയെയും സമീപിച്ചപ്പോൾ അവർ കയ്യൊഴിഞ്ഞെന്നും അയാൾ പറയുന്നു. ഇപ്പോൾ അവിടെ കോമ്പൗണ്ട് മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. ബാബു പൗലോസിന്റെ മതിൽ അയൽവാസി തകർത്തെന്ന് ബാബു പൗലോസ് പരാതിപ്പെടുന്നു. ഇപ്പോൾ വില കൊടുത്ത് വാങ്ങിയ സ്ഥലം കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ബാബു പൗലോസും കുടുംബവും.

ഇതിനെ തുടർന്ന് തന്റെ സ്ഥലം അളക്കണമെന്ന് ആവശ്യപ്പെട്ട് ബാബു പൗലോസ് താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു, എന്നാൽ അവിടെ നിന്നും സ്ഥലം അളക്കാൻ വന്ന ഉദ്യോഗസ്ഥൻ സ്ഥലം അളക്കാൻ തയ്യാറായിട്ടില്ലെന്ന് ബാബു പൗലോസ് ആരോപിക്കുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലാകുകയും സസ്പെൻഷനിലാകുകയും ചെയ്തു. എന്നാൽ ബാബു പൗലോസിന്റെ സ്ഥലം ഇപ്പോളും അളക്കാനുള്ള നടപടികൾ ആയിട്ടില്ല.

അതേസമയം ബാബു പൗലോസിന് തങ്ങൾ സ്ഥലം വിറ്റതാണെന്നും അവർ മതിൽകെട്ടി തിരിച്ചതിനാൽ ആ സ്ഥലം ഇപ്പോൾ തങ്ങളുടെ പേരിലില്ലെന്നുമുള്ള വിചിത്രവാദമാണ് സ്ഥലം ഉടമയായിരുന്ന ലിസി പറയുന്നത്. 20000 രൂപ തന്നെന്ന വാദം തെറ്റാണ്, 10000 രൂപ മാത്രമാണ് സ്ഥലത്തിന് വിലയായി തന്നതെന്നും അവർ ആരോപിക്കുന്നു. സ്ഥലം വിറ്റപ്പോൾ തങ്ങൾ പ്രമാണം ചെയ്ത് നൽകാൻ തയ്യാറായിരുന്നെന്നും ഇപ്പോൾ തങ്ങളുടെ പേരിൽ അവിടെ സ്ഥലമില്ലാത്തതിനാൽ പ്രമാണം ചെയ്തുകൊടുക്കാനാകില്ലെന്നും അവർ വാദിക്കുന്നു.