കോഴിക്കോട്: വൻകിടക്കാർക്കായി നിയമങ്ങൾ കാറ്റിൽ പറത്തിക്കോണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാവുമ്പോഴും, നിരാലംബർക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ അധികൃതർ മനസ്സില്ല. ഭൂരഹിത കേരളം പദ്ധതിയിലൂടെ മാറാട് കൈതവളപ്പ് കോളനി പ്രദേശത്ത് ഭൂമി ലഭിച്ചവരാണ് കോഴിക്കോട് കോർപ്പറേഷന്റെ കടുംപിടുത്തംമൂലം ദുരിതത്തിലായത്.

കോഴിക്കൊട് ബീച്ചിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് വൻകിട ഫ്‌ളാറ്റ് നിർമ്മാണ കമ്പനികൾ നിരവധി കെട്ടിടങ്ങളാണ് പണിതുയർത്തിയിട്ടുള്ളത്. ഇവർക്കെല്ലാം വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കോടുത്ത കോർപ്പറേഷൻ പാവങ്ങളുടെ കാര്യത്തിൽ കടുംപിടുത്തം പിടിക്കുകയാണ്. പ്രാദേശികമായ പ്രതിഷേധങ്ങൾക്കിടയിലും പി. കെ ഗ്രൂപ്പിന്റെ ആശുപത്രി നിർമ്മാണത്തിനും, കെ. ടി. സി ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിനും അധികൃതരുടെ സഹായം പൂർണ്ണമായും ലഭിക്കുമ്പോൾ, കയറിക്കിടക്കാൻ കൂരപോലുമില്ലാത്ത പാവപ്പെട്ടവരുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.

2013 ഡിസംബറിലാണ് 112 കുടുംബങ്ങൾക്ക് ഭൂരഹിത കേരളം പദ്ധതിയിലൂടെ മൂന്ന് സെന്റ് വീതം ലഭിച്ചത്. താമസിക്കാൻ സ്ഥലമില്ലാത്ത പ്രയാസപ്പെടുകയായിരുന്ന ഈ പാവങ്ങൾ തങ്ങളുടെ സമ്പാദ്യം പൂർണ്ണമായി ചെലവഴിച്ച് ഈ സ്ഥലത്ത് വീടുകൾ നിർമ്മിച്ചു. എന്നാൽ ഇതിന്് നമ്പർ നൽകാൻ കോർപ്പറേഷൻ തയ്യറായില്ല. ഈ പ്രദേശത്തെ പ്‌ളാനിന് അംഗീകാരം നൽകാൻ സി. ആർ. ഇ. സെഡ് ചട്ടം അനുവദിക്കുന്നില്ലന്നൊണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്. കടലിന് അടുത്തായി സ്ഥിതി ചെയ്യന്ന പ്രദേശത്ത് കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടില്ലന്നൊണ് അധികൃതരുടെ നിലപാട്. എന്നാൽ സമ്പാദ്യം മുഴുവൻ കൂട്ടിവച്ചും കടം വാങ്ങിയുമെല്ലാമാണ് വീടുകളുടെ പണി ആരംഭിച്ചതെന്നും അവിടെ ജീവിക്കാൻ അനുവദിക്കണമെന്നും കുടുംബങ്ങൾ വ്യക്തമാക്കുന്നു.

കടലാക്രമണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പട്ടതല്ല ഈ പ്രദേശം. സൂനാമി പുനരധിവാസ പദ്ധതി പ്രകാരം നിരവധി വീടുകൾ ഇതിന് തൊട്ടടുത്തായി നിർമ്മിച്ച് നൽകിയിട്ടുമുണ്ട്. ഇതുമാത്രമല്ല നിരവധി വീടുകൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യന്നുണ്ട്. ഇതിനെല്ലാം പുറകിലായിട്ടാണ് സർക്കാർ പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുള്ളത്.

. വിധവകൾ, ഉപേക്ഷിക്കപ്പെട്ടവർ, രോഗികൾ എന്നിവരാണ് ഇതിൽ ഭൂരിഭാഗവും. രണ്ടു ലക്ഷം രൂപയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകുന്നത്. നിരവധി പേർ ഈ പദ്ധതിയിലൂടെ അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ കോർപ്പറേഷൻ നിലപാട് മാറ്റിയാൽ മാത്രമെ ഇവർക്കെല്ലാം ഈ തുക ലഭിക്കുകയുള്ളു. പക്ഷെ സി. ആർ. ഇ. സെഡ് ചട്ടങ്ങൾക്ക് വിരുദ്ധമായി വീടുകൾക്ക് നമ്പർ നൽകാൻ സാധിക്കില്ലന്നൊണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു.

വീടുണ്ടാക്കാൻ സാധിക്കില്ലങ്കെിൽ എന്തിനാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ ഇത്തരം ഭൂമി സർക്കാർ നൽകിയതെന്നാണ് ഗുണഭോക്താക്കൾ ചോദിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവരും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം അടുത്തു തന്നെ സ്ഥലം സന്ദർശിക്കും.

ഈ വർഷത്തോടെ കേരളത്തെ ഭൂരഹിതരില്ലാത്ത പ്രദേശമാക്കാനായിരുന്നു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. സ്വന്തം ഭൂമിയിൽ സ്വന്തമായൊരു വീട് എന്ന പ്രതീക്ഷ നൽകിക്കോണ്ട് സർക്കാർ നൽകിയത് പലയിടത്തും വാസയോഗ്യമല്ലാത്തതാണ് എന്ന പരാതി വ്യാപകമാണ്. അതിനിടയിലാണ് ഈ രീതിയിലുള്ള നിയമക്കുരുക്കും. ഇതോടെ ഫലത്തിൽ ഭൂരഹിത കേരളം പദ്ധതിയും പാതിവഴിയിലായിരിക്കയാണ്.