കൊച്ചി: നഗരത്തിലാണെങ്കിലും മുറ്റത്തു കേൾക്കുന്ന ഒരു ചെറിയ കാലനക്കത്തിൽ പോലും ഭയന്നു കഴിയുന്ന ഒരു കുടുംബം. ആരും കടന്നു വരാതിരിക്കാൻ കൊട്ടിയടച്ച വലിയ ഗേറ്റ്, ഗേറ്റിലൂടെ നോക്കിയാൽ അകത്തുള്ളതൊന്നും കാണാൻ കഴിയില്ല.വീട്ടിലേക്ക് വരണമെങ്കിൽ പരിചയക്കാരാണെങ്കിൽ ഫോണിലൂടെ വിളിച്ചു പറയണം. അല്ലാതെ ഗേറ്റ് തുറക്കില്ല.

ഗേറ്റ് തുറന്നാൽ മുറ്റത്തു വലിയ പത്തുനായ്ക്കളാണ്. നാലു ജർമ്മൻ ഷെപ്പേർഡ്, റിങ് മാസ്റ്റർ സിനിമയിൽ കാണുന്ന ദിലീപിന്റെ നായയുടെ വർഗത്തിൽ പെട്ട ഗോൾഡൻ റിട്രീവർ ഒരെണ്ണം, ഫോക്കസ് ഡാനിയൽ വർഗത്തിൽ പെട്ട മൂന്നെണ്ണം... ഇങ്ങനെ വീടിനു പുറത്ത് 8 പേർ, ഇവരുടെ കണ്ണ് വെട്ടിച്ച് വീടിനകത്ത് കയറിയാലും രക്ഷയില്ല, അവിടെ വോഡാഫോൺ പരസ്യത്തിൽ കാണുന്ന രണ്ട് പഗ്‌സ് വർഗത്തിൽ പെട്ട നായ്ക്കൾ കാത്തിരിക്കുന്നുണ്ട്.

പണത്തിന്റെ പുളപ്പുകൊണ്ടാണ് ഇത്രയും നായ്ക്കളെ വളർത്തുന്നതെന്നു കരുതരുത്. ഭയന്നു കഴിയുന്ന ഈ കുടുംബത്തിന്റെ രക്ഷ ഈ നായ്ക്കളിലാണ്. പക്ഷെ ഈ നായ്ക്കൾക്കും രക്ഷയില്ല. ഇടയ്ക്കിടെ നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി കാണാം. മതിലിന് പുറത്തു കൂടി അകത്തേക്ക് എത്തുന്ന ഇറച്ചിക്കഷണത്തിൽ മാരക വിഷം പുരട്ടിയുള്ള പ്രയോഗം. ചില ദിവസങ്ങളിൽ നേരം പുലർന്നാൽ നായ്ക്കളുടെ കാലു തല്ലിയൊടിച്ചതായി കാണാം. രണ്ടാഴ്‌ച്ച മുമ്പാണ് ഒരു ജർമൻ ഷെപ്പേർഡിന്റെ കാലു തല്ലിയൊടിച്ചത്. രണ്ടു ദിവസം മുമ്പ് വീണ്ടും മറ്റൊരു നായയുടെ കാൽ ഒടിച്ചു. ഇങ്ങനെ ചത്തതും കാലൊടിച്ചതുമായ നായ്ക്കൾ കുറെയുണ്ടായിരുന്നത്രേ.

സിനിമാ കഥകളെ പോലും വെല്ലുന്ന വിധത്തിലുള്ള ഈ ജീവിതം കുന്ദംകുളത്ത് നിന്നാണ്. കുന്ദംകുളം - തൃശൂർ ഹൈവേയിൽ എസ്.എം.എൽ.ഫിനാൻസ്, ബി.ആർ.ഡി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നി സ്ഥാപനങ്ങളുടെ എതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്നു ചെറിയ കുട്ടികളുമാണ് ആശങ്കയോടെ ജീവിതം തള്ളിനീക്കുന്നത്. ഏതു നിമിഷവും വീട് ഗുണ്ടകൾ വന്നു കയ്യേറും, വീട്ടിലെത്തി ആക്രമിക്കപ്പെടും എന്ന ഭീതിയിൽ ഈ കുടുംബം കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

തീറ്റ കൊടുക്കുന്ന നായ്ക്കളല്ലാതെ ഇവരെ രക്ഷിക്കാൻ ഒരു നിയമവും രക്ഷക്കെത്തുന്നില്ല. രക്ഷയ്ക്കായി സമീപിച്ച വക്കീലന്മാരും ഇവരെ ആക്രമിക്കുന്ന ഭൂമാഫിയയുടെ ആൾക്കാരായി മാറിയ കഥയാണ് ഇവർക്ക് പറയാനുള്ളത്. 'ഇവിടം സ്വർഗമാണ്' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വീടും സ്ഥലവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമാഫിയയുടെ പോലുള്ള ഒരാളും അയാളുടെ പണത്തിനു മുമ്പിൽ വഴങ്ങി നിയമങ്ങളും വ്യാജ പ്രമാണങ്ങളും ഉണ്ടാക്കുന്നവരും കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും വക്കീലന്മാരും ഇവിടെയുമുണ്ട്.

പക്ഷെ ശുഭാന്ത്യമുള്ള സിനിമയായി ഇതു മാറാൻ ഇവിടെ മോഹൻലാലിനെ പോലെ ഒരു നായകനില്ല. നായകന് വേണ്ടി എഴുതപ്പെടുന്ന തിരക്കഥയുമില്ല. ഇവിടെ കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ ഒരാളാണ്. അയാൾക്ക് ജയിക്കാനെഴുതിയ കഥയിൽ വേഷം കെട്ടിയ ഉദ്യോഗസ്ഥരും ബാങ്കുകാരും തകർക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ്. കുന്ദംകുളം നഗരത്തിൽ കോടികൾ വില മതിക്കുന്ന ഇരുപ്പത്തിയെട്ടര സെന്റു സ്ഥലവും നാലായിത്തിലേറെ ചതുരശ്രയടി വരുന്ന വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എറണാകുളം കേന്ദ്രീകരിക്കുന്ന ഭൂമാഫിയാ സംഘമാണ്.

ഈ കുടുംബം വേട്ടയാടപ്പെടുന്ന സംഭ്രമജനകമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത് പത്തു വർഷം മുമ്പാണ്. 42 വയസുള്ള ബിന്നി വർഗീസ് ജനിച്ച വീട് തന്നെയാണിത്. ജനനശേഷം അയാൾ വളർന്നതും ഇതുവരെ ജീവിച്ചതും ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതുമായ വീടിനാണ് അയാൾ പോലുമറിയാതെ ഒരു അവകാശി രംഗത്ത് വരുന്നത്. ബിനി വർഗീസിന്റെ 'അമ്മ' ഡോ.തങ്കമ്മ ജേക്കബ് 40 വർഷം മുമ്പ് ആശുപത്രിയായി നടത്തിയ വീട് കൂടിയാണിത്. ജേക്കബ് കുരുവിള- ഡോ.തങ്കമ്മ ജേക്കബ് ദമ്പതികൾക്ക് മക്കളില്ലായിരുന്നു. മക്കളില്ലാത്ത തങ്കമ്മ ജേക്കബ് അവിടെ ജനിച്ച കുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ആ കുഞ്ഞാണ് ബിന്നി വർഗിസ്.

മുപ്പത് വർഷം മുമ്പാണ് അവർ ആശുപത്രി നിർത്തിയത്. ബിന്നി വർഗിസ് കുഞ്ഞായിരിക്കുമ്പോൾ തന്നെ ജേക്കബ്ബ് കുരുവിള മരിച്ചിരുന്നു. പതിനഞ്ചു വർഷം മുമ്പാണ് തങ്കമ്മ ജേക്കബ് മരിച്ചത്. കുന്ദംകുളത്തെ വീടും സ്ഥലവും ബിന്നി വർഗിസിന് എഴുതി വച്ച് കൃത്യം ഒരു വർഷമായപ്പാഴാണ് അവർ മരിച്ചത്. അവർ മരിച്ച് നാലു മാസം കഴിഞ്ഞപ്പോൾ 2001 ലാണ് ബിന്നി, സിനിയെ വിവാഹം കഴിക്കുന്നത്.

2005 ൽ ആദ്യത്തെ കുഞ്ഞ് ജനിച്ച ശേഷം സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്ഥലത്തോടു ചേർന്ന എട്ടു സെന്റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചു. പാരലൽ കോളേജിൽ അദ്ധ്യാപകനായ ബിന്നിയുടെ വരുമാനം കൊണ്ട് കഴിഞ്ഞു പോകാൻ വയ്യാത്തതു കൊണ്ട് സ്ഥലം വിറ്റ് എന്തെങ്കിലും കച്ചവടം തുടങ്ങാനായിരുന്നു പദ്ധതി. സ്ഥലം വിൽക്കുന്ന വിവരം വീട്ടിലെ ജോലിക്കാരിയായ തങ്കമണി അറിയുന്നു. അവരുടെ മരുമകനായ ബിജുവാണ് രംഗത്തുവരുന്നത്. ഇടക്കിടെ വീട്ടിലെ സന്ദർശകനായിരുന്നു ബിജു. സ്ഥലം വിൽക്കാൻ നിലവിലുള്ള പ്രമാണങ്ങൾ പോരെന്നും കുടിക്കടത്തിന്റെ പ്രശ്‌നമുണ്ടെന്നും ഇതൊഴിവാക്കാൻ ഒരു ചെറിയ ലോണെടുത്ത ശേഷം വീട് വിൽക്കാമെന്നും ബിജുവിന്റെ ഉപദേശം.

തുടർന്ന് ബിജുവും കൂട്ടുകാരൻ ജെയ്‌സണും കൂടി ഇവരുമായി തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ കുന്ദംകുളം ശാഖയിലെത്തുന്നു. ബിജുവിന്റേയും മറ്റും പരിചയക്കാരായതിനാൽ വായ്പ എളുപ്പത്തിൽ ലഭിക്കുന്നു, നാലു ലക്ഷം രൂപയാണ് കിട്ടിയത്. ആദ്യ ഗഡു രണ്ടു ലക്ഷം രൂപ കൊടുത്ത ശേഷം ബാക്കി രണ്ടു ലക്ഷം നാളെ നൽകുമെന്ന് മാനേജർ പറഞ്ഞു. വായ്പ രണ്ടു ലക്ഷം കൈയിൽ കിട്ടിയെങ്കിലും കമ്മീഷൻ തുകയായി എട്ടായിരം രൂപ കഴിച്ചുള്ള ബാക്കി 1,92,000 രൂപ ബിജുവും കൂട്ടുകാരനുമാണ് എടുക്കുന്നത്.

വായ്പ ശരിയായതോടെ സ്ഥലത്തിന്റെ പ്രമാണങ്ങൾ ശരിയായെന്നും സ്ഥലം വിൽക്കണമെങ്കിൽ അതിനുള്ള മുൻകൂർ കമ്മീഷനായുമൊക്കെ കരുതിയാണ് ഈ പണം കൊടുത്തത്. പക്ഷെ രാത്രി പത്തു മണിയോടെ ബാങ്ക് മാനേജർ ബിന്നിയെ ഫോണിൽ വിളിച്ചു പറഞ്ഞു. നിങ്ങൾ ലോണെടുത്ത പേപ്പർ ഒന്നും ശരിയല്ല, നാളെ രാവിലെ തന്നെ കൊണ്ടു പോയ രണ്ടു ലക്ഷം ബാങ്കിലടച്ച് ലോൺ ക്ലോസ് ചെയ്തില്ലെങ്കിൽ ഉച്ചയോടെ പൊലീസ് വന്ന് അറസ്റ്റു ചെയ്യും എന്നായിരുന്നു പറഞ്ഞത്. ഇത് മാനേജരുമായി ചേർന്നുള്ള നാടകമാണെന്ന് ബിന്നിയും സിനിയും അറിഞ്ഞില്ല. കൊണ്ടു പോയ പണത്തിന് വേണ്ടി വിളിച്ചപ്പോൾ രാവിലെ കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞു ബിജു ആശ്വസിപ്പിച്ചു. രാവിലെ ബിജുവെത്തി കുന്ദംകുളം മുൻ നഗരസഭാ ചെയർമാൻ കെ.വി. ഷാജിയെ കണ്ടു, പ്രശ്‌നത്തിന് പരിഹാരം ചോദിച്ചു. ബിജു മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് ഷാജിയാണ് ഇതിലേക്ക് കൊണ്ടു വന്നത്.

ഷാജിക്ക് ഇതു അറിയാമായിരുന്നുവെന്നാണ് ബിന്നി പറയുന്നത്. പിന്നീട് ഷാജി കൂടി ചേർന്നാണ് ഒരു വക്കീലായ ലൈജു എടക്കളത്തൂരിനെ കാണുന്നത്. ലോൺ തുക തിരിച്ചടച്ചില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് അയാളും പേടിപ്പിച്ചു. എന്തു ചെയ്യുമെന്നറിയാതെ പേടിച്ചരണ്ട ബിന്നിയോടും സിനിയോടും രണ്ടു ദിവസത്തിനകം പണം അടയ്ക്കാൻ ഏർപ്പാട് ഉണ്ടാക്കാമെന്ന് ബിജു പറയുന്നു. തുടർന്നാണ് ബിജു തൃശൂരും മറ്റും ചിട്ടിക്കമ്പനി നടത്തുന്ന നടത്തറ കളരിപ്പുരക്കൽ വീട്ടിൽ ടോംസ് തരകനെ രംഗത്തുകൊണ്ടു വരുന്നത്. ടോംസ് തരകൻ രണ്ടു ദിവസത്തിനകം ബാങ്കിൽ രണ്ടു ലക്ഷം രൂപ അടയ്ക്കുമെന്നും പ്രത്യുപകാരമായി ടോംസ് തരകന്റെ സുഹൃത്ത് എറണാകുളത്ത് ബിസിനസ്സുകാരനായ രഘു എന്നയാൾക്ക് ലോണെടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു വാക്ക്പറഞ്ഞത്. അതുപ്രകാരം ടോംസ് കുന്ദംകുളം ബാങ്കിൽ രണ്ടു ലക്ഷം അടച്ചു ആധാരങ്ങൾ തിരികെ വാങ്ങി. പിന്നീട് എസ്.ബി.ഐ ബ്രോഡ്‌വെ എറണാകുളം ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ലോണെടുക്കാമെന്നും പറഞ്ഞു.

ലോണിന് വേണ്ടി ഇറങ്ങിയപ്പോൾ ബിന്നിയുടെ പേരിലുള്ള ആധാരത്തിൽ ലോൺ കിട്ടില്ലെന്നും ലോൺ എടുത്ത് തിരിച്ചടക്കുന്ന സമയം വരെ അത് ടോംസിന് മുക്ത്യാർ നൽകണമെന്നുമായി. അഞ്ചു വർഷത്തെ കാലാവധിക്ക് ടോംസ് തരകൻ സ്ഥലം മുക്ത്യാർ വാങ്ങി. അതിന് സമ്മതിച്ചില്ലെങ്കിൽ രണ്ടുലക്ഷം അപ്പോൾ തന്നെ തിരിച്ചുകൊടുക്കേണ്ടിവരുമായിരുന്നു. 25 ലക്ഷം രൂപ രഘുവിന് ലോണെടുക്കാൻ സമ്മതിച്ചാൽ പകുതി തുക ബിന്നിക്കും നൽകുമെന്നും അതുകൊണ്ട് സ്ഥലം വിൽക്കാതെ എന്തെങ്കിലും കച്ചവടം തുടങ്ങാമെന്നും പറഞ്ഞതുകൊണ്ടാണ് അതിന് സമ്മതിച്ചത്.

മുക്ത്യാർ നൽകിയ ശേഷം രഘുവിന് ലോണെടുക്കാൻ സമ്മതം നൽകുന്ന രേഖകൾ തൃശൂർ രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പിട്ടു നൽകണമെന്നും പറഞ്ഞു. വിൽപ്പന കരാറാണ് നടക്കുന്നതെന്നറിയാതെ അവർ പറഞ്ഞ പേപ്പറുകളിൽ ബിന്നി ഒപ്പിട്ടുനൽകി. വിൽപ്പന കരാറല്ല നടക്കുന്നതെന്ന് ഇവർക്ക് ഒപ്പമുണ്ടായിരുന്ന ചില വക്കീലന്മാർ ബിന്നിയോട് പറയുകയും ചെയ്തിരുന്നു. പേപ്പർ ഒപ്പിട്ടു നൽകിയപ്പോൾ 30 ലക്ഷം രൂപ ലോൺ എടുക്കണമെന്നായി. അങ്ങനെ 30 ലക്ഷം രൂപ ലോണെടുത്ത് അതിന്റെ പകുതി തുകയ്ക്ക് പകരം 8 ലക്ഷം രൂപ മാത്രം ബിന്നിക്ക് കൊടുത്തു. രജിസ്‌ട്രേഷൻ ഫീസ്, കമ്മീഷൻ, പേപ്പർ ചെലവ് വകയിൽ ആറര ലക്ഷം രൂപ ബിന്നിയുടെ കയ്യിൽ നിന്നു അവർ തന്നെ അപ്പോൾ തന്നെ തിരിച്ചെടുക്കുകയും ചെയ്തു

ആകെ ഒന്നര ലക്ഷത്തിനടുത്ത് രൂപയാണ് ബിന്നിക്ക് കിട്ടിയത്. എന്നാൽ മാസങ്ങൾക്കു ശേഷമാണ് 50 ലക്ഷം രൂപയാണ് ലോണെടുത്തതെന്ന് ഇവർ അറിയുന്നത്. കിട്ടിയ തുക വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് ടോംസും രഘുവും തമ്മിൽ തെറ്റി. രഘു ബിന്നിയുടെ വീട്ടിലെത്തി 50 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും ടോംസ് എനിക്ക് സ്ഥലം വിറ്റിരിക്കുകയാണെന്നും അതിനാൽ ഒഴിഞ്ഞു തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ടോംസ് ഇതു നിഷേധിച്ചു. 5 വർഷം കഴിഞ്ഞാൽ രഘു വീട് തിരിച്ചു നൽകുമെന്നും മറ്റും പറഞ്ഞു. പിന്നീട് രണ്ടു മാസം കഴിഞ്ഞ് കൃത്യമായി പറഞ്ഞാൽ 8 വർഷം മുമ്പ് രഘു മൂന്നു വണ്ടി ഗുണ്ടകളുമായി ബിന്നിയുടെ വീട് ആക്രമിച്ചു. വീടിന്റെ മതിലിന്റെ നാലു പുറത്തും സിനിമയിൽ കാണുന്നതു പോലെ ഗുണ്ടകൾ അണിനിരന്ന് കല്ലെറിയാനും വീടിന്റെ ഗേറ്റ് തുറക്കാനും ആവശ്യപ്പെട്ടു.

അന്ന് ഹോബിക്ക് വേണ്ടി വളർത്തിയിരുന്ന നാലു ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെ അഴിച്ചു വിട്ടു. വീടിനകത്ത് ഗുണ്ടകൾ കടക്കാതെ അന്ന് നായക്കളാണ് രക്ഷിച്ചത്. പിന്നീട് നായ്ക്കളെ വളർത്തലെന്ന ഹോബി മാറ്റി രക്ഷകരെന്ന നിലയിൽ വളർത്താൻ തുടങ്ങിയത്. രഘുവിന്റെ കൂടെ അന്നു വന്നവരിൽ കുന്ദംകുളം ബാങ്കിൽ ലോണെടുക്കാൻ ബിന്നിയെ സഹായിച്ച ജയ്‌സണും ഉൾപ്പെടും. പൊലീസൊന്നും സ്ഥലത്തെത്തിയില്ല. നാട്ടുകാരിൽ ചിലർ അന്ന് രംഗത്തെത്തിയതോടെയാണ് രഘു അന്ന് ഒഴിഞ്ഞു പോയത്. പിന്നീടും ഇതുപോലെയുള്ള നിരന്തര അക്രമങ്ങൾ, ബിന്നിയുടെ ഭാര്യ സിനിക്ക് പറ്റിയ അപകടം, മിടുക്കനായ മൂത്ത മകൻ ആശിഷിന് ഒരു വർഷമായി സ്‌കൂളിൽ പോകാൻ പറ്റാതെയുണ്ടായ വീഴ്‌ച്ച, ഇവർക്ക് വീട് പൂട്ടി ഒരിടത്തും പോകാനാവാത്ത കാര്യങ്ങൾ അതെക്കുറിച്ചെല്ലാം നാളെ തുടരും.