കൊച്ചി: ഭൂമാഫിയയുടെ ഗുണ്ടകളിൽനിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിന്റെ കുടുംബത്തിന്റെ സിനിമാ കഥയെ വെല്ലുന്ന അനുഭവം മറുനാടൻ മലയാളി വാർത്തയാക്കിയതിനെ തുടർന്ന് ജനകീയ ഇടപെടൽ. മറുനാടൻ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുന്നംകുളം എംഎ‍ൽഎ. ബാബു എം.പാലിശ്ശേരിയും മറ്റു നേതാക്കളും ഇന്നു ബിന്നിയുടെ വീട് സന്ദർശിക്കും.

ഭൂമാഫിയക്കാരൻ രഘുവും സംഘവും ബാങ്കും ഒത്തുചേർന്നു നടത്തുന്ന തട്ടിപ്പാണ് ഇതെന്നും എല്ലാ രാഷ്ട്രീയക്കാരേയും ഉൾപ്പെടുത്തി രഘുവിനെതിരെ നടപടിയെടുക്കാൻ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും ബാങ്ക് ലോൺ കൊടുത്തത് സുനിതാ രഘുവിനായതിനാൽ സുനിതാ രഘുവിന്റെ വസ്തുക്കൾ ജപ്തി ചെയ്താൽ മതിയെന്നും ബിന്നിയുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്നും എംഎ‍ൽഎ. ബിന്നിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ആളൂരിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മറുനാടൻ വാർത്ത യൂത്ത് കോൺഗ്രസ് നേതാക്കൾ കുന്നംകുളം ഡിവൈ.എസ്‌പിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. രഘു വീണ്ടും ആക്രമണത്തിന് മുതിർന്നാൽ നടപടിയെടുക്കുമെന്ന് നേതാക്കൾക്ക് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ബാങ്കുകാർ സുനിതയുടെ സ്ഥലം ജപ്തി ചെയ്യുന്നതിന് പകരം ബിന്നി വർഗീസിന്റെ സ്ഥലം ജപ്തി ചെയ്യാൻ വന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുമെന്നും ബിന്നിയുടെ വീട്ടിലെത്തി പറഞ്ഞിട്ടുണ്ട്.

കുന്നംകുളം നഗരമധ്യത്തിൽ തൃശൂർ ഹൈവേയിൽ എച്ച്.ഡി.എഫ്.സി ബാങ്കിനെതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്നു ചെറിയ കുട്ടികളും ഭൂമാഫിയയിൽനിന്ന് അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത നൽകിയിരുന്നത്. നാലു ലക്ഷം രൂപ കുന്നംകുളത്തെ ത്യശൂർ ജില്ലാ സഹകരണ ബാങ്കിൽനിന്ന് ലോണെടുക്കാൻ ശ്രമിച്ച ബിന്നി വർഗിസിന്റെ കോടികൾ വില മതിക്കുന്ന കുന്നംകുളത്തെ വീടും സ്ഥലവും എറണാകുളം വൈറ്റിലയിലെ ഭൂമാഫിയക്കാരൻ രഘു കയ്യേറിയതിനെക്കുറിച്ചായിരുന്നു വാർത്ത.

ലോണിന്റെ പേപ്പറുകൾ ശരിയാക്കാനെന്ന വ്യാജേന ത്യശൂരിലെ രജിസ്ട്രാർ ഓഫീസിൽ നിന്ന് ഭൂമി രഘുവിന്റെ പേരിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. തൃശൂരിലെ ചിട്ടിക്കമ്പനിക്കാരൻ ടോംസ് തരകനായിരുന്നു ഇതിന് ഒത്താശ ചെയ്തത്. വീടും പറമ്പും തന്റെ പേരിലായെന്നും ഒഴിഞ്ഞു തരണമെന്നും പറഞ്ഞ് പലതവണ രഘുവിന്റെ ബന്ധുക്കൾ വീടാക്രമിച്ചു. രഘു വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്നും ഒന്നേ കാൽ കോടി രൂപയോളം അടയ്ക്കണമെന്നും പറഞ്ഞ് എസ്.ബി.ഐ ബ്രോഡ്‌വേ ശാഖയിൽ നിന്നുള്ളവരും ജപ്തി നടപടിക്കായി വന്നിരുന്നു. ഇപ്പോൾ ബാങ്ക് ലോൺ പിരിക്കാൻ ഏൽപ്പിച്ചെന്ന് പറയുന്ന ഒരു ഏജൻസിയും വീട് ഒഴിപ്പിക്കാൻ ഗുണ്ടകളുമായി വരുന്നുണ്ട്. രഘു പറയുന്നതു പോലെയാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. ഇപ്പോൾ നിത്യേനയെന്നോണം രഘുവിന്റെ ആളുകൾ ഫോണിലും മറ്റും വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. മറുനാടൻ മലയാളി മിനിയാന്ന് ഈ ഭൂമി മാഫിയയുടെ കഥ പുറത്തുകൊണ്ടു വന്നതിനു ശേഷം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ട്.

ഇന്നലെ രാവിലെ രഘുവിന്റെ മാനേജർ എന്നു പറയുന്ന സാബു വിളിച്ച് ഒരു കോടി രൂപ വാങ്ങി വീടൊഴിയാനും കേസ് കൊടുത്തിട്ടൊന്നും കാര്യമില്ല, ഏത് കോടതിയും ജഡ്ജിയുമായാലും അവരെയൊക്കെ സ്വാധീനിക്കാൻ രഘുവിന് കഴിവുണ്ടെന്നും പറഞ്ഞു. വീടും സ്ഥലവുമെല്ലാം രഘുവിന്റെ ഭാര്യ സുനിതയുടെ പേരിലാണെന്ന് സമ്മതിക്കണം, രഘുവും കൂട്ടരും വന്നാൽ വീട് തുറന്നു കാണിക്കണം... രഘുവിന്റേയും വീടൊഴിപ്പാൻ ശ്രമിക്കുന്ന ഏജൻസിയുടേയും ആവശ്യം ഇതൊക്കെയാണ്. ഇങ്ങനെ ചെയ്താൽ ഇതിന് പ്രതിന് പ്രതിഫലമായി രഘു ആറുമാസത്തിന് ശേഷം ബിന്നിക്കും സിനിക്കും ഒരു കോടി രൂപ പ്രതിഫലം നൽകുമെന്നുള്ളത രഘു എഴുതി തയ്യാറാക്കി നൽകിയ കരാർ ഇവരുടെ കൈവശമുണ്ട്. ഇതിൽ ഒപ്പിട്ടു നൽകണമെന്നതാണ് ഭീഷണി.

പ്രശ്‌നം തീർക്കാൻ ബിന്നി ഏൽപ്പിച്ച വക്കീലും 7 വർഷത്തോളം കേസ് നടത്തി കാലുമാറി. ബാങ്കുകാർ വീട്ടിൽ നിന്ന് ഒഴിപ്പിക്കാതിരിക്കാൻ വേണ്ടിയുള്ള കേസുകളായിരുന്നു. 7 വർഷമായി പത്ത് ലക്ഷത്തോളം രൂപ ഈ വക്കീൽ വാങ്ങിച്ചതായും ഏറ്റവും ഒടുവിൽ കോർട്ട് ഫീയായി വാങ്ങിയ 45,000 രൂപ കോടതിയിലടക്കാതെ കേസ് തള്ളുന്ന അവസ്ഥയുണ്ടായതായും സിനി പറഞ്ഞു. താലിമാല പണയം വച്ചാണ് 45000 രൂപ നൽകിയത്. രഘുവുമായി ഒത്തുതീരാനാണ് അയാളുടേയും നിർദ്ദേശം.

കുറച്ചുകാലം മുമ്പ് ബിന്നിയുടെ ഭാര്യ സിനിക്ക് വാഹനപകടത്തിൽ പരിക്കേറ്റ് ആറു മാസത്തിലേറെ അനങ്ങാൻ വയ്യാതെ കിടക്കുന്ന അവസ്ഥയുമുണ്ടായി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ യൂണിഫോമും മറ്റും വാങ്ങാനായി സ്‌കൂളിലേക്ക് പോകുമ്പോൾ ഓട്ടോയിൽ നിന്നിറങ്ങി നടക്കവെ ആ വണ്ടി പിന്നിലേക്ക് വന്ന് ശക്തിയായി ഇടിച്ചാണ് അപകടം. ഇടതു കാലിന്റെ രണ്ട് പ്രധാന എല്ലുകൾ പൊട്ടി. കുന്നംകുളത്തെ സർ്ക്കാർ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.

അപകടത്തിന് ഒരാഴ്‌ച്ച മുമ്പ് പ്രശ്‌നം തീർത്തില്ലെങ്കിൽ വച്ചേക്കില്ലെന്ന് പറഞ്ഞ് രഘു ഭീഷണിപ്പെടുത്തിയതായി സിനി പറഞ്ഞു. ഇപ്പോഴും ഇവരുടെ കാലുകൾ പൂർണമായും ശരിയായിട്ടില്ല.അതേസമയം രഘുവിനേയും ഭാര്യ സുനിതയേയും സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് കോടിയോളം വരുന്ന വിലയുള്ള ഭൂമി തട്ടിയെടുത്തതായുള്ള കേസിൽ രണ്ടുവർഷം മുമ്പ് ചാലക്കുടിക്കാരനായ പ്രിൻസിന്റെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്. ഈ കേസ് ഇരിങ്ങാലക്കുട കോടതിയിൽ നടന്നു വരുന്നതായി അറിയുന്നു. പ്രിൻസ് അന്നു കേസിൽ കക്ഷി ചേരാനും രഘുവിനെതിരെ കേസ് നൽകാനും ബിന്നിയെ വിളിച്ചെങ്കിലും തെറ്റിദ്ധാരണ മൂലം പോയില്ല. പിന്നിട് കഴിഞ്ഞ വർഷം ബിന്നി വർഗീസ് രഘുവിനെതിരെ റേഞ്ച് ഇൻസ്‌പേക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രഘുവും ഭാര്യ സുനിതയും ഉൾപ്പടെ ആറു പേർക്കെതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 31 ന് അന്നത്തെ കുന്നംകുളം എസ്.ഐ.സന്ദീപ് കെ.എസ് ആണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.ക്രൈം നമ്പർ 858/2014 പ്രകാരം 406,409,420,468/34യ വകുപ്പുകൾ പ്രകാരമാണ് കേസ് നിലവിലുള്ളത്. മുക്ത്യാർ വാങ്ങി ബിന്നിയെ ചതിച്ച് സ്ഥലം വിറ്റ ടോംസ് തരകനാണ് കേസിലെ ഒന്നാം പ്രതി.

പൊലിസ് എഫ്.ഐ.ആറിൽ ടോംസ് തരകൻ, കളപ്പുരക്കൽ ഹൗസ്, മേർലിൻ ഗാർഡൻ,നടത്തറ തൃശൂർ ആണ് ടോംസിന്റെ വിലാസം നൽകിയിട്ടുള്ളത്. രണ്ടാം പ്രതി സുനിത രഘു, കൊക്കുവായിൽ ഹൗസ്, പ്ലോട്ട് നമ്പർ, ജനതാ അമ്പാലിപ്പാടം റോഡ്, പഞ്ചവടിപ്പാലം, വൈറ്റില, എറണാകുളം, മൂന്നാം പ്രതി ജിനരാജന്റെ മകൻ രഘുവിനും ഭാര്യ സുനിതയുടെ മേൽവിലാസമാണ് എഫ്.ഐ.ആറിൽ ചേർത്തിട്ടുള്ളത്. കൂടാതെ കുന്നംകുളം സ്വദേശികളായ ബിജു മുല്ലാൻ, ജയ്‌സൺ തുടങ്ങി ആകെ ആറു പേർക്കെതിരെയാണ് കേസ് നിലവിൽ ഉള്ളത്. കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്. വീട് പൂട്ടി പുറത്തു പോയാൽ രഘുവിന്റെ ഗുണ്ടകൾ ഇടിച്ചു കയറി വീട് കൈവശപ്പെടുത്തുമെന്ന ഭീതിയിൽ പുറത്തു പോകാനും കഴിയാത്ത അവസ്ഥയാണ്.