കൊച്ചി: ആശിഷിന് ഇനി സ്‌കൂളിൽ പോകണമെങ്കിൽ ഒരു പക്ഷെ ഇനി സുമനസ്സുകൾ കനിയേണ്ടി വരും. ഭൂമാഫിയയുടെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിന്റെ മകനാണ് പതിമൂന്നുകാരനായ ആശിഷ്. കോടികൾ വിലമതിക്കുന്ന ആസ്തി നഗരമദ്ധ്യത്തിൽ ഉണ്ടായിട്ടും മകന്റെ ചികിത്സ ചെലവിനു പോലും ഗതിയില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. മറുനാടൻ മലയാളി വാർത്തകളെ തുടർന്ന് ബിന്നിയുടെ കുടുംബത്തിന്റെ സുരക്ഷ നാട്ടുകാർ ഏറ്റെടുത്തു. അതുകൊണ്ട് ആരേയും ഭയക്കാതെ വീട്ടിൽ താമസിക്കാം. എന്നാൽ നിയമകുടുക്കുകളുള്ളതിനാൽ തന്റെ ഭൂമി കൈമാറാനും മറ്റും പറ്റാത്ത അവസ്ഥയുമുണ്ട്. ഇതാണ് ആശിഷിന് ചികിൽസ ഒരുക്കാനുള്ള പണം കണ്ടെത്തുന്നതിലെ പ്രധാന തടസ്സം.

ഒരു വർഷമായി ആശിഷ് വീടിനുള്ളിൽ തന്നെയാണ്. ഗുരുവായൂർ ശ്രീക്യഷ്ണ സ്‌കൂളിൽ ഒമ്പതിൽ പഠിക്കുന്ന ആശിഷ് ഓട്ടോവിൽ പരീക്ഷ എഴുതാൻ മാത്രമാണ് ഒരു വർഷത്തിന്നിടെ സ്‌കൂളിൽ പോയിട്ടുള്ളു. പഠിത്തം ഉൾപ്പടെ കലാരംഗത്തും കഴിവ് തെളിയിച്ച് വരവെ കഴിഞ്ഞ വർഷം ഡിസംബറിൽ കാലു തെറ്റി ചെറുതായൊന്ന് വീണതോടെയാണ് ആശിഷിന് കഷ്ടകാലം തുടങ്ങിയത്. ചൈനീസ് ആയോധന കലയായ തൈകോണ്ടോയിൽ യെല്ലോ ബെൽറ്റും, ഗ്രീൻ ബെൽറ്റും കിട്ടിയിരുന്നു. ഗ്രീൻ വൺ ബെൽറ്റ് കിട്ടാനുള്ള പരിശീലനത്തിന് പോകവെ കാൽ തെറ്റി നിലത്ത് വീണതായിരുന്നു.പിന്നീട് പരിശീലനത്തിന് പങ്കെടുത്ത ശേഷമാണ് വേദന തുടങ്ങിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. പിന്നീട് ത്യശൂർ അമല അടക്കമുള്ള ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലം കിട്ടിയില്ല. ഇപ്പോൾ ഒരു വർഷമായി വീടിനുള്ളിൽ തന്നെയാണ് ആശിഷ്. സ്‌കൂളിലും നാട്ടിലും അറിയപ്പെടുന്ന കൊച്ചു കലാകാരൻ കൂടിയാണ് ഈ മിടുക്കൻ. നല്ല ഗായകൻ കൂടിയായ ആശിഷ് കർണാട്ടിക് സംഗീതം അഭ്യസിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും കച്ചേരി നടത്താൻ പോകാറുണ്ടായിരുന്നു. വയ്യാത്ത അവസ്ഥയിൽ പോലും ഇക്കഴിഞ്ഞ വിജയദശമിക്ക് കുന്നംകുളത്ത് അടുത്തുള്ള ഭട്ടിമുറി ദേവി ക്ഷേത്രത്തിൽ ആശിഷ് കച്ചേരി നടത്തിയിരുന്നു. കൂടാതെ നല്ലൊരു നർത്തകൻ കൂടിയാണ് ആശിഷ്.

ഭരതനാട്യം നിരവധി സ്‌റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രരചനയിലും കഴിവ് തെളിയിച്ചുണ്ട്. വാട്ടർ കളർ പെയിന്റിങ്ങ്, ഗ്ലാസ്സ് പെയിന്റിങ്ങ് എന്നിവയിൽ പല മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഭൂമാഫിയക്കാരൻ രഘുവും സംഘവും വീടൊഴിപ്പിക്കാൻ എത്തുമ്പോൾ ചിലപ്പോൾ ആശിഷ് മാത്രമുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴും നായ്ക്കളെ മുൻനിർത്തി മാഫിയയുടെ വീട് കയ്യേറാനുള്ള ശ്രമം ആഷിഷ് ചെറുത്തിട്ടുണ്ട്. കുന്നംകുളം നഗരമധ്യത്തിൽ ത്യശൂർ ഹൈവേയിൽ എസ്.എം.എൽ.ഫിനാൻസ്, ബി.ആർ.ഡി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നി സ്ഥാപനങ്ങളുടെ എതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്ന് ചെറിയ കുട്ടികളും ഭൂ മാഫിയയിൽ നിന്ന് അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചാണ് മറുനാടൻ വാർത്ത നൽകിയിരുന്നത്.

നാലു ലക്ഷം രൂപ കുന്നംകുളത്തെ ത്യശൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ലോണെടുക്കാൻ ശ്രമിച്ച ബിന്നി വർഗിസിന്റെ കോടികൾ വില മതിക്കുന്ന കുന്നംകുളത്തെ വീടും സ്ഥലവും എറണാകുളം വൈറ്റിലയിലെ ഭൂമാഫിയക്കാരൻ രഘു കയ്യേറിയതിനെ കുറിച്ചായിരുന്നു വാർത്ത. ലോണിന്റെ പേപ്പറുകൾ ശരിയാക്കാനെന്ന വ്യാജേന ത്യശൂരിലെ രജിസ്ട്രാർ ഓഫീസിൽ നിന്ന് ഭൂമി രഘുവിന്റെ പേരിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

ത്യശൂരിലെ ചി്ട്ടികമ്പനിക്കാരൻ ടോംസ് തരകനായിരുന്നു ഇതിന് ഒത്താശ ചെയ്തത്.. വീടും പറമ്പും തന്റെ പേരിലായെന്നും ഒഴിഞ്ഞു തരണമെന്നും പറഞ്ഞ് പലതവണ രഘുവിന്റെ ബന്ധുക്കൾ വീടാക്രമിച്ചു. രഘു വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്നും ഒന്നെ കാൽ കോടി രൂപയോളം അടക്കണമെന്നും പറഞ്ഞ് എസ്.ബി.ഐ ബ്രോഡ്‌വേ ശാഖയിൽ നിന്നുള്ളവരും ജപ്തി നടപടിക്കായി വന്നിരുന്നു. ഇപ്പോൾ ബാങ്ക് ലോൺ പിരിക്കാൻ ഏൽപ്പിച്ചെന്ന് പറയുന്ന ഒരു ഏജൻസിയും വീട് ഒഴിപ്പിക്കാൻ ഗുണ്ടകളുമായി വരുന്നുണ്ട്. രഘു പറയുന്ന പോലെയാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. നിത്യേനയെന്നോണം രഘുവിന്റെ ആളുകൾ ഫോണിലും മറ്റും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. മറുനാടൻ മലയാളി ഈ ഭൂമി മാഫിയയുടെ കഥ പുറത്തുകൊണ്ടു വന്നതിന് ശേഷം ഇതൊക്കെ അവസാനിച്ചു.

വാർത്ത വന്നതിനു ശേഷം കുന്നംകുളം എംഎ‍ൽഎ ബാബു ചാലിശ്ശേരിയും സിപിഐ(എം) പ്രവർത്തകരും ബിന്നിയുടെ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളും വിഷയത്തിൽ ഇടപ്പെട്ടിരുന്നു.എന്നാൽ സ്ഥലത്തെ പ്രമുഖ ഹോട്ടൽ നടത്തുന്ന ചിലരും മറ്റും സംഭവം ഒത്തു തീരാൻ ആവശ്യപ്പെട്ട് ഭൂമാഫിയക്കാരൻ രഘുവിന്റെ വക്കാലത്തുമായി സമീപിച്ചതായി ബിന്നി പറഞ്ഞു. കോടികൾ വില വരുന്ന സ്വത്തുക്കൾ രഘുവിന് ഒഴിഞ്ഞു കൊടുത്താൽ രഘു പറഞ്ഞ ഓഫറായ ഒരു കോടിയെന്നത് ഒന്നരക്കോടിയാക്കി വാങ്ങി തരാം എന്നതായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമി തട്ടിപ്പിന് കൂട്ടു നിന്ന കേസിലെ ഒന്നാം പ്രതിയായ ടോംസ് തരകൻ മരുനാടൻ വാർത്ത കണ്ട് ബിന്നിയെ ബന്ധപ്പെട്ടിരുന്നു.രഘുവിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട വീടും പറമ്പും തിരിച്ചു വാങ്ങി തരാമെന്നും രഘു ഇതിന് സമ്മതിച്ചതായും പറഞ്ഞാണ് വിളിച്ചത്.

പിന്നീട് രഘു ഇതിന് സമ്മതിക്കുന്നില്ലെന്നും ബിന്നിയുടെ കയ്യിൽ നിന്ന് മുക്ത്യാർ വാങ്ങിയത് സംബന്ധിച്ചും അതുപയോഗിച്ച് രഘു ചെയ്ത തട്ടിപ്പുകളെ കുറിച്ച് എഴുതി നൽകാം എന്നു പറഞ്ഞ് ബിന്നിയെ ഒരാഴ്‌ച്ചയോളം ത്യശൂർ ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു.വക്കീൽ വന്നിട്ടില്ല നാളെ നാളെ എന്നു പറഞ്ഞ് ഒരാഴ്‌ച്ചയോളം വിളിച്ചു വരുത്തി വക്കീൽ എഴുതിയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.നഗരത്തിലാണെങ്കിലും മുറ്റത്ത് കേൾക്കുന്ന ഒരു ചെറിയ കാലനക്കത്തിൽ പോലും ഭയന്ന് കഴിയുന്ന ഒരു കുടുംബം. ആരും കടന്നു വരാതിരിക്കാൻ കൊട്ടിയടച്ച വലിയ ഗേറ്റ്, ഗേറ്റിലൂടെ നോക്കിയാൽ അകത്തുള്ളതൊന്നും കാണാൻ കഴിയില്ല.വീട്ടിലേക്ക് വരണമെങ്കിൽ പരിചയക്കാരാണെങ്കിൽ ഫോണിലൂടെ വിളിച്ചു പറയണം.അല്ലാതെ ഗേറ്റ് തുറക്കില്ല.

ഗേറ്റ് തുറന്നാൽ വീട്ടിൽ ഉള്ളത് പത്ത് മുന്തിയ ഇനം നായ്ക്കളാണ്. പണത്തിന്റെ അഹങ്കാരത്തിലല്ല ഭൂമാഫിയക്കാരൻ രഘുവിന്റേയും ഗുണ്ടകളിൽ നിന്നു രക്ഷ നേടാനാണ് ഇവർ നായ്ക്കളെ വളർത്തുന്നത്, എന്ന് തുടങ്ങുന്ന കോടികൾ വിലമതിക്കുന്ന ബിന്നിവർഗീസിന്റെ സ്വന്തം വീടും പറമ്പും ഭൂമാഫിയക്കാരൻ രഘുവും സംഘവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന വാർത്ത മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഈ വീട്ടിൽ കഴിയുന്ന ബിന്നിയോടും ഭാര്യ സിനിയോടും 10 വർഷമായി വീടൊഴിപ്പിക്കാൻ നിരന്തര അക്രമങ്ങൾ രഘു നടത്തി വരികയായിരുന്നു. ഇതിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ മറുനാടൻ മലയാളി അന്വേഷണം നടത്തി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാർത്തകളാണ് കുന്നംകുളത്തുകാർ ഏറ്റെടുത്ത് ബിന്നിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കാൻ വഴികാട്ടിയായത്. രഘുവിനും ഗുണ്ടകൾക്കും പുറമെ ബാങ്കിന്റേതെന്ന് പറഞ്ഞ് ഒരു ഏജൻസിയും ഇവരുടെ വീടും പറമ്പും കയ്യടക്കാൻ ഗുണ്ടകളെ അയച്ചു കൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്.നായ്ക്കളുടെ കാലുകൾ തല്ലിയൊടിച്ചും വിഷം കൊടുത്തു കൊന്നും, പ്രതികാരം തീർക്കുന്ന അവസ്ഥയുമുണ്ട്. വാർത്ത വന്ന ദിവസവും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ മാഫിയ സംഘം ഇന്നലെ മുതൽ ജനകീയ പ്രതിരോധം വന്നപ്പോൾ നിശബ്ദതയിലാണ്.

പ്രശ്‌നങ്ങൾ ഉടൻ തീരുമെന്ന് കരുതി മകന്റെ ചികിത്സക്ക് കാത്തിരുന്ന ബിന്നിക്ക് ഇനി സുമനസ്സുകളുടെ സഹായമില്ലാതെ ആശിഷിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാനാകാത്ത സ്ഥിതിയാണ്. ആശിഷിന് പുറമെ മൂന്നിൽ പഠിക്കുന്ന ആശയും ഒന്നിൽ പഠിക്കുന്ന ആദിത്യയും മക്കളാണ്.