തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ വലിയ തോതിൽ നില നിൽക്കുന്നുണ്ട്. ഇടക്കാലത്തിന് ശേഷം വീണ്ടും ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിലവിലെ ന്യായവില മാർക്കറ്റ് വിലയേക്കാൾ അഞ്ചിരട്ടി എങ്കിലും കുറവാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് വീണ്ടും ന്യായവില വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. 10 മുതൽ 20 ശതമാനം വരെയെങ്കിലും വർധന ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് സർക്കാറിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്‌ട്രേഷൻ വകുപ്പിന്റെയും ശുപാർശയും ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. അങ്ങനെയെങ്കിൽ അടുത്തമാസം ഒന്നിനു പുതിയ ന്യായവില നിലവിൽ വരും. ന്യായവിലയുടെ അഞ്ചിരട്ടിയിലേറെയാണു ശരിക്കുള്ള ഭൂമിവിലയെന്നാണു മുൻപു സർക്കാർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്നു പല ഘട്ടങ്ങളിലായി ന്യായവില കൂട്ടി വിപണി വിലയ്‌ക്കൊപ്പം എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വർധന ഒഴിവാക്കി.

അന്നു വേണ്ടിയിരുന്ന 10% വർധന കൂടി ചേർത്ത് ഇപ്പോൾ 20% വരെ വർധിപ്പിക്കാമെന്ന ശുപാർശയാണു ധനവകുപ്പിനു ലഭിച്ചിരിക്കുന്നത്. ന്യായവില കൂടുന്നതോടെ ഭൂമിയിടപാടുകളും ഭൂമിവിലയും കുറയാനിടയുണ്ട്. 2010 ലാണ് സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയതു കാരണം 2010 ലെ വിലയുടെ 199.65 ശതമാനമായി ഇപ്പോൾ ആകെ വർധന. കണക്കുകൂട്ടാൻ എളുപ്പത്തിനായി ഇത് 200% ആയാണു ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

ന്യായവില വർധനയുടെ ഭാരം സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷൻ ഫീസിലുമാണു പ്രതിഫലിക്കുക. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്‌ട്രേഷൻ ഫീസുമായാണ് ഇപ്പോൾ ഈടാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നതു കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതു ശരാശരി 5% ആണ്. കേരളത്തിലും സ്റ്റാംപ് ഡ്യൂട്ടി 5 % ആയി കുറയ്ക്കണമെന്ന നിർദേശവും സർക്കാരിനു ലഭിച്ചിട്ടുണ്ട്. റജിസ്‌ട്രേഷൻ സമയത്തു നൽകേണ്ട ആധാരത്തിന്റെ പകർപ്പായ ഫയലിങ് ഷീറ്റ് ഓൺലൈനാക്കുക, എല്ലാ ആധാരങ്ങൾക്കും ഇസ്റ്റാംപിങ് ഏർപ്പെടുത്തുക എന്നീ പരിഷ്‌കാരങ്ങളും ഏപ്രിൽ 1 മുതൽ നടപ്പാക്കാൻ ആലോചനയുണ്ട്.

അതേസമയം കോവിഡ് പ്രതിസന്ധിക്കിടയിലും ഈ വർഷം ഭൂമി ഇടപാടിലൂടെ സർക്കാർ 144 കോടി രൂപ അധികം പിരിച്ചെടുത്തു. സ്റ്റാംപ് ഡ്യൂട്ടി, റജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ 3659 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഫെബ്രുവരി വരെ തന്നെ 3803 കോടി ലഭിച്ചു. ഏറ്റവും കുറച്ച് ആധാരങ്ങൾ രജിസ്റ്റർ ചെയ്ത ജില്ലകളിൽ രണ്ടാം സ്ഥാനത്തുള്ള ഇടുക്കി, വരുമാന വർധനയിൽ ഒന്നാമതെത്തി (134%). ഇടുക്കിയിൽ ഭൂമിവില വർധിക്കുന്നതിന്റെ സൂചനയാണിത്. ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 831 കോടി ലഭിച്ച എറണാകുളം ജില്ലയാണു വരുമാനത്തിൽ മുന്നിൽ.

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നികുതി വർധനക്ക് സംസ്ഥാന ബജറ്റിൽ നിർദേശമുണ്ടാകുമെന്നുമാണ് റിപ്പോട്ട്. കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ കഴിഞ്ഞ വർഷം നികുതി വർധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്താനാകില്ലെങ്കിലും മറ്റ് നികുതികളും നികുതിയേതര വരുമാനവും വർധിപ്പിക്കാൻ നടപടിയുണ്ടാകും. വെള്ളിയാഴ്ചയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ തന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുക.

ക്ഷേമ പെൻഷൻ വർധന, സാമൂഹിക ക്ഷേമത്തിന് മറ്റ് പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുന്നു. കാർഷിക-വ്യവസായ മേഖലകളിൽ കൂടുതൽ വരുമാനമുണ്ടാക്കാൻ നടപടി വന്നേക്കും. തൊഴിൽ രംഗത്ത് പുതിയ പദ്ധതികൾ വരും. ഭൂമിയുടെ ന്യായവില ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്. ന്യായവില 10 ശതമാനത്തിൽ കുറയാതെ വർധിച്ചേക്കും. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ധനമന്ത്രി സൂചന നൽകി. ചെലവ് നിയന്ത്രണത്തിന് കൂടുതൽ നടപടി വരും.

വരുമാന വർധന നടപടികൾ അനിവാര്യമെന്നാണ് ധനവകുപ്പ് നിലപാട്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതത്തിൽ ഇക്കൊല്ലം വൻ കുറവ് വരും. ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി നിലക്കും. കേന്ദ്ര വിഹിതത്തിൽ വൻ കുറവും വരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ ആഘാതം സൃഷ്ടിക്കും. കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഉപാധികളോടെ അനുവദിച്ച കടമെടുപ്പിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. നികുതി വർധന വരുമെങ്കിലും ജനങ്ങളുടെ ബിസിനസിനെയോ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലാകില്ലെന്നാണ് ധനവകുപ്പ് സൂചന നൽകുന്നത്.