കുമളി: ഭൂമി തട്ടിപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ നിരാശയിൽ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ നിരപരാധികളായ സഹോദരന്മാരെ ക്രൂരമായി വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപകപ്രതിഷേധമുയരുന്നു. കുമളി പൊലിസ് ചാർജ് ചെയ്ത കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളുടെ ചിത്രം സഹിതം കുമളി പൊലിസിനു തെളിവ് നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധമുയർത്തുന്നത്.  

കുമളി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അട്ടപ്പള്ളം തകിടിപ്പുറത്ത് ടി. സി ചാക്കോ (50), സഹോദരങ്ങളായ പീരുമേട് ബാറിലെ അഭിബാഷകൻ അഡ്വ. ഏബ്രഹാം (48), ബി. ജെ. പി കുമളി പഞ്ചായത്തു കമ്മിറ്റി വൈസ് പ്രസിഡന്റുകൂടിയായ ടി. സി തോമസ് (42)എന്നിവരെയാണ് മാരകമായി വെട്ടിപ്പരുക്കേൽപിച്ചത്. ഒരു മാസം മുമ്പുണ്ടായ സംഭവത്തിൽ പത്തുമുറി വിളക്കുന്നേൽ കുട്ടപ്പൻ എന്ന വി. ഡി മാത്യു, ഇയാളുടെ സഹായികളായ കല്ലമ്മാക്കൽ ബൈജു, ബൈജുവിന്റെ സഹോദരൻ ബിനീഷ് എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ക്വട്ടേഷൻ സംഘാംഗങ്ങളെ പിടികൂടുന്നതിൽ പൊലിസ് കാട്ടുന്ന അലംഭാവത്തിനെതിരെയാണ് ജനരോഷമുയരുന്നത്.

കുമളിയിലെ പ്രമുഖനായ മുരിക്കടി സ്വാമിയുടെ വക 1.30 ഏക്കർ സ്ഥലം തട്ടിയെടുക്കുന്നതിന് ചിലർ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് നിരപരാധികളായ സഹോദരങ്ങൾക്ക് വെട്ടേറ്റത്. മുരിക്കടി സ്വാമിയുടെ വക 1.30 ഏക്കർ സ്ഥലം മഠത്തിനാത്ത് അവറാച്ചൻ എന്നയാൾ 12 വർഷം മുമ്പ് വാങ്ങുന്നതിനായി അഡ്വാൻസ് തുക നൽകിയിയിരുന്നു. ഇയാൾ ഈ സ്ഥലം നോക്കി നടത്തുന്നതിന് അവറാച്ചന്റെ ബന്ധുക്കളായ സ്രാമ്പിക്കൽ കുടുംബാംഗങ്ങളെ ഏൽപിച്ചു. സ്ഥലം നോക്കിനടത്തുന്നതിനിടെ സ്രാമ്പിക്കൽ കുടുംബാംങ്ങൾ ഈ ഭൂമി വി. ഡി മാത്യുവിന് മറിച്ചുവിറ്റുവത്രേ. താൻ അഡ്വാൻസ് നൽകിയ ഭൂമി വിറ്റതറിഞ്ഞ് അവറാച്ചൻ സ്ഥലം നോക്കാൻ ഏൽപിച്ചവരായ ബന്ധുക്കളുടെ നടപടിയെ ചോദ്യം ചെയ്തു. തുടർന്നു ഭൂമി മറിച്ചു വിറ്റ ബന്ധുക്കൾ അവറാച്ചനെ മർദിക്കുകയും ഇത് പൊലിസ് കേസാക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തിന്റെ ബാക്കി തുക മുരിക്കടി സ്വാമിക്ക് നൽകുന്നതിൽനിന്ന് അവറാച്ചൻ പിന്മാറുകയും ചെയ്തു. ഭൂമിയിടപാട് സംബന്ധിച്ച് പീരുമേട് കോടതിയിൽ ഉടമ കേസ് നൽകുകയും പിന്നീട് അദാലത്തിൽവച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. രണ്ടു മാസത്തിനകം സ്ഥലത്തിന്റെ ബാക്കി തുക മുരിക്കടി സ്വാമിക്ക് നൽകണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും 12 വർഷം കഴിഞ്ഞിട്ടും നൽകിയില്ലെന്നു പറയുന്നു.

ഏതാനും മാസം മുമ്പ് മുരിക്കടി സ്വാമി മഠത്തിനാത്ത് അവറാച്ചന്റെ സമ്മതത്തോടെ ഈ ഭൂമി ഇപ്പോൾ അക്രമത്തിനിരയായവരുടെ ജ്യേഷ്ഠസഹോദരൻ ചെറിയാന് വിൽപന നടത്തിയിരുന്നു. അടുത്ത നാളിൽ വി. ഡി മാത്യുവും ഏബ്രഹാം എന്നയാളുമായി ഭൂമി സംബന്ധമായ തർക്കം അദാലത്തിലെത്തുകയും അദാലത്തിന്റെ നിർദ്ദേശപ്രകാരം സർവെ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. വി. ഡി മാത്യു ഉൾപ്പെടയുള്ളവർ 1.30 ഏക്കർ സ്ഥലത്ത് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർവെ കമ്മീഷൻ എത്തുന്നതറിഞ്ഞ് സ്ഥലത്തിന്റെ ഉടമയായ ചെറിയാന്റെ സഹോദരങ്ങളും എത്തി. കമ്മിഷൻ കൃത്യനിർവഹണത്തിനുശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് അറസ്റ്റിലായ പ്രതികളിലുൾപ്പെടുന്ന ബൈജു, ബിനീഷ് എന്നിവരും അവരോടൊപ്പമുണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളും ചേർന്ന് സ്ഥലത്തുനിന്നും നടന്നു നീങ്ങുകയായിരുന്ന സഹോദരങ്ങളെ വെട്ടിയത്. അക്രമത്തിൽ ചാക്കോയുടെ വയറിലും കൈക്കും മാരകമായ മുറിവേറ്റു. വയറിൽ 42 സ്റ്റിച്ചുകളുണ്ട്. ഒരു കൈയുടെ മുട്ടിനു താഴെ 90 ശതമാനം അറ്റുതൂങ്ങി. മറ്റു സഹോദരങ്ങളുടെ പരുക്കും മാരകമായിരുന്നു. സംഭവസ്ഥലത്തുനിന്നും സർവെ കമ്മിഷൻ വിവരം പൊലിസിൽ അറിയിക്കുകയും കമ്മിഷന്റെ നേതൃത്വത്തിൽ തന്നെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ ചാക്കോ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. കൃത്യം നടന്ന സ്ഥലത്ത് അപരിചിതരെ കണ്ട് മൊബൈൽ ഫോണിൽ എടുത്ത ചിത്രമാണ് പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സഹായിച്ചത്. പിടിയിലാകാനുള്ളവർ തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളാണെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവരുടെ ചിത്രങ്ങൾ സഹിതം കുമളി സി. ഐ എസ് അഷാദിന് വിവരങ്ങൾ കൈമാറിയെങ്കിലും ശേഷിക്കുന്ന രണ്ട് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് ക്വട്ടേഷൻ സംഘത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും പൊലിസ് അനങ്ങാത്തതിനെതിരെ ഉന്നത നീതിപീഠത്തേയും ഭരണകൂടത്തെയും സമീപിക്കാനൊരുങ്ങുകയാണ് പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾ. സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള പൊലിസ് ശ്രമത്തിനെതിരെയും വിമർശനം ശക്തമാണ്.